അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

പ്രകാശത്തെ മനുഷ്യന്‍ തിരിച്ചറിയുന്നത് അവന്റെ കണ്ണുകളിലൂടെയാണ്. ആ പ്രകാശത്താല്‍ ലോകത്തില്‍ നടക്കുന്നതൊക്കെയും കണ്ട് അറിയുവാന്‍ അവനു കഴിയുന്നു. കണ്ണുകളെ ഉപയുക്തമാക്കിക്കൊണ്ടുള്ള കാഴ്ചകള്‍ മനുഷ്യവിചാരവികാരങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. ആത്മീയ ജീവിതത്തില്‍ കണ്ണിനുള്ള അമിത പ്രാധാന്യം നമ്മെ മനസ്സിലാക്കുവാന്‍ കണ്ണിനെ ശരീരത്തിന്റെ വിളക്കായിട്ടാണ് കര്‍ത്താവ് ഉപമിക്കുന്നത്. കണ്ണ് നല്ലതാകുന്നുവെങ്കില്‍, അഥവാ ശരീരത്തിലെ വിളക്ക് പ്രകാശം പരത്തുന്നുവെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശപൂരിതമായിരിക്കും. ലോകത്തിന്റെ വെളിച്ചമായ കര്‍ത്താവ് നമ്മില്‍ വസിക്കുമ്പോള്‍ മാത്രമേ നമ്മുടെ കണ്ണുകള്‍ക്ക് സ്‌നേഹത്തോടും സൗമ്യതയോടും ക്ഷമയോടും മനസ്സലിവോടുംകൂടി നമ്മുടെ സമസൃഷ്ടികളെ കാണുവാനും അവരെ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുവാനും കഴിയുകയുള്ളു. കേടുള്ള കണ്ണുകള്‍ക്ക് വെളിച്ചത്തെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. കര്‍ത്താവിനെ കാണുവാനും ആ വെളിച്ചത്തില്‍ വസിക്കുവാനും കഴിയാത്ത കണ്ണുകള്‍ പാപാന്ധകാരം നിറഞ്ഞതാണ്. ''വ്യഭിചാരാസക്തി നിറഞ്ഞ കണ്ണുകളുള്ള അവര്‍ക്ക് പാപത്തില്‍നിന്നു പിന്തിരിയുവാന്‍ കഴിയുന്നില്ല; ചഞ്ചലചിത്തരെ അവര്‍ വശീകരിക്കുന്നു; അത്യാഗ്രഹത്തില്‍ അഭ്യാസം തികഞ്ഞ ഹൃദയമുള്ള അവര്‍ ശപിക്കപ്പെട്ട സന്തതികളാകുന്നു'' (2 പത്രൊസ് 2 : 14) എന്ന് പത്രൊസ്ശ്ലീഹാ ചൂണ്ടിക്കാണിക്കുന്നു. ആത്മീയ ശുശ്രൂഷകള്‍ നയിക്കുന്ന ഇടയന്മാരും അവയില്‍ പങ്കെടുക്കുന്ന അജഗണങ്ങളും കാമാസക്തിയോടെ സ്ത്രീയെ നോക്കുന്നതുപോലും ഹൃദയത്തില്‍ ചെയ്യുന്ന വ്യഭിചാരമാണെന്നുള്ള കര്‍ത്താവിന്റെ മുന്നറിയിപ്പ് മ്ലേച്ഛത നിറഞ്ഞ ഇന്നത്തെ ആത്മീയലോകത്തിന് മാതൃകയാകണം. അതുകൊണ്ടാണ്, ''എന്നാല്‍ നിന്റെ വലങ്കണ്ണ് നിനക്ക് ഇടര്‍ച്ചവരുത്തുന്നുവെങ്കില്‍ അതിനെ ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക'' (മത്തായി 5 : 29) എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നത്.
സഹോദരാ! സഹോദരീ! കര്‍ത്താവ് നിനക്ക് തന്ന കണ്ണുകള്‍ നീ എങ്ങനെയാണ് ഉപയുക്തമാക്കുന്നത് ? നീ അവയെ രഹസ്യമായി ജഡിക മോഹങ്ങളെ താലോലിക്കുവാനും നിന്റെ സഹോദരങ്ങളെ അസൂയയോടും വെറുപ്പോടുംകൂടി വീക്ഷിക്കുവാനുമാണോ ഉപയുക്തമാക്കുന്നത് ? എങ്കില്‍ യേശു നിന്നില്‍ വസിച്ച്, ആ വെളിച്ചത്തില്‍ നിന്റെ കണ്ണുകളുടെ കേടു മാറ്റുവാന്‍ നീ പ്രാര്‍ത്ഥിക്കുമോ?
പാപം പെരുകുമീ ലോകസാഗരേ
നിന്‍ വെളിച്ചമായ് പോകുവാന്‍
ലോകത്തിന്‍ വെളിച്ചമായേഴയെ
അനുദിനം വഴി കാട്ടുക എന്‍ ദൈവമേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com