അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 270 ദിവസം

വിശുദ്ധനായ ദൈവം താന്‍ വിശുദ്ധനായിരിക്കുന്നതുപോലെ തന്റെ ജനവും വിശുദ്ധിയുള്ളവരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ തന്റെ വഴി വിട്ടു പാപത്തിലും വഷളത്തത്തിലും മ്ലേച്ഛതയിലും ജീവിച്ച് അശുദ്ധതയാല്‍ നിറയുമ്പോള്‍ ഓരോരുത്തരും വിശുദ്ധീകരിച്ച് തങ്കലേക്കു തിരിയുവാന്‍ ദൈവം അവരെ കഷ്ടതകളുടെയും വേദനകളുടെയും കഠിനമായ തീച്ചൂളകളിലൂടെ കടത്തിവിടുന്നു. ഭൂമിയില്‍നിന്നു ഖനനം ചെയ്‌തെടുക്കുന്ന വെള്ളി പലവിധ അശുദ്ധതകള്‍ നിറഞ്ഞതാണ്. അതിന്റെ അശുദ്ധത അഥവാ കിട്ടം വേര്‍തിരിച്ച് പരിശുദ്ധമായ വെള്ളി സംസ്‌കരിച്ചെടുക്കണമെങ്കില്‍, കിട്ടം നിറഞ്ഞ വെള്ളി വീണ്ടും വീണ്ടും ഉലയുടെ നടുവില്‍ തീയില്‍ ഇട്ട് ഉരുക്കണം അഥവാ ഊതിക്കഴിക്കണം. വീണ്ടും വീണ്ടും ഉരുക്കുമ്പോള്‍ അതിന്റെ അശുദ്ധതകള്‍ വേര്‍തിരിഞ്ഞ് വെള്ളിയുടെ ശോഭ വര്‍ദ്ധിക്കുന്നു. ഉരുക്കുന്ന വ്യക്തിയുടെ പ്രതിബിംബം ഉലയില്‍ ഉരുകുന്ന വെള്ളിയില്‍ കാണുന്നതുവരെയും വെള്ളി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുക്കിക്കൊണ്ടിരിക്കും. വെള്ളിയില്‍ ഒട്ടും അശുദ്ധതയില്ലാതായിത്തീരുമ്പോള്‍ അതിന്റെ മുമ്പിലുള്ള ഏതു വസ്തുവിന്റെയും പ്രതിബിംബം അതില്‍ തെളിയുന്നു. നാം സമ്പൂര്‍ണ്ണമായി ദൈവ സ്വഭാവത്തിന് അനുരൂപമാകുന്നതുവരെ കര്‍ത്താവ് നമ്മെ കഷ്ടനഷ്ടങ്ങളുടെ ഉലയില്‍ ഉരുക്കിക്കൊണ്ടിരിക്കും. കര്‍ത്താവിന്റെ പ്രതിബിംബം നമ്മിലൂടെ മറ്റുള്ളവര്‍ക്കു കാണുവാന്‍ കഴിയുന്നതുവരെയും ആ പ്രക്രിയ തുടരുന്നു. അങ്ങനെ വെള്ളി ശുദ്ധീകരിക്കുന്നതുപോലെ കഷ്ടങ്ങളുടെ തീച്ചൂളയിലൂടെ കടത്തിവിട്ട് ദൈവം തങ്ങളെ വിശുദ്ധീകരിച്ചിരിക്കുന്നു എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. 

                          സഹോദരാ! സഹോദരീ! വളരെയേറെ പ്രാര്‍ത്ഥിച്ചിട്ടും ദൈവം നിന്നെ കഷ്ടങ്ങളുടെ തീച്ചൂളയില്‍നിന്ന് എന്തുകൊണ്ട് വിടുവിക്കുന്നില്ലെന്ന് നീ ചിന്തിക്കാറില്ലേ? നിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുന്ന പാപങ്ങളാകുന്ന കിട്ടത്തെ സമ്പൂര്‍ണ്ണമായി നിന്നില്‍നിന്നുമകറ്റി നിന്നെ ശുദ്ധീകരിക്കുവാനാണ് വീണ്ടും വീണ്ടും യാതനയാലും വേദനയാലും നിന്നെ ഉരുക്കുന്നതെന്ന് നീ മനസ്സിലാക്കുമോ? നിന്നെ മുറുകെപ്പറ്റുന്ന പാപങ്ങള്‍ ഏതെന്ന് ഈ അവസരം നിനക്കു പരിശോധിക്കുവാന്‍ കഴിയുമോ? കര്‍ത്താവിന് തന്റെ പ്രതിബിംബം നിന്നില്‍ തെളിയണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു എന്ന് നീ ഓര്‍ക്കുമോ? 

കഴുകണമീ പാപിയെ എന്നേശുവേ

ശുദ്ധീകരിക്കണമേഴയേ നിന്‍ പുണ്യരക്തത്താല്‍                         പാപി ഞാന്‍....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com