അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവരായിത്തീരുവാന്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ആ അനുഗ്രഹിക്കപ്പെട്ട അവസ്ഥയിലേക്ക് മനുഷ്യന് ഉയരുവാന്‍ കഴിയണമെങ്കില്‍ അവന്‍ യഹോവയില്‍ത്തന്നെ വിശ്വസിക്കുകയും യഹോവതന്നെ അവന്റെ പ്രത്യാശ ആയിരിക്കുകയും വേണമെന്ന് പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നു. യഹോവയ്‌ക്കൊപ്പം മറ്റു പലതിലും വിശ്വാസമര്‍പ്പിക്കുന്ന ഒരു വ്യക്തിക്ക് അവനില്‍നിന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ പ്രയാസമാണ്. നാം ദൈവത്തോടൊപ്പം മറ്റു പലതിലും വിശ്വാസമര്‍പ്പിക്കുമ്പോള്‍ യഹോവയാം ദൈവത്തിന് നമ്മുടെ ജീവിതത്തിലെ പരമോന്നതമായ സ്ഥാനം നഷ്ടമാകുന്നു. ''ഞാനല്ലാതെ അന്യദൈവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകരുത്'' എന്നരുളിച്ചെയ്ത ദൈവം, മനുഷ്യന്‍ തന്റെ സ്ഥാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ല. സര്‍വ്വശക്തനായ ദൈവത്തില്‍ സമ്പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരു വ്യക്തിക്കുമാത്രമേ ദൈവത്തില്‍ത്തന്നെ പ്രത്യാശവയ്ക്കുവാന്‍ കഴിയുകയുള്ളു. ദൈവത്തെ രുചിച്ചറിഞ്ഞിട്ടുള്ള സഹോദരങ്ങള്‍പ്പോലും ആവശ്യങ്ങളുടെയും അത്യാവശ്യങ്ങളുടെയും മുമ്പില്‍ മനുഷ്യനില്‍ വിശ്വാസമര്‍പ്പിച്ച്, അവന്റെ വാക്കില്‍ പ്രത്യാശവച്ച് മുന്നോട്ടു പോകാറുണ്ട്. അവര്‍ പ്രാര്‍ത്ഥിക്കുന്നവരാണ്, പക്ഷേ പലപ്പോഴും സ്വന്തം ബുദ്ധിയിലാശ്രയിച്ച് മനുഷ്യനില്‍ അഭയം തേടി മനുഷ്യനില്‍നിന്നു മറുപടികള്‍ പ്രതീക്ഷിക്കുന്നു. ''മനുഷ്യനില്‍ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ട് യഹോവയില്‍നിന്നു വിട്ടകലുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവനാകുന്നു'' (യിരെമ്യാവ് 17 : 5) എന്നാണ് പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നത്. ദൈവത്തെ ആശ്രയിക്കുകയും ദൈവംതന്നെ പ്രത്യാശയായിരിക്കുകയും ചെയ്യുന്ന മനുഷ്യജീവിതത്തില്‍ ദൈവത്തിന്റെ സ്ഥാനം പലതില്‍ ഒന്നല്ല. പ്രത്യുത ദൈവം അവന് സര്‍വ്വസ്വമാണ്... പരമോന്നതമാണ്...
സഹോദരാ! സഹോദരീ! ദൈവവിശ്വാസിയെന്ന് അഭിമാനിക്കുന്ന നീ ദൈവത്തില്‍ മാത്രമാണോ വിശ്വസിക്കുന്നത് ? മറ്റു പലതിനോടൊപ്പം ദൈവത്തിലും നിനക്കു പ്രത്യാശയുണ്ടെന്നു പറഞ്ഞാല്‍ നിന്റെ വിശ്വാസത്തെ ദൈവം അംഗീകരിക്കുകയില്ലെന്ന് നീ ഓര്‍ക്കുമോ? ഈ നിമിഷംമുതല്‍ ദൈവത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ചു, അവനില്‍ മാത്രം പ്രത്യാശവച്ച്, മുന്നോട്ടു പോകുകയുള്ളുവെന്നു നിനക്കു തീരുമാനിക്കുവാന്‍ കഴിയുമോ? ഈ നിമിഷംമുതല്‍ ദൈവത്തിന് നിന്റെ ജീവിതത്തില്‍ പരമോന്നതമായ സ്ഥാനം നല്‍കുവാന്‍ നിനക്കു കഴിയുമോ?
യഹോവ തന്നെ ദൈവം
യഹോവ നമ്മുടെ ദൈവം
യഹോവ നമ്മെ പരിപാലിക്കും
യഹോവ നമ്മെ സൂക്ഷിക്കും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com