അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

നീതി നിഷേധിക്കപ്പെടുന്നവര്‍ക്കു നീതി ലഭിക്കുവാനാണ് വ്യവഹാരങ്ങള്‍ നടത്തപ്പെടുന്നത്. നിരാലംബരും നിരാശ്രയരുമായവരുടെമേല്‍ നടത്തപ്പെടുന്ന അന്യായത്തിനും അതിക്രമത്തിനും എതിരേ അവര്‍ക്കുവേണ്ടി വ്യവഹാരം നടത്തുവാന്‍ ലോകം മടിച്ചേക്കാം. എന്നാല്‍ ലോകത്തിന്റെ നിഷ്ഠൂരമായ പീഡനങ്ങളാല്‍ നീതിയും ന്യായവും നിഷേധിക്കപ്പെട്ട് തന്നോടു നിലവിളിക്കുന്ന തന്റെ ജനത്തിന്റെ വ്യവഹാരം താന്‍ നടത്തുകയും അവര്‍ക്കുവേണ്ടി പ്രതികാരം ചെയ്യുകയും ചെയ്യുമെന്ന് യഹോവയാം ദൈവം, നീണ്ട എഴുപതു സംവത്സരങ്ങള്‍ ക്രൂരമായ ബാബിലോണിയന്‍ അടിമത്തത്തിനു വിധേയരായ യിസ്രായേല്‍മക്കളോട് അരുളിച്ചെയ്യുന്നു. ഏഴു പതിറ്റാണ്ടുകള്‍ക്കുമുമ്പ് തന്റെ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ തന്റെ പ്രവാചകന്മാരെ കൊല്ലുകയും പീഡിപ്പിക്കുകയും നീതിയും ന്യായവും വിട്ട്, തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ച അവരെ ഭീകരമായ ബാബിലോണിയന്‍ നുകത്തിന്‍കീഴിലാക്കിയതും യഹോവയാം ദൈവമായിരുന്നു. തങ്ങള്‍ക്ക് ദൈവം നല്‍കിയ പാലും തേനും ഒഴുകുന്ന ദേശവും, ദൈവത്തിന്റെ അതിമനോഹരമായ ദൈവാലയവും ദൈവം അയച്ച നെബൂഖദ്‌നേസര്‍ ചാമ്പലാക്കി. അടിമകളായി ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുവന്ന അവര്‍ അടിമുടി തകര്‍ന്ന അവസ്ഥയില്‍ ''ബാബേല്‍നദികളുടെ തീരത്തിരുന്നു. സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി സീയോനെ ഓര്‍ത്തു കരയുവാന്‍'' മാത്രമേ കഴിയുമായിരുന്നുള്ളു. നീതിയുടെ ന്യായാധിപതിയായ ദൈവം അവരുടെ വ്യവഹാരം ഏറ്റെടുത്തു. പ്രതികാരം ചെയ്യുവാന്‍ കഴിവില്ലാതിരുന്ന തന്റെ ജനത്തിനുവേണ്ടി യഹോവ പ്രതികാരം ചെയ്തു. ആര്‍ക്കും കടക്കുവാന്‍ കഴിയുകയില്ലെന്നു കരുതിയിരുന്ന ബാബിലോണില്‍ മേദ്യസൈന്യം പ്രവേശിച്ച്, കല്‍ദയസാമ്രാജ്യം തകര്‍ത്തുകളഞ്ഞു. എഴുപതു സംവത്സരത്തെ അടിമത്തത്തില്‍നിന്നു യിസ്രായേല്‍മക്കള്‍ വിമോചിതരായി.
സഹോദരാ! സഹോദരീ! നിന്നോടു മറ്റുള്ളവര്‍ ചെയ്യുന്ന അന്യായങ്ങളുടെ അടിമത്തങ്ങള്‍ക്കെതിരേ ആരും വ്യവഹരിക്കുന്നില്ലല്ലോ എന്ന വേദനയോടുകൂടിയാണോ നീ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത് ? എങ്കില്‍ നിന്റെ വീഴ്ചകള്‍ സമ്മതിച്ചുകൊണ്ട് കണ്ണുനീരോടെ അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയില്‍ അഭയം തേടുവാന്‍ നിനക്കു കഴിയുമോ? നീ അവന്റെ പാദപീഠത്തില്‍ നിന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവന്‍ നിന്റെ വ്യവഹാരം ഏറ്റെടുക്കുമെന്നോര്‍ക്കുമോ?
ശത്രുവിന്റെ കോട്ടകള്‍ തകര്‍ത്തു നമ്മെ നയിച്ചിടും
സൈന്യങ്ങള്‍ തന്‍ യാഹിനെ ഘോഷിച്ചാനന്ദിച്ചിടാം ഹാലേലുയ്യാ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com