അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കുക എന്നതിന്റെ അര്‍ത്ഥം പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷപൂര്‍വ്വം ആരാധനകള്‍ നടത്തുക മാത്രമാണെന്ന് അനേക ക്രൈസ്തവ സഹോദരങ്ങള്‍ കരുതുന്നു. ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച്, പ്രത്യേക വേഷവിധാനങ്ങളോടുകൂടി ദൈവത്തിന്റെ വചനം തുകല്‍ച്ചുരുളുകളിലെഴുതി ശരീരത്തില്‍ ധരിച്ചുകൊണ്ടു നടന്ന പരീശന്മാരും, അവരുടെ പാര്‍ശ്വവര്‍ത്തികളായി പ്രവര്‍ത്തിച്ച ശാസ്ത്രിമാരും, ആചാരാനുഷ്ഠാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം കൊടുത്തിരുന്ന ഇടയന്മാരുമെല്ലാം തങ്ങള്‍ ദൈവത്തിനുവേണ്ടി വളരെയേറെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്നു കരുതിയിരുന്നവരാണ്. പക്ഷേ ''നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു'' എന്ന് അവരോടു പറയുന്ന യോഹന്നാന്‍സ്‌നാപകന്‍ അവരുടെ ഭക്തിയുടെ പൊള്ളത്തരത്തെ ചൂണ്ടിക്കാണിക്കുന്നു. വൃക്ഷങ്ങളുടെ ചുവട്ടില്‍ കോടാലി വച്ചിരിക്കുന്നത് ഫലങ്ങള്‍ പുറപ്പെടുവിക്കാത്തതുകൊണ്ടല്ല പ്രത്യുത, നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാത്തതിനാലാണ്. ആയതിനാല്‍ ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളുമായി പാപത്തിലൂടെയുള്ള ജീവിതമല്ല, ദൈവത്തിന് പ്രസാദകരമായിട്ടുള്ളത്. പിന്നെയോ ''മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്ക്കുവിന്‍'' (ലൂക്കൊസ് 3 : 8), അഥവാ പാപസ്വഭാവങ്ങള്‍ ഉപേക്ഷിച്ച് പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ദൈവസ്വഭാവത്തിലേക്കു വരുവാന്‍ യോഹന്നാന്‍സ്‌നാപകന്‍ ഉദ്‌ബോധിപ്പിക്കുന്നു. നമ്മുടെമേല്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് നമ്മെ വളര്‍ത്തുന്ന ദൈവം നമ്മില്‍നിന്ന് ദൈവസ്വഭാവത്തിന് അനുയോജ്യമായ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് മൂന്നു വര്‍ഷമായി ഫലം പുറപ്പെടുവിക്കാതിരുന്ന അത്തിവൃക്ഷത്തിന്റെ ഉപമയിലൂടെ കര്‍ത്താവ് വ്യക്തമാക്കുന്നു.
സഹോദരാ! സഹോദരീ! ആത്മീയമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന നീ ദൈവസ്വഭാവത്തിന് അനുയോജ്യമായ ഫലങ്ങളാണോ പുറപ്പെടുവിക്കുന്നത്? ദൈവം തിരഞ്ഞെടുത്ത തോട്ടത്തില്‍ നിന്നെ നട്ടു നനച്ചു വളര്‍ത്തിയത് അവനായി നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാനാണെന്ന് നീ ഓര്‍ക്കുമോ? താന്‍ നട്ടിരിക്കുന്ന തോട്ടത്തില്‍നിന്ന് ഫലം പുറപ്പെടുവിക്കാത്ത വൃക്ഷത്തെ, കരുണയില്ലാതെ അവന്‍ വെട്ടി, തീയിലിട്ടു ചുട്ടുകളയുമെന്ന് ഈ അവസരത്തില്‍ നീ മനസ്സിലാക്കുമോ?
പാപത്തില്‍ വീഴാതേഴയേ
എന്നും നടത്തേണമെന്നേശുവേ
എന്‍മൊഴികളും വഴികളുമെല്ലാം
അര്‍പ്പിക്കുന്നങ്ങേ സന്നിധേ ദൈവമേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com


