അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 286 ദിവസം

അപ്രതീക്ഷിതമായി ആപത്തനര്‍ത്ഥങ്ങളുടെ കൊടുങ്കാറ്റുകള്‍ ചുറ്റിയടിക്കുമ്പോള്‍ ദൈവത്തെ രുചിച്ചറിയുന്ന സഹോദരങ്ങള്‍പോലും ചില സന്ദര്‍ഭങ്ങളില്‍ പതറിപ്പോകാറുണ്ട്. ദൈവത്തോടു മുഖാമുഖം സംസാരിക്കുകയും ദൈവികദര്‍ശനങ്ങള്‍ അനുഭവമാക്കുകയും, ദൈവത്തിന്റെ ദൂതനുമായി മല്ലുപിടിച്ച് ജയിക്കുകയും ചെയ്ത യാക്കോബാണ് തന്റെ വാര്‍ദ്ധക്യത്തില്‍ ''സകലതും എനിക്കു പ്രതികൂലംതന്നെ'' എന്നു പ്രലപിക്കുന്നത്. കാരണം, താന്‍ വാത്സല്യത്തോടെ വളര്‍ത്തിയ യോസേഫിന്റെ നഷ്ടം സൃഷ്ടിച്ച മുറിവ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉണങ്ങാത്ത അവസ്ഥയില്‍ തന്റെ രണ്ടു മക്കള്‍കൂടി നഷ്ടപ്പെടുവാന്‍ പോകുന്നു എന്ന് യാക്കോബ് ഭയപ്പെട്ടു. ദേശത്ത് ക്ഷാമം, കഠിനമായപ്പോള്‍ യാക്കോബ്, ബെന്യാമീന്‍ ഒഴികെയുള്ള മറ്റു പുത്രന്മാരെ മിസ്രയീമില്‍നിന്നും ധാന്യം കൊണ്ടുവരുന്നതിന് അയച്ചു. മിസ്രയീമിന്റെ മേലധികാരി ആയിരുന്ന യോസേഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞതായി ഭാവിക്കാതെ അവര്‍ ഒറ്റുകാരല്ലെന്നു തെളിയിക്കുവാന്‍ അപ്പന്റെ അടുക്കല്‍ പാര്‍ക്കുന്ന സഹോദരനായ ബെന്യാമീനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. ബെന്യാമീനെ കൊണ്ടുവന്ന് തങ്ങളുടെ പരമാര്‍ത്ഥത തെളിയിക്കുന്നതുവരെയും ശിമെയോനെ കാരാഗൃഹത്തിലിടുവാന്‍ യോസേഫ് കല്പിച്ചു. ധാന്യവുമായി മടങ്ങിച്ചെന്ന് അവര്‍ യാക്കോബിനോട് സംഭവിച്ചതൊക്കെയും വിവരിക്കുമ്പോള്‍ യാക്കോബ് ''നിങ്ങള്‍ എന്നെ മക്കളില്ലാത്തവനാക്കുന്നു. യോസേഫ് ഇല്ല, ശിമെയോന്‍ ഇല്ല; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകും'' എന്ന് സങ്കടപ്പെടുന്നു. സകലതും പ്രതികൂലമെന്ന് യാക്കോബ് ധരിച്ചുവെങ്കിലും അവയൊക്കെയും ദൈവം തനിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചവയാണെന്ന് നാളുകള്‍ കഴിഞ്ഞ് യോസേഫിനെ കാണുവാന്‍ പുറപ്പെടുമ്പോള്‍ ദൈവംതന്നെ അവനോടു സംസാരിക്കുന്നു (ഉല്‍പത്തി  46 : 3) 

                         ദൈവപൈതലേ! നിന്റെ പല സ്വപ്‌നങ്ങളും തകര്‍ന്ന അവസ്ഥയില്‍, പ്രതീക്ഷകള്‍ പൂവണിയാതെ വാടിക്കരിഞ്ഞ അവസ്ഥയില്‍ സകലതും നിനക്കു പ്രതികൂലമാണെന്നുള്ള വേദനയോടുകൂടിയാണോ നീ ദൈവസന്നിധിയിലിരിക്കുന്നത് ? നിന്റെ ജീവിതയാത്രയില്‍ എല്ലാം പ്രതികൂലമായി എന്നു നീ പ്രത്യാശ നഷ്ടപ്പെട്ട് നിലവിളിക്കുമ്പോള്‍ സകലത്തേയും അനുകൂലമാക്കുവാന്‍ യാക്കോബിന്റെ ദൈവം നിനക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നു നീ ഓര്‍ക്കുമോ? അവന്‍ നിന്റെ സങ്കടങ്ങളെ സന്തോഷങ്ങളാക്കി മാറ്റുമെന്ന് നീ മനസ്സിലാക്കുമോ? 

പ്രതികൂലം പ്രതിസന്ധി പെരുകീടും നാള്‍കളില്‍

കര്‍ത്താവില്‍ സന്തോഷിക്കാം...

യേശു അനുകൂലമായ് വരുമേ

നമ്മെ ജയത്തോടെ നയിച്ചീടുവാന്‍...                 സന്തോഷിക്കാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com