അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 281 ദിവസം

ഹൃദയങ്ങളെയും ഹൃദയേന്ദ്രിയങ്ങളെയും ശോധന ചെയ്യുന്ന ദൈവത്തിന്റെ സന്നിധിയിലേക്ക് അനുഗ്രഹങ്ങള്‍ തേടി അനേകര്‍ കടന്നുവരുന്നത് ''ഞാന്‍ മദ്യപിക്കുന്നില്ല; വ്യഭിചാരം ചെയ്യുന്നില്ല; പള്ളിയില്‍ കൃത്യമായി പോകുന്നുണ്ട്; കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ട്, ഉപവാസ പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും പങ്കെടുത്തിട്ടുണ്ട് '' എന്നൊക്കെയുള്ള ന്യായീകരണങ്ങളുമായിട്ടാണ്. നിത്യജീവന്‍ പ്രാപിക്കുവാന്‍ താന്‍ എന്തു ചെയ്യണമെന്നാരാഞ്ഞുകൊണ്ട് കര്‍ത്താവിന്റെ അടുക്കല്‍ വന്നു മുട്ടികുത്തിയ ധനികനായ യുവാവിനോട് ''കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക'' എന്നീ കല്പനകള്‍ നീ അറിയുന്നുവല്ലോ എന്ന് കര്‍ത്താവ് പറഞ്ഞപ്പോള്‍ ഇവയൊക്കെയും ചെറുപ്പംമുതല്‍ താന്‍ അനുസരിച്ചുവരുന്നു എന്നാണ് അവന്‍ മറുപടി നല്‍കിയത് (മര്‍ക്കൊസ്  10 : 19, 20). അവന്‍ പറഞ്ഞത് പരമാര്‍ത്ഥമായിരുന്നതുകൊണ്ട് യേശു അവനെ സ്‌നേഹിച്ചു. ധനികനായ ഒരു യൗവനക്കാരനെ സംബന്ധിച്ചിടത്തോളം പ്രസ്തുത കല്പനകള്‍ അനുസരിച്ചിരുന്നത് അവന്റെ സ്വഭാവവൈശിഷ്ട്യത്തിന്റെ തെളിവായിരുന്നു. പക്ഷേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുവാന്‍ തടസ്സമായി നില്‍ക്കുന്ന ഒരു കുറവ് കര്‍ത്താവ് അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ''നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക; പിന്നെ വന്ന് എന്നെ അനുഗമിക്കുക'' എന്നരുളിച്ചെയ്തു. വളരെ സമ്പത്തുള്ള ആ യുവാവ് യേശുവിനെക്കാള്‍ കൂടുതലായി തന്റെ ധനത്തെ സ്‌നേഹിച്ചിരുന്നതുകൊണ്ട് വിഷാദിച്ച് യേശുവിനെ അനുഗമിക്കുവാന്‍ കഴിയാതെ കടന്നുപോയി. കാരണം അവന്റെ ജീവിതത്തിലെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ധനസമ്പാദനം മാത്രമായിരുന്നു. തനിക്ക് സുരക്ഷിതത്വവും സൗഭാഗ്യങ്ങളും നല്‍കുന്ന ധനത്തെ ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുവാന്‍ അവന്‍ തയ്യാറല്ലായിരുന്നു. 

                      സഹോദരാ! സഹോദരീ! ധനികനായ ആ ചെറുപ്പക്കാരനെപ്പോലെ നിന്റെ ജീവിതത്തിലുള്ള ചില ശ്രേഷ്ഠ സ്വഭാവങ്ങളെ മാത്രം സ്വയം നീതീകരണത്തിനായി ഉപയോഗിച്ചുകൊണ്ടാണോ നീ മുമ്പോട്ടുപോകുന്നത് ? യേശുവിനെ സമ്പൂര്‍ണ്ണമായി അനുഗമിക്കുവാന്‍ നിന്റെ ജീവിതത്തില്‍ തടസ്സമായി നില്‍ക്കുന്നതെന്താണെന്ന് പരിശോധിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? യേശു നിന്റെ കുറവുകള്‍ മനസ്സിലാക്കിത്തരുവാനായി നീ പ്രാര്‍ത്ഥിക്കുമോ? അവയെ ഉപേക്ഷിച്ച് നീ യേശുവിനെ അനുഗമിക്കുമെന്ന് ഈ നിമിഷത്തില്‍ തീരുമാനിക്കുമോ? 

പാപത്തിന്‍ പാത വിട്ടോടുവാനെന്നും നിന്‍ 

ആത്മാവിന്‍ ദാനങ്ങള്‍ നല്കീടണേ 

ജീവിതയാത്രയില്‍ നിന്‍ സാക്ഷ്യമായ് തീരുവാന്‍ 

കൃപകള്‍ നല്കുകെന്‍ ആത്മനാഥാ                            നാള്‍തോറു......

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com