അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ആഡംബരനിബിഡങ്ങളായ ആരാധനകളാലും, ചെലവേറെയുള്ള നേര്‍ച്ചകാഴ്ചകളാലും, വര്‍ണ്ണശബളിമ നിറഞ്ഞുനില്‍ക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളാലും അത്യുന്നതനായ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഇന്നും പാപത്തിന്റെ പെരുവഴിയിലൂടെ ഓടുന്ന മനുഷ്യന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. തന്നെ ഉപേക്ഷിച്ച് പാപത്തിലും ദുഷ്പ്രവൃത്തിയിലും ജീവിക്കുന്ന യിസ്രായേല്‍മക്കളുടെ ഹനനയാഗങ്ങളിലും ഹോമയാഗങ്ങളിലും തനിക്കു മതിവന്നിരിക്കുന്നുവെന്ന് തന്റെ പ്രവാചകനിലൂടെ യഹോവയാം ദൈവം അരുളിച്ചെയ്യുന്നു. അനാഥനെയും വിധവയെയും പീഡിപ്പിച്ച്, തിന്മകളുടെ സമ്പാദ്യങ്ങളുപയോഗിച്ച് തനിക്കു കാഴ്ചകളര്‍പ്പിക്കുന്നതും തന്റെ സന്നിധിയില്‍ തന്നെ പ്രസാദിപ്പിക്കുവാന്‍ ധൂപങ്ങളര്‍പ്പിക്കുന്നതും താന്‍ വെറുക്കുന്നുവെന്ന് അരുളിച്ചെയ്യുന്ന ദൈവം തന്റെ നാമമഹത്ത്വത്തിനായി അവര്‍ ആഡംബരപൂര്‍വ്വം ആഘോഷിക്കുന്ന അമാവാസികളും ഉത്സവങ്ങളും സഹിച്ചു മടുത്തിരിക്കുന്നു എന്ന് അരുളിച്ചെയ്യുന്നു. നീതിയുടെ ന്യായാധിപതിയായ ദൈവത്തിന്റെ മഹത്ത്വത്തിനും മഹിമയ്ക്കുമായി നീതികേടു നിറഞ്ഞ ഉത്സവപ്രതീതിയുളവാക്കുന്ന ആഘോഷങ്ങള്‍ ദൈവത്തിന് അസഹ്യമാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാനെന്ന വ്യാജേന അന്യായവും അതിക്രമവുംകൊണ്ട് കള്ളത്തരങ്ങളാല്‍ അശരണരെയും അഗതികളെയും സാധുക്കളെയും കൊള്ളയടിച്ചു നടത്തുന്ന ആരാധനകളും പെരുന്നാളുകളും ദൈവം വെറുക്കുന്നു. അവരുടെ പ്രവൃത്തികളുടെ ദോഷത്തെ തന്റെ കണ്‍മുമ്പില്‍നിന്നു നീക്കിക്കളയുവാനും അവരെ കഴുകി വെടിപ്പാക്കുവാനും (യെശയ്യാവ് 1 : 16) ദൈവം അവരോടു കല്പിക്കുന്നു.
സഹോദരാ! സഹോദരീ! നീതികേടിന്റെയും അന്യായങ്ങളുടെയും സമ്പാദ്യങ്ങള്‍കൊണ്ട് ദൈവസന്നിധിയില്‍ സമര്‍പ്പക്കുന്ന നേര്‍ച്ചകാഴ്ചകള്‍ അനുഗ്രഹങ്ങളല്ല, പ്രത്യുത ദൈവകോപമാണ് വരുത്തിവയ്ക്കുന്നതെന്നു നീ ഓര്‍മ്മിക്കുമോ? ദൈവത്തെ മറന്നു ജീവിച്ചുകൊണ്ട് മനുഷ്യരുടെ മുമ്പില്‍ ആര്‍ഭാടപൂര്‍വ്വം നടത്തുന്ന ആരാധനകളും പെരുന്നാളുകളുമൊക്കെ ദൈവം വെറുക്കുന്നുവെന്ന് നീ മനസ്സിലാക്കുമോ? എത്രമാത്രം വിശുദ്ധിയോടെയാണ് ദൈവസന്നിധിയില്‍ നീ പ്രവര്‍ത്തിക്കുന്നതെന്നു ഇത്തരുണത്തില്‍ സ്വയം പരിശോധിക്കുമോ?
സത്യത്തിന്‍ സാക്ഷിയായ് നീതി പ്രവര്‍ത്തിപ്പാന്‍
വന്‍കൃപയാലെന്നും നിന്‍ സ്‌നേഹമേകണമേ സ്‌നേഹമാം നിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com