അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരുന്നതുകൊണ്ട് അനുഗ്രഹങ്ങള്‍ കൊയ്‌തെടുത്ത വിശ്വസ്തരായ വിശ്വാസവീരന്മാരെ അനവധിയായി തിരുവചനത്തില്‍ കാണുവാന്‍ കഴിയും. മോശെയുടെ മരണത്തിനുശേഷം യിസ്രായേല്‍മക്കളെ കനാന്‍നാട്ടിലേക്കു നയിച്ച യോശുവ, തന്റെ നൂറ്റിപ്പത്താമത്തെ വയസ്സില്‍ ഇഹലോകവാസം വെടിയുന്നതിനുമുമ്പ് യിസ്രായേല്‍മക്കളോട് ഉദ്‌ബോധിപ്പിക്കുന്നത് അവര്‍ അന്നുവരെയും ചെയ്തതുപോലെ തുടര്‍ന്നും അവര്‍ക്ക് പാലും തേനും ഒഴുകുന്ന കനാന്‍ദേശം അവകാശമായി നല്‍കി പരിപാലിക്കുന്ന ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരിക്കുവാനാണ്. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും ദൈവത്തോടു പറ്റിനില്‍ക്കുന്നവനായിരുന്നു യോശുവ. കനാന്‍ദേശം ഒറ്റുനോക്കുവാന്‍ പോയ പന്ത്രണ്ടു പേരില്‍ പത്തു പേരും അവിടെ കണ്ട അനാക്യമല്ലന്മാര്‍ തങ്ങളെ വിഴുങ്ങിക്കളയുമെന്നു പറഞ്ഞ് ജനത്തെ മോശെയ്‌ക്കെതിരേ ഇളക്കിവിട്ടു. അപ്പോള്‍ യോശുവ ജനത്തിന്റെ എതിര്‍പ്പുകളെ വകവയ്ക്കാതെ ''നമ്മോടുകൂടെ യഹോവയുള്ളതുകൊണ്ട് അവരെ ഭയപ്പെടരുത് '' എന്നു പറഞ്ഞുകൊണ്ട് മോശെയോടു പറ്റിനിന്നു. മോശെയുടെ മരണാനന്തരം യിസ്രായേല്‍മക്കളെ കനാനിലേക്കു നയിക്കുമ്പോള്‍ മുമ്പിലുണ്ടായിരുന്ന കരകവിഞ്ഞൊഴുകുന്ന യോര്‍ദ്ദാന്‍നദിയോ തടസ്സമായിനിന്ന യെരീഹോമതിലോ ഒന്നും യോശുവയെ പരിഭ്രാന്തനാക്കിയില്ല. ''ഞാന്‍ മോശെയോടു കൂടെയിരുന്നതുപോലെ നിന്നോടും കൂടെയിരിക്കും'' എന്നു വാക്കുപറഞ്ഞ യഹോവയോടു യോശുവ പറ്റിനിന്നു. യിസ്രായേല്‍മക്കള്‍ ആരെ ആരാധിച്ചിരുന്നാലും ''ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ ആരാധിക്കും'' (യോശുവ 24 : 15) എന്നു പ്രഖ്യാപിച്ച യോശുവയോടു കൂടെയിരുന്ന ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. കനാനിലേക്കുള്ള പ്രയാണത്തില്‍ മുപ്പത്തിയൊന്നു രാജാക്കന്മാരെ കീഴടക്കുവാന്‍ സഹായിക്കുകയും യോശുവയുടെ വാക്കനുസരിച്ച് സൂര്യനെ ഗിബെയോനിലും ചന്ദ്രനെ അയ്യാലോന്‍താഴ്‌വരയിലും യഹോവ നിശ്ചലമായി നിര്‍ത്തുകയും ചെയ്തു.
ദൈവത്തിന്റെ പൈതലേ! നിന്റെ ആത്മീയയാത്രയില്‍ യോര്‍ദ്ദാന്‍നദിയും യെരീഹോമതിലും സൃഷ്ടിക്കുവാന്‍ പോകുന്ന പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും ഓര്‍ത്തു നീ പകച്ചു നില്‍ക്കുകയാണോ? എങ്കില്‍ ധൈര്യമായി മുമ്പോട്ടു ചുവടുകള്‍ വയ്ക്കൂ! യോശുവയോടു കൂടെയിരുന്ന ദൈവം നിന്നെ അത്ഭുതകരമായി വഴിനടത്തും!
മതിലുകള്‍ തകര്‍ത്തിടും
വെള്ളം പിളര്‍ന്നിടും
ജയക്കൊടി ഉയര്‍ത്തിടും
യഹോവയ്ക്കായ് മുന്നേറിടാം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com


