അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 272 ദിവസം

യേശുക്രിസ്തുവിന്റെ വിളി കേട്ടിറങ്ങിത്തിരിച്ചിരിക്കുന്ന അനേകര്‍ പരിശുദ്ധാത്മശക്തിയില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ സ്വന്തം കുടുംബങ്ങളിലും ഇടവകയിലും സഭയിലും സമൂഹത്തിലുമെല്ലാം നിന്ദിതരായിത്തീരുന്നു. പരിഹാസങ്ങളുടെയും അവഗണനകളുടെയും ഇടുങ്ങിയ പാതകളിലൂടെ മുമ്പോട്ടു പോകേണ്ടിവരുമ്പോള്‍, കഷ്ടങ്ങളും നഷ്ടങ്ങളും ആഞ്ഞടിക്കുമ്പോള്‍ പല സഹോദരങ്ങളും നിരാശപ്പെട്ടുപോകാറുണ്ട്. യേശുക്രിസ്തുവിനെ അനുഗമിച്ചതുകൊണ്ട് പരസ്യമായ പരിഹാസത്തിനും ക്രൂരമായ പീഡനത്തിനും വിധേയരായ ആദിമസഭയിലെ വിശ്വാസികള്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമുക്കു മാതൃകയാകണം. കര്‍ത്താവായ യേശുക്രിസ്തുവാണ് തങ്ങളുടെ രക്ഷിതാവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒന്നിനെയും ഭയപ്പെടാതെ മുന്നോട്ടിറങ്ങിയ അവരുടെ സ്വത്തുക്കള്‍ അപഹരിക്കപ്പെട്ടു. നിര്‍ദ്ധനരായ അവര്‍ സഭയില്‍നിന്നും സമൂഹത്തില്‍നിന്നും നിഷ്‌കാസിതരായി; പരസ്യമായി അധിക്ഷേപങ്ങള്‍ക്കു വിധേയരായി; ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടു; സമൂഹത്തില്‍ നിന്ദിക്കപ്പെട്ടു; എന്നാല്‍ അവര്‍ ആനന്ദത്തോടെ അതൊക്കെയും സഹിച്ചു മുന്നേറിയെന്ന് അപ്പൊസ്തലനായ പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം കര്‍ത്താവിനുവേണ്ടി ഇറങ്ങിത്തിരിച്ച് ധനവും മാനവും മഹിമയും നഷ്ടപ്പെട്ടു ജീവിതം ശൂന്യതയിലായിത്തീരുമ്പോഴും ''അതുകൊണ്ട് വലിയ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത് '' (എബ്രായര്‍  10 : 35) എന്ന് അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു. മാത്രമല്ല, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി ദൈവം നല്‍കുന്ന വാഗ്ദത്തങ്ങള്‍ പ്രാപിക്കുവാന്‍ ഇവയൊക്കെയും സഹിഷ്ണുതയോടെ വഹിക്കണമെന്നും വിശ്വാസികളെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

                    ദൈവത്തിന്റെ പൈതലേ! പരിശുദ്ധാത്മശക്തി പ്രാപിച്ച് യേശുവിനുവേണ്ടി സാക്ഷിയാകുന്നതുകൊണ്ട് നീ നിന്റെ ഭവനത്തിലും ഇടവകയിലും സ്‌നേഹസദസ്സുകളിലും അവഹേളിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണോ ഈ വരികള്‍ വായിക്കുന്നത് ? നേരിടുന്ന പരിഹാസങ്ങളെയും പീഡനങ്ങളെയുംകുറിച്ചുള്ള സങ്കടത്തോടെയാണോ നീ ഇപ്പോള്‍ ദൈവസന്നിധിയില്‍ ഇരിക്കുന്നത് ? എങ്കില്‍ ആത്മധൈര്യം കൈവിടാതെ, ആദിമസഭയിലെ വിശ്വാസികളെപ്പോലെ ആനന്ദത്തോടെ പ്രവര്‍ത്തിക്കുവാന്‍ നിനക്കു കഴിയുമോ? നീ പ്രിയംവച്ച കര്‍ത്താവ് നിന്റെ ചാരെയുണ്ടെന്നു നീ ഓര്‍ക്കുമോ? 

ആകുലങ്ങളാമയങ്ങള്‍ ആരോപണങ്ങളാല്‍

അപമാനഭാരങ്ങളേറിടുമ്പോള്‍

ആശ്വാസമായവന്‍ കൂടെയുണ്ട്

യേശു ആനന്ദമായെന്നെ വഴി നടത്തും                       ചാരേ ചാരേ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com