അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തെ മറന്ന് പാപത്തിന്റെ പെരുവഴിയിലൂടെ ഓടുന്ന മനുഷ്യന് ദൈവത്തിന്റെ കോപത്തെക്കുറിച്ച് ബോധമില്ല. ദൈവത്തെ ഉപേക്ഷിച്ച്, അന്യദൈവങ്ങളെ ആരാധിക്കുകയും മ്ലേച്ഛതയില്‍ ജീവിക്കുകയും ചെയ്ത ദൈവജനത്തോട് യഹോവയുടെ ഉഗ്രകോപം അവരുടെമേല്‍ വരുന്നതിനുമുമ്പ് ദൈവസന്നിധിയില്‍ കൂടിവരുവാന്‍ മൂന്നു അദ്ധ്യായങ്ങളിലായി ഒതുങ്ങി നില്‍ക്കുന്ന 53 വാക്യങ്ങള്‍ മാത്രം അടങ്ങുന്ന പ്രവചനത്തിലൂടെ സെഫന്യാവ് ഉദ്‌ബോധിപ്പിക്കുന്നു. ദൈവത്തിന്റെ ക്രോധാഗ്‌നി അവരുടെമേല്‍ വരുന്നതിനുമുമ്പ്, ദൈവത്തിന്റെ കോപദിവസം ആഗതമാകുന്നതിനുമുമ്പ്, യെഹൂദാജനത്തോടു കൂടിവരുവാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നത്, ഉപവാസത്തോടും പ്രാര്‍ത്ഥനയോടുംകൂടി പരുക്കന്‍ വസ്ത്രം ധരിച്ച് ചാരത്തിലിരുന്ന് തങ്ങളുടെ പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ്, ഉപേക്ഷിച്ച്, ദൈവത്തിന്റെ കോപാഗ്‌നിയെ കെടുത്തിക്കളയുവാനാണ്. ദൈവത്തിന്റെ കോപദിവസത്തെ മാറ്റിക്കളയുവാന്‍ യഹോവയെയും അവന്റെ നീതിയെയും സൗമ്യതയെയും അന്വേഷിക്കുവാന്‍ പ്രവാചകന്‍ ജനത്തെ ആഹ്വാനം ചെയ്യുന്നു. യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയങ്ങളില്‍ യഹോവയല്ലാതെ മറ്റൊരു ദൈവവും ഉണ്ടാകരുത്. അവരുടെ ജീവിതത്തിലെ എല്ലാ അനീതിയും തുടച്ചുമാറ്റി നീതിയും ന്യായവും പ്രാവര്‍ത്തികമാക്കണം. സൗമ്യതയില്ലാത്ത ഒരുവന് ദൈവത്തെയോ അവന്റെ നീതിയെയോ തേടുവാന്‍ കഴിയുകയില്ല. എന്തെന്നാല്‍ അഹന്ത സൗമ്യതയെ വിഴുങ്ങിക്കളയുന്നു. ദൈവത്തിന്റെ ക്രോധദിവസത്തെ ഒഴിവാക്കുവാന്‍ സൗമ്യതയോടുകൂടി ദൈവത്തെ തേടി, നീതിയോടെ ജീവിക്കുവാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നു.
സഹോദരാ! സഹോദരീ! നീ ദൈവത്തെ മറന്നാണ് ജീവിക്കുന്നതെങ്കില്‍ നിന്റെ മുമ്പില്‍ ദൈവത്തിന്റെ ക്രോധദിവസം സമാഗതമാകുമെന്ന് നീ ഓര്‍ക്കുമോ? ദൈവം നിനക്കു തരുന്ന മുന്നറിയിപ്പുകളെ നീ മനസ്സിലാക്കുമോ? ദൈവത്തിന്റെ ഉഗ്രകോപം നിന്റെമേല്‍ വരുന്നതിനുമുമ്പ് ഉപവാസത്തോടും പ്രാര്‍ത്ഥനയോടും, അനുതാപത്തോടും നിന്റെ പാപങ്ങളെ ഉപേക്ഷിച്ച് നീ ദൈവസന്നിധിയിലേക്കു മടങ്ങിവരുമോ? എങ്കില്‍ അതു നിന്റെ വിടുതലിന്റെ ദിവസമായിരിക്കും..
ഉപവാസത്തോടും കരച്ചിലോടും നീ
ദൈവസന്നിധേ മടങ്ങിവന്നിടുമോ
ദൈവം കൃപയുള്ളവന്‍, മഹാദയയുള്ളവന്‍
അനര്‍ത്ഥമൊന്നും വരുത്താതെ, ദൈവം മനസ്സലിയും ഉപവസിക്കുമോ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com