അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 276 ദിവസം

വളരെയേറെ പ്രാര്‍ത്ഥിച്ചിട്ടും പ്രയാസപ്രതിസന്ധികളുടെ താഴ്‌വാരങ്ങളിലൂടെയുള്ള യാത്ര നീണ്ടു നീണ്ടു പോകുമ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ട് ഫലമില്ലെന്നു പറയുന്നവരും ഈ പ്രതിസന്ധികളില്‍നിന്നു തങ്ങളെ രക്ഷിക്കുവാന്‍ ദൈവത്തിനുപോലും കഴിയുകയില്ലെന്നു പറയുന്നവരും അനേകരാണ്. എന്നാല്‍ എന്തുകൊണ്ട് ദൈവം തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കു മുമ്പില്‍ മൗനമായിരിക്കുന്നുവെന്ന് അധികമാരും ആരായാറില്ല. തങ്ങള്‍ അനേക പ്രാര്‍ത്ഥനകള്‍ കഴിച്ചിട്ടും താന്‍ മൗനമായിരിക്കുന്നുവെന്നു പരാതിപ്പെടുന്ന യിസ്രായേല്‍മക്കളോട് ദൈവം അതിനുള്ള കാരണം വിശദീകരിക്കുന്നു. അവരുടെ അകൃത്യങ്ങള്‍ അവരെ ദൈവത്തില്‍നിന്ന് അകറ്റിയിരിക്കുന്നു. അവരുടെ കൈകള്‍ അന്യായത്തിന്റെയും അതിക്രമത്തിന്റെയും രക്തംകൊണ്ടു മലിനമാക്കപ്പെട്ടിരിക്കുന്നു. സത്യമില്ലാതെ നീതികേടു പ്രവര്‍ത്തിക്കുന്ന അവര്‍ വ്യാജം സംസാരിക്കുകയും വ്യാജത്തില്‍ ആശ്രയിക്കുകയും ചെയ്യുന്നുവെന്ന് ദൈവം ചൂണ്ടിക്കാട്ടുന്നു. അവരുടെ കാല്‍ ദോഷത്തിലേക്ക് ഓടുകയും കൈകള്‍ കുറ്റമില്ലാത്ത രക്തം ചിന്തുവാന്‍ ബദ്ധപ്പെടുകയും ചെയ്യുന്നു. അവരുടെ ബഹുവിധമായ പാപങ്ങള്‍ അവരുടെ പ്രാര്‍ത്ഥനയെ ദൈവസന്നിധിയില്‍നിന്നു മറച്ചിരിക്കുന്നു. ''നിങ്ങള്‍ കൈ മലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണുകള്‍ നിങ്ങളില്‍നിന്ന് മറച്ചുകളയും. നിങ്ങള്‍ എത്രയധികം പ്രാര്‍ത്ഥനകള്‍ നടത്തിയാലും ഞാന്‍ കേള്‍ക്കുകയില്ല'' (യെശയ്യാവ്  1 : 15) എന്നരുളിച്ചെയ്യുന്ന ദൈവം പാപത്തെ സമ്പൂര്‍ണ്ണമായി ഉപേക്ഷിച്ച് അനുതാപത്തോടെ തന്റെ സന്നിധിയില്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കാണ് മറുപടി നല്‍കുന്നതെന്ന് വ്യക്തമാക്കുന്നു. എത്ര പ്രാര്‍ത്ഥിച്ചു, എവിടെ പ്രാര്‍ത്ഥിച്ചു എന്നതിനെക്കാളുപരി എങ്ങനെ പ്രാര്‍ത്ഥിക്കുന്നു എന്നതാണ് ദൈവം ശ്രദ്ധിക്കുന്നത്. 

                               സഹോദരാ! സഹോദരീ! നാളുകളായുള്ള നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തില്‍നിന്നു മറുപടിയില്ലെന്നുള്ള സങ്കടത്തോടെയാണോ നീ ഈ വരികള്‍ വായിക്കുന്നത്? നിന്നെ മുറുകെപ്പറ്റുന്ന ചില പാപങ്ങള്‍ നിന്റെ ജീവിതത്തില്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ നീ എത്ര പ്രാര്‍ത്ഥിച്ചാലും ദൈവം ഉത്തരമരുളുകയില്ലെന്നു നീ ഓര്‍ക്കുമോ? ഈ അവസരത്തില്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റുന്ന പാപങ്ങള്‍ കണ്ടെത്തി ഉപേക്ഷിച്ച് പ്രാര്‍ത്ഥിക്കുക. അപ്പോള്‍ കര്‍ത്താവ് നിനക്ക് ഉത്തരമരുളും. 

നിന്‍ പാപങ്ങള്‍ കടുംചുവപ്പായാലും

ഹിമം പോല്‍ വെള്ളയാക്കും 

യേശു ചിന്തിയ രക്തത്താല്‍ 

ശുദ്ധനായ് തീരുക നീ                                  ആശ്വാസമേശു...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com