അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 279 ദിവസം

ദൈവം ഔന്നത്യത്തിന്റെ പടവുകളിലേക്കുയര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന മനുഷ്യനെ പലപ്പോഴും കഷ്ടങ്ങളിലൂടെയാണ് അനുഗ്രഹങ്ങളുടെ ഉത്തുംഗശൃംഗങ്ങളിലെത്തിക്കുന്നത്. അനേക ജനത്തിന് ഗുണമാക്കിത്തീര്‍ക്കേണ്ടതിന് തന്നെ ദോഷത്തിലൂടെ കടത്തിവിട്ടു എന്ന് തന്റെ സഹോദരന്മാരോടു പറയുന്ന യോസേഫ് അതിന്റെ മഹത്തായ ഉദാഹരണമാണ്. യോസേഫിനോടുള്ള അസൂയ നിമിത്തം അവന്റെ സഹോദരന്മാര്‍ അവനെ വെള്ളമില്ലാത്ത പൊട്ടക്കുഴിയില്‍ ഇട്ടു. എന്നിട്ട് ഇരുപതു വെള്ളിക്കാശിന് അവര്‍ അവനെ യിശ്മായേല്യര്‍ക്കു വിറ്റുകളഞ്ഞു. അവര്‍ അവനെ ഫറവോന്റെ അകമ്പടിനായകനായ പോത്തീഫറിനു വിറ്റു. തന്നോടൊപ്പം പാപം ചെയ്യുവാനുള്ള പോത്തീഫറിന്റെ ഭാര്യയുടെ നിര്‍ബ്ബന്ധത്തെ നിരസിച്ചതിനാല്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് അവള്‍ അവനെ കാരാഗൃഹത്തിലടച്ചു. അവിടെയും യഹോവ അവനോടുകൂടെയിരുന്ന്, കാരാഗൃഹപ്രമാണിക്ക് അവനോട് ദയ തോന്നത്തക്കവണ്ണം ദൈവം അവനു കൃപ നല്‍കി. കാരാഗൃഹവാസം മാസങ്ങളും വര്‍ഷങ്ങളുമായി നീണ്ടുപോയപ്പോഴും യോസേഫിന് യഹോവയിലുള്ള വിശ്വാസവും പ്രത്യാശയും നഷ്ടമായില്ല. ഫറവോന്റെ സ്വപ്‌നം വ്യാഖ്യാനിക്കുവാനായി കുണ്ടറയില്‍നിന്ന് ഫറവോന്റെ കൊട്ടാരത്തിലെത്തിയ യോസേഫ് ഫറവോനോട്; ''ഞാനല്ല, ദൈവംതന്നെ ഫറവോനു ശുഭമായൊരു ഉത്തരം നല്‍കും'' (ഉല്‍പത്തി  41 : 16) എന്നു പറഞ്ഞു. സ്വപ്‌നം വ്യാഖ്യാനിച്ച യോസേഫിനെ ഫറവോന്‍ മിസ്രയീമിനൊക്കെയും മേലധികാരിയാക്കി. അതുകൊണ്ടാണ് കഠിനമായ ക്ഷാമത്തിന്റെ കെടുതിയില്‍ ധാന്യത്തിനായി യോസേഫിന്റെ അടുക്കല്‍ ചെന്ന സഹോദരങ്ങളോട് അവര്‍ നിരൂപിച്ച ദോഷത്തെ ദൈവം അനേക ജനത്തിനു ജീവരക്ഷ വരുത്തുവാന്‍ ഗുണമാക്കിത്തീര്‍ത്തു എന്നു പറയുന്നത്. 

                         ദൈവത്തിന്റെ പൈതലേ! കര്‍ത്താവിന്റെ വിളികേട്ട് അവനെ അനുസരിച്ചതുകൊണ്ട് നീ ഇന്ന് നിന്റെ സഹോദരങ്ങളുടേയും ബന്ധുമിത്രാദികളുടേയും വെറുപ്പിനും വിദ്വേഷത്തിനും പാത്രമായിരിക്കുന്നുവോ? സഹായിക്കുവാന്‍ ആരുമില്ലാതെ നീ ഇന്ന് ആക്ഷേപങ്ങളുടെയും ആരോപണങ്ങളുടെയും കാരാഗൃഹങ്ങളില്‍ അടയ്ക്കപ്പെട്ടിരിക്കുന്നുവോ? നീ നിരാശപ്പെടരുത്! നിന്നെത്തന്നെ കര്‍ത്താവില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കൂ! നിന്റെ ഉപനിധിയായ കര്‍ത്താവ് തക്ക സമയത്തു നിന്റെ കാരാഗൃഹം തുറക്കുവാന്‍ മതിയായവനാണെന്ന് നീ ഓര്‍മ്മിക്കുമോ? 

ബന്ധുമിത്രാദികളേവരും 

കൈവിടും വേഗമെന്നാകിലും

എന്നധിപതിയായ് തന്‍ വഴികളിലെന്നെ

അനുദിനം നടത്തിടുന്നു                               സ്‌തോത്രയാഗ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com