അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ആപത്തനര്‍ത്ഥങ്ങള്‍ ഒന്നൊന്നായി ഒരു മനുഷ്യനെ പിന്തുടരുമ്പോള്‍ അവന്റെ പാപംമൂലമാണ് ഇതൊക്കെയും ഭവിക്കുന്നതെന്നു വിധിയെഴുതുവാന്‍ നാം ഉത്സുകരാണ്. റോമിലേക്കുള്ള യാത്രയില്‍ ഈശാനമൂലന്‍ എന്ന കൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ തകര്‍ന്നപ്പോള്‍ പൗലൊസും കൂടെയുണ്ടായിരുന്ന ഇരുനൂറ്റി എഴുപത്തിയഞ്ച് സഹയാത്രികരും നീന്തിയും ചെറുപടകുകളില്‍ കയറിയും മെലിത്ത എന്ന ദ്വീപില്‍ എത്തിച്ചേര്‍ന്നു. വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലുമൊക്കെ പിന്നോക്കം നിന്നിരുന്ന ആ ദ്വീപിലെ ജനങ്ങള്‍, തണുത്തു വിറങ്ങലിച്ച് അവശരായി, തങ്ങളുടെ കരയ്ക്കടുത്ത പൗലൊസിനെയും സഹയാത്രികരെയും സ്വീകരിച്ച്, അവര്‍ക്കു ചൂടു നല്‍കുവാനായി തീ കൂട്ടി. ആ തീയുടെ ശക്തി വര്‍ദ്ധിപ്പിക്കുവാനായി പൗലൊസ് ചില കമ്പുകള്‍ പെറുക്കി തീയിലിടുമ്പോള്‍ പെട്ടെന്ന് ഒരു അണലി അവന്റെ കൈയില്‍ ചുറ്റി. കപ്പല്‍ച്ഛേദത്തില്‍നിന്നു രക്ഷപ്പെട്ടു കരയ്ക്കു വന്ന പൗലൊസിന്റെ കൈയില്‍ മാരക വിഷമുള്ള അണലി ചുറ്റുന്നതു കണ്ടപ്പോള്‍ അവന്‍ ഒരു കൊലപാതകി ആയിരിക്കുന്നതുകൊണ്ടാണ് തങ്ങളുടെ ദൈവമായ ''നീതിദേവി'' പൗലൊസിനെ ജീവിക്കുവാന്‍ അനുവദിക്കാത്തതെന്ന് ആ ദ്വീപുനിവാസികള്‍ പരസ്പരം പറഞ്ഞു. ആ പാമ്പിന്റെ മാരകമായ വിഷത്താല്‍ പൗലൊസിന്റെ വയറുവീര്‍ത്ത് ഉടനടി മരിക്കുമെന്ന് അവര്‍ കരുതി. എന്നാല്‍ അവന്‍ പാമ്പിനെ കുടഞ്ഞുകളഞ്ഞതും അവന് യാതൊന്നും സംഭവിക്കാതിരിക്കുന്നതും അജ്ഞാനികളും അപരിഷ്‌കൃതരുമായ ആ ദ്വീപുനിവാസികള്‍ കണ്ടപ്പോള്‍ അവര്‍ക്ക് അതിലൂടെ പൗലൊസ് ഉദ്‌ഘോഷിച്ച യേശുവിനെ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ആത്മീയ യാത്രയില്‍ ഒരു ദൈവപൈതലിന് ആപത്തനര്‍ത്ഥങ്ങള്‍ നേരിടുമ്പോള്‍ അത് ദൈവത്തിന്റെ ശിക്ഷയാണെന്ന് വിധിയെഴുതുന്ന ലോകം ദൈവത്തിന്റെ മഹത്ത്വം ദര്‍ശിക്കുന്നത് അവര്‍ അതിനെ വിജയകരമായി തരണംചെയ്യുമ്പോഴാണ്.
ദൈവത്തിന്റെ പൈതലേ! അനര്‍ത്ഥങ്ങള്‍ അനവധിയായി നിന്നെ പിന്തുടരുമ്പോള്‍ ലോകം നിന്റെ ആത്മീയതയെ ചോദ്യം ചെയ്‌തേക്കാം! അങ്ങനെയുള്ള അവസ്ഥകളില്‍ വാക്കുകൊണ്ടല്ല, പിന്നെയോ പൗലൊസിനെപ്പോലെ പ്രവൃത്തികള്‍കൊണ്ട് നീ ആരാധിക്കുന്ന യേശുവിന്റെ ശക്തിയും സവിശേഷതയും ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ കഴിയുമോ? ദൈവം നിന്നെ കഷ്ടതയിലൂടെ കടത്തിവിടുന്നത് തന്റെ നാമമഹത്ത്വത്തിനാണെന്നു നീ ഓര്‍ക്കുമോ?
നന്മ മാത്രം എന്നും നന്മ മാത്രം
തിന്മയായതൊന്നുമെന്‍ ദൈവം ചെയ്യുകയില്ല.
പരീക്ഷകള്‍ നേരിടുമ്പോള്‍ തിന്മയെന്നു തോന്നിടും
പരീക്ഷകള്‍ ജയിച്ചിടുമ്പോള്‍ നന്മകള്‍ തെളിഞ്ഞിടും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com