അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 277 ദിവസം

കടമകളുടെയും കടപ്പാടുകളുടെയും മുമ്പില്‍ നാം മറ്റുള്ളവര്‍ക്ക് ധനസഹായങ്ങള്‍ നല്‍കാറുണ്ട്. ദൈവത്തിന്റെ അഭിഷിക്തന്മാരെന്നും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ എന്നും സ്വയം വിശേഷിപ്പിക്കുന്ന പല സഹോദരങ്ങളും ഞെരുക്കത്തിലും ദാരിദ്ര്യത്തിലും യാതനയനുഭവിക്കുന്ന കൂട്ടുവിശ്വാസികളെ നിര്‍ല്ലോഭം സഹായിക്കുവാന്‍ വിമുഖതയുള്ളവരാണ്. അനേക വിശിഷ്ടമായ കൃപാവരങ്ങളുണ്ടെന്ന് അവകാശപ്പെടുന്നവര്‍പോലും ഇങ്ങനെയുള്ള സാധുക്കള്‍ക്ക് കടപ്പാടുകള്‍ തികയ്ക്കുവാന്‍വേണ്ടി മാത്രം എന്തെങ്കിലും വച്ചുനീട്ടുന്നവരാണ്. മക്കെദോന്യസഭകള്‍ യെരൂശലേമില്‍ കഷ്ടത്തിലും വേദനയിലും ദാരിദ്ര്യത്തിലും ആയിരുന്ന തങ്ങളുടെ കൂട്ടുവിശ്വാസികളുടെമേല്‍ ചൊരിഞ്ഞ മഹത്തായ ഔദാര്യം പരിശുദ്ധാത്മാനുഭവത്തില്‍ ജീവിക്കുന്ന സഹോദരങ്ങള്‍ മാതൃകയാക്കണം. അവര്‍ പ്രാപ്തിപോലെയും പ്രാപ്തിക്കുമീതേയും സ്വമേധയായി കൊടുത്തു എന്ന് അപ്പൊസ്തലനായ പൗലൊസ് സാക്ഷിക്കുന്നു. മക്കെദോന്യസഭയിലെ വിശ്വാസികള്‍ മഹാദാരിദ്ര്യത്തിലായിരുന്നിട്ടും നിര്‍ബ്ബന്ധമില്ലാതെയും സമ്മര്‍ദ്ദമില്ലാതെയും സ്വമേധയായി കൊടുക്കുകയായിരുന്നു. തങ്ങളുടെ ദാരിദ്ര്യവും കഷ്ടതയും വകവയ്ക്കാതെ തങ്ങളുടെ പ്രാപ്തിക്കനുസരിച്ചും പ്രാപ്തിക്കുപരിയായും മക്കെദോന്യസഭയിലെ സഹോദരങ്ങള്‍ മഹാസന്തോഷത്തോടെയാണ് കൊടുത്തതെന്ന് അപ്പൊസ്തലന്‍ കൊരിന്തിലെ വിശ്വാസികളെ അറിയിക്കുന്നു. അവരോടു കൃപകളെയും കൃപാവരങ്ങളെയും കുറിച്ച് പ്രബോധിപ്പിക്കുന്ന പൗലൊസ് മക്കെദോന്യസഭകള്‍ക്കു ലഭിച്ച ദൈവകൃപ ചൂണ്ടിക്കാണിക്കുന്നു. അത് അവര്‍ക്കു മാത്രം ലഭിച്ച കൃപാവരമായിരുന്നു... മഹാദാരിദ്ര്യത്തിലും പ്രാപ്തിപോലെയും പ്രാപ്തിക്കുമീതേയും ഔദാര്യമായി ദാനം ചെയ്യുന്നതിനുള്ള കൃപ. 

              ദൈവത്തിന്റെ പൈതലേ! നിന്നോടൊപ്പമിരുന്നു പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നിന്റെ കൂട്ടുവിശ്വാസിയുടെ ദാരിദ്ര്യത്തെക്കുറിച്ചോ അവന്റെ ആവശ്യങ്ങളെക്കുറിച്ചോ നിനക്കു ചിന്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? അങ്ങനെയുള്ള സഹോദരങ്ങള്‍ക്ക് നീ സമ്മര്‍ദ്ദമോ നിര്‍ബ്ബന്ധമോ ഇല്ലാതെ എന്തെങ്കിലും കൊടുത്തിട്ടുണ്ടോ? മക്കെദോന്യയിലെ വിശ്വാസികളെപ്പോലെ മഹാദാരിദ്ര്യത്തിലും പ്രാപ്തിപോലെയോ പ്രാപ്തിക്കുപരിയായോ മഹാസന്തോഷത്തോടെ കൊടുത്തു എന്നു നിനക്കു പറയുവാന്‍ കഴിയുമോ? 

സര്‍വ്വേശ്വരാ നിന്‍ വന്‍കൃപകളെ

സമൃദ്ധിയായ് നല്‍കി സാധുവേ

ഇന്നുമെന്നുമെന്നെ വഴിനടത്തിടും

ദൈവമേ നിനക്കു വന്ദനം                   എന്തു ഞാന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com