അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 290 ദിവസം

സര്‍വ്വശക്തനായ ദൈവത്തില്‍നിന്നു മണ്മയനായ മനുഷ്യനെ അകറ്റിക്കളയുവാന്‍ പിശാച് അതിവിദഗ്ദ്ധമായി മനുഷ്യനില്‍ പ്രയോഗിക്കുന്ന മാരകമായ ആയുധമാണ് ദുരാഗ്രഹം. മനസ്സിന്റെ ജാലകമായ കണ്ണുകളെ പ്രലോഭിപ്പിച്ച്, ജീവനത്തിന്റെ പ്രതാപത്തിനുവേണ്ടിയുള്ള അത്യാര്‍ത്തി ഉളവാക്കി, അതിലൂടെ ജഡിക മോഹങ്ങളെ അങ്കുരിപ്പിച്ച്, ദൈവത്തിനുവേണ്ടി വിളിക്കപ്പെട്ടവരും വേര്‍തിരിക്കപ്പെട്ടവരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരുമായ അനേക സഹോദരങ്ങളെ വീഴ്ത്തിക്കളയുന്നു. സാത്താന്‍ ഏദെന്‍തോട്ടംമുതല്‍ മനുഷ്യനെ ദൈവസന്നിധിയില്‍ നിന്നകറ്റിക്കളഞ്ഞത് ദുരാഗ്രഹം എന്ന ആയുധം ഉപയോഗിച്ചായിരുന്നു. ''വൃക്ഷഫലം കാണുവാന്‍ ഭംഗിയുള്ളത് '' എന്നു സ്ത്രീ ശ്രദ്ധിക്കുന്നത് പാമ്പ് ആ വൃക്ഷഫലത്തെ പ്രത്യേകമായി ചൂണ്ടിക്കാണിക്കുമ്പോഴാണ്. അവന്‍ അവളുടെ കണ്ണുകളെ അതിനായി മോഹിപ്പിച്ചു. അതു ഭക്ഷിച്ചാല്‍ ജ്ഞാനം പ്രാപിക്കുവാന്‍ കഴിയുമെന്നും അത് അവളുടെ ജഡത്തിന് അഥവാ ജീവിതത്തിന് അഭികാമ്യമാണെന്നുമുള്ള മോഹം അവളിലുളവാക്കി ദുരാഗ്രഹം സൃഷ്ടിച്ചു. അതു തിന്നുന്ന നാളില്‍ നന്മ തിന്മകളെ അറിഞ്ഞ് ദൈവത്തെപ്പോലെയാകുമെന്നു പറഞ്ഞപ്പോള്‍, ഈ പ്രപഞ്ചത്തെയും സര്‍വ്വചരാചരങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെപ്പോലെയായി, പ്രതാപത്തിന്റെ അത്യുച്ചകോടിയിലെത്തുവാന്‍ അതിയായി വാഞ്ഛിച്ച സ്ത്രീ ജഡത്തിന്റെയും കണ്ണുകളുടെയും ദുരാഗ്രഹത്താല്‍ വൃക്ഷഫലം തിന്നു (ഉല്‍പത്തി  3 : 6). ഒരു ചെറിയ വസ്തുവിലേക്ക് (വൃക്ഷഫലത്തിലേക്ക്) കണ്ണുകളുടെ ശ്രദ്ധയാകര്‍ഷിച്ച് ദുരാഗ്രഹം സൃഷ്ടിച്ച് വൃക്ഷഫലം ഭക്ഷിക്കുന്നതിലൂടെ ജീവിതത്തിലുണ്ടാകുന്ന അഭിവൃദ്ധി വര്‍ണ്ണിച്ച് അവളില്‍ ജഡത്തിന്റെ ദുരാഗ്രഹം വര്‍ദ്ധിപ്പിച്ച സാത്താന്‍ ദൈവത്തെപ്പോലെ ആകുന്നുമെന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ തനിക്കുണ്ടാകുവാന്‍പോകുന്ന പദവിയെക്കുറിച്ചോര്‍ത്ത് സ്ത്രീയില്‍ അഹന്ത ഉണ്ടായി. ഇന്നും ഇത്തരം പാപങ്ങള്‍തന്നെ ആത്മീയരെ വീഴ്ത്തുവാന്‍ സാത്താന്‍ ഉപയോഗിക്കുന്നു. 

                     ദൈവത്തിന്റെ പൈതലേ! ഒരു ചെറിയ കാര്യത്തിലേക്കോ വസ്തുവിലേക്കോ വ്യക്തിയിലേക്കോ നിന്റെ കണ്ണുകള്‍ ദുരാഗ്രഹത്തോടെ പതിയുമ്പോള്‍ സാത്താന്‍ അതിലൂടെ നിന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുമെന്നോര്‍ക്കുമോ? ഹവ്വായെയും ആഖാനെയും ദാവീദിനെയും വീഴ്ത്തിയ പാപങ്ങളാണ് ഇവയെന്നു നീ മനസ്സിലാക്കുമോ? ഈ പാപങ്ങളില്‍ വീഴാതെ, കൃപയാല്‍ നിന്നെ സൂക്ഷിക്കുവാന്‍ ഇപ്പോള്‍ നീ പ്രാര്‍ത്ഥിക്കുമോ? 

ഹൃദയത്തില്‍ നിന്‍ തിരുവചനം

ഞാന്‍ സംഗ്രഹിച്ചീടുന്നായതിനാല്‍

പാപത്തില്‍ വീഴാതെന്‍

പാതയെ കാത്തിടും തിരുവചനം                        ജീവന്റെ വചനം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com