അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 284 ദിവസം

ദൈവവിശ്വാസികള്‍ എന്നു വിളിക്കപ്പെടുന്നവരും വിശേഷിപ്പിക്കപ്പെടുന്നവരുമായ അനേകര്‍ കാര്യസാദ്ധ്യങ്ങള്‍ക്കായും സ്വാര്‍ത്ഥലാഭങ്ങള്‍ക്കായും ലോകത്തിന്റെ പ്രഭുക്കന്മാരെ ആശ്രയിക്കാറുണ്ട്. ഇന്നത്തെ ലോകത്തില്‍ പ്രഭുക്കന്മാരായി വിരാജിക്കുന്നവര്‍ ധനവാന്മാര്‍ മാത്രമല്ല, രാഷ്ട്രീയത്തിലെ ഉന്നതന്മാരും സമൂഹത്തിലെ വമ്പന്മാരും ക്രൈസ്തവ സമൂഹത്തിലെ നേതാക്കന്മാരുമെല്ലാം പ്രഭുക്കന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരെന്ന് അഭിമാനിക്കുന്നവരുമായ അനേക സഹോദരങ്ങള്‍പോലും തങ്ങളുടെ നിലനില്പിനും കാര്യസാദ്ധ്യങ്ങള്‍ക്കുമായി ഇങ്ങനെയുള്ള ലോകത്തിന്റെ പ്രഭുക്കന്മാരെ ആശ്രയിക്കുകയും അവരുടെ പാദസേവകരായി തരം താഴുകയും ചെയ്യുന്നു. മനുഷ്യരില്‍ ആശ്രയം വയ്ക്കുന്നവരെ ദൈവം വെറുക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ദൈവത്തില്‍നിന്നു യാതൊന്നും ലഭിക്കുകയില്ല. മാത്രമല്ല, അവര്‍ക്ക് മനുഷ്യനില്‍നിന്നു ലഭിക്കുന്ന സഹായങ്ങള്‍ പരിമിതവുമായിരിക്കും. മനുഷ്യന്‍ എത്ര വലിയ പ്രഭുവായിരുന്നാലും അവന്‍ ഒരു ശ്വാസം മാത്രമാണെന്നും, തന്റെ ധനമോ മാനമോ പദവിയോകൊണ്ട് അവന് തന്റെ ശ്വാസത്തെ പിടിച്ചുനിര്‍ത്തുവാന്‍ കഴിയുകയില്ലെന്നും അവന്‍ മണ്ണിലേക്കുതന്നെ മടങ്ങിപ്പോകുന്നുവെന്നും സങ്കീര്‍ത്തനക്കാരന്‍ വ്യക്തമാക്കുന്നു. അവനോടൊപ്പം അവന്‍ കെട്ടിപ്പൊക്കിയ അവന്റെ നിരൂപണങ്ങളുടെ പളുങ്കുകൊട്ടാരങ്ങളും തകര്‍ന്നുപോകുന്നു. കാരണം ദൈവത്തെക്കാള്‍ അവന്‍ വിശ്വാസമര്‍പ്പിച്ചത് മനുഷ്യനിലാണ്. ആപത്തുകളുടെയും ആവശ്യങ്ങളുടെയും ആകുലതകളുടെയും നടുവില്‍ അത്യുന്നതനായ ദൈവത്തിലേക്ക് കണ്ണുകളുയര്‍ത്തുന്ന ഒരുവനു മാത്രമേ തന്റെ എല്ലാ ആവശ്യങ്ങളിലും ''യാക്കോബിന്റെ ദൈവം സഹായമായി'' എന്ന് സങ്കീര്‍ത്തനക്കാരനെപ്പോലെ സാക്ഷിക്കുവാന്‍ കഴിയൂ! 

                     സഹോദരാ! സഹോദരീ! ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നു പറയുന്ന നീ ദൈവത്തെക്കാള്‍ ഉപരിയായി ലോകത്തിന്റെ വിവിധ തുറകളിലുള്ള പ്രഭുക്കന്മാരെ ആശ്രയിക്കാറുണ്ടോ? ലോകത്തിന്റെ പ്രഭുക്കന്മാര്‍ എത്ര ഉന്നതന്മാരായിരുന്നാലും അവരുടെ സഹായമൊക്കെയും ഒരു ശ്വാസത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്ന് നീ മനസ്സിലാക്കുമോ? അവന്റെ മഹത്ത്വമെല്ലാം ഞൊടിയിടയില്‍ മണ്ണിലേക്കു പോകുന്നുവെന്ന് നീ ഓര്‍ക്കുമോ? എന്റെ ദൈവത്തിലല്ലാതെ സഹായിക്കുവാന്‍ കഴിയാത്ത മനുഷ്യനില്‍ ഇനി ഒരിക്കലും ഞാന്‍ ആശ്രയിക്കുകയില്ലെന്ന് ഈ സമയത്ത് നീ തീരുമാനിക്കുമോ? 

യേശു യേശു യേശു മാത്രം

യേശു എന്‍ ആശ്രയം യേശു മാത്രം

ഇന്നെലെയും ഇന്നും നാളെയും 

എന്നുമെന്‍ ആശ്രയം യേശു മാത്രം

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com