അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 274 ദിവസം

വിനയമധുരമായി സംസാരിക്കുവാനും മൃദുവായി മറുപടി പറയുവാനും ഭവ്യതയോടെ പെരുമാറുവാനും കഴിയുന്നതുകൊണ്ട് തങ്ങള്‍ക്ക് അഹങ്കാരമില്ലെന്ന് കരുതുന്ന അനേക സഹോദരങ്ങളെ ആത്മീയലോകത്ത് കാണുവാന്‍ കഴിയും. ബാഹ്യപ്രകടനങ്ങളിലുള്ള അഹന്തയെക്കാള്‍ അപകടം നിറഞ്ഞതാണ് സൗമ്യതയുടെ രൂപഭാവമണിഞ്ഞ് ഹൃദയത്തില്‍ കുടികൊള്ളുന്ന അഹന്ത. അതുകൊണ്ടാണ് അത്യുന്നതനായ ദൈവം എപ്പോഴും മനുഷ്യന്റെ ഭക്തിയുടെ ബാഹ്യപ്രകടനങ്ങളെക്കാളും ആകാര സൗഷ്ഠവത്തെക്കാളും ഹൃദയത്തിന്റെ മനോഹാരിത നോക്കുന്നത്. ''മനുഷ്യന്‍ നോക്കുന്നതുപോലെയല്ല യഹോവ നോക്കുന്നത്; മനുഷ്യന്‍ ബാഹ്യമായതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു'' (1 ശമൂവേല്‍  16 : 7) എന്നു തന്റെ പ്രവാചകനോട് അരുളിച്ചെയ്യുന്ന ദൈവം ഹൃദയങ്ങളെ ശോധന ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു. അങ്ങനെ അഗോചരമായ മനുഷ്യന്റെ നിനവുകളിലെ അഹന്ത ദൈവം മനസ്സിലാക്കുന്നു. ഉന്നതമായ പര്‍വ്വതങ്ങളിലെ പാറപ്പിളര്‍പ്പുകളില്‍ പാര്‍ത്ത് അതിനെ പ്രതിരോധമാക്കിയിരുന്ന എദോമിനെ ശത്രുക്കള്‍ക്ക് ആക്രമിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങള്‍കൊണ്ട് ഉന്നതങ്ങളില്‍നിന്ന് തങ്ങളെ ആര്‍ക്കും തള്ളിയിടുവാന്‍ കഴിയുകയില്ലെന്ന് എദോം ഹൃദയത്തില്‍ പറഞ്ഞപ്പോള്‍ അവന്‍ ഉന്നതങ്ങളില്‍ നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവച്ചാലും അവിടെനിന്ന് അവനെ ഇറക്കുമെന്ന് യഹോവ അരുളിച്ചെയ്യുന്നു. ''ആര് എന്നെ നിലത്തു തള്ളിയിടും?'' എന്നു ഹൃദയത്തില്‍ നിഗളിച്ചതായിരുന്നു അവന്റെ വീഴ്ചയുടെ കാരണം. അനേകം ആത്മികര്‍ വീണുപോകുന്നത് അവരുടെ ഹൃദയത്തില്‍ രൂഢമൂലമായിരിക്കുന്ന അഹന്തകൊണ്ടാണ്. മനുഷ്യര്‍ക്ക് അത് അഗോചരമെങ്കിലും ദൈവത്തിന്റെ മുമ്പില്‍ അവ നഗ്‌നവും മലര്‍ന്നതും ആണ്. 

                      ദൈവത്തിന്റെ പൈതലേ! നിന്റെ സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം അഹങ്കാരം നിഴലിക്കാതെയിരിക്കുവാന്‍ നീ ശ്രദ്ധിക്കുന്നുണ്ടാവാം! മറ്റുള്ളവരെ അംഗീകരിക്കുവാനും ആദരിക്കുവാനും അവരുടെ അഭിപ്രായങ്ങളെ മാനിക്കുവാനും നിനക്കു കഴിയാതെ വരുന്നത് ദൈവം നിനക്കു എദോമിനെപ്പോലെ ഉയര്‍ച്ചയും സുരക്ഷിതത്വവും തന്നപ്പോള്‍ നിന്നിലങ്കുരിച്ച അഹന്തകൊണ്ടാണെന്ന് നീ ഓര്‍ക്കുമോ? നിന്റെ ഹൃദയത്തില്‍ കുടിയേറിയിരിക്കുന്ന അഹന്ത നിന്റെ വീഴ്ചയ്ക്കും താഴ്ചയ്ക്കും വഴിയൊരുക്കുമെന്ന് നീ മനസ്സിലാക്കുമോ? 

അഹന്തയാല്‍ ഞാനെന്‍ താതനെ

മറന്നു ഞാന്‍ ഓടിയെന്‍ പാതയില്‍ 

അനുസരിക്കാത്ത എന്‍ ചെയ്തികള്‍ 

ക്ഷമിക്കേണം എന്‍ കര്‍ത്തനേ

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com