അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 273 ദിവസം

മുമ്പോട്ടു പോകുവാന്‍ മാര്‍ഗ്ഗമില്ലാതെ ജീവിതം മുരടിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ വിശ്വാസികളെന്ന് അഭിമാനിക്കുന്ന സഹോദരങ്ങള്‍പോലും നിരാശയില്‍ വീണുപോകാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ യേശുവിന്റെ സന്നിധിയിലേക്കു കടന്നുചെല്ലുവാനോ തങ്ങളുടെ പ്രശ്‌നങ്ങള്‍ യേശുവിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുവാനോ പലര്‍ക്കും കഴിയാറില്ല. കാരണം യേശുവിനെ സമ്പൂര്‍ണ്ണമായി അനുസരിക്കുവാന്‍ അവര്‍ക്ക് മനസ്സില്ല. കര്‍ത്താവിനെ കാണുവാനും കര്‍ത്താവിന്റെ ഉപദേശം കേള്‍ക്കുവാനുമായി ദൈവാലയത്തിലേക്ക് കടന്നുചെന്ന മനുഷ്യന്‍ ഇങ്ങനെയുള്ള സഹോദരങ്ങള്‍ക്ക് മാതൃകയാവണം. പാരമ്പര്യം ഉദ്‌ഘോഷിക്കുന്നത് അവന്‍ ഒരു കല്പണിക്കാരനായിരുന്നു എന്നാണ്. വലതുകൈ ശോഷിച്ചുപോയ ആ മനുഷ്യന് ജോലി ചെയ്യുവാന്‍ നിവര്‍ത്തിയില്ലായിരുന്നു. യെഹൂദാസഭയിലെ പ്രമാണിമാരും പരീശന്മാരും കര്‍ത്താവിന്റെ അടുത്തേക്ക് ജനം പോകുന്നതിനെ നിരുത്സാഹപ്പെടുത്തുവാന്‍ ആവോളം ശ്രമിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലും അതൊന്നും വകവയ്ക്കാതെ തന്നെ കേള്‍ക്കുവാന്‍ കടന്നുവന്ന ശോഷിച്ച കൈയുള്ള ആ മനുഷ്യനെ കര്‍ത്താവ് ശ്രദ്ധിച്ചു. ജീവിതം മുരടിച്ച അവസ്ഥയിലായ ആ മനുഷ്യന്‍ തന്നോടു സൗഖ്യം ആവശ്യപ്പെടാതിരുന്നിട്ടും കര്‍ത്താവ് അവനോട് എഴുന്നേറ്റു നില്‍ക്കുവാന്‍ ആജ്ഞാപിച്ചു. ശാസ്ത്രിമാരും പരീശന്മാരുമൊക്കെ സന്നിഹിതരായിരുന്ന ആ ശബ്ബത്തില്‍ ശോഷിച്ച കൈയുള്ള മനുഷ്യന്‍ ഭവിഷ്യത്തുക്കള്‍ ഭയപ്പെടാതെ കര്‍ത്താവിന്റെ വാക്ക് അനുസരിച്ച് എഴുന്നേറ്റുനിന്നപ്പോള്‍ അവന്റെ കൈ നീട്ടുവാന്‍ കര്‍ത്താവ് കല്പിച്ചു. അവന്‍ തന്റെ ശോഷിച്ച കൈ നീട്ടിയപ്പോള്‍ അവനു സൗഖ്യം ലഭിച്ചു. 

                സഹോദരാ! സഹോദരീ! ജീവിതത്തിന്റെ മുരടിച്ച അവസ്ഥയില്‍ നിരാശപ്പെടാതെ കര്‍ത്താവിന്റെ സന്നിധിയിലണയുവാന്‍ നിനക്കു കഴിയുമോ? ഭവിഷ്യത്തുകള്‍ വകവയ്ക്കാതെ നീ കേള്‍ക്കുന്ന കര്‍ത്താവിന്റെ ശബ്ദത്തെ വിശ്വാസത്തോടെ അനുസരിക്കുവാന്‍ ഈ അവസരം നിനക്കു കഴിയുമോ? എങ്കില്‍ മുരടിച്ച നിന്റെ ജീവിതത്തിന് കര്‍ത്താവ് ഈ നിമിഷങ്ങളില്‍ത്തന്നെ പുതുജീവന്‍ പകരുമെന്ന് നീ മനസ്സിലാക്കുമോ? 

നിരാശരായ് തീരുന്നോരേ നിന്ദിതരായ് നീറുന്നോരേ

യേശുവിനെ നോക്കുവിന്‍ പാപത്തെ വിട്ടോടുവിന്‍

നിരാശയെല്ലാം നീക്കിടും യേശുവില്‍ സമര്‍പ്പിപ്പിന്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com