അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവം സ്‌നേഹമാകുന്നു എന്ന് തന്റെ ഇഹലോകജീവിതത്തില്‍ക്കൂടി തെളിയിച്ച കര്‍ത്താവ് ''ഞാന്‍ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം സ്‌നേഹിക്കണം'' (യോഹന്നാന്‍ 15 : 12) എന്നു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. യേശുവിനെ അനുഗമിക്കുന്നവരോട് ഈ ദിവ്യസ്‌നേഹത്തില്‍ ജീവിക്കുവാന്‍ ശിഷ്യന്മാര്‍ ആഹ്വാനം ചെയ്തു. യേശുവിനെ അനുഗമിക്കുന്നവര്‍ അവന്റെ സ്‌നേഹത്തില്‍ ജീവിക്കേണ്ടതിന് അവരിലുണ്ടാകേണ്ട ചില മൂല്യങ്ങളെ അപ്പൊസ്തലനായ പത്രൊസ് ചൂണ്ടിക്കാണിക്കുന്നു. യേശുവിന്റെ സ്‌നേഹത്തിലേക്കു കടന്നുവരുന്നവര്‍ പരസ്പരം സഹോദരന്മാരെപ്പോലെ സ്‌നേഹിക്കണം. അവര്‍ അന്യോന്യം അനുകമ്പയും മനസ്സലിവുമുള്ളവരായിരിക്കണം. അവര്‍ക്ക് വിനീതമായ മനസ്സും അതോടൊപ്പം ദയാര്‍ദ്രമായ ഹൃദയവും ഉണ്ടായിരിക്കണമെന്നും വിശുദ്ധ പത്രൊസ് ഉദ്‌ബോധിപ്പിക്കുന്നു. സര്‍വ്വോപരി അവര്‍ ഏകമനസ്സ് ഉള്ളവരായിരിക്കണമെന്ന് അവരെ ഉപദേശിക്കുന്നു. ആദിമസഭയിലെ വിശ്വാസികള്‍ക്ക് ഈ സ്‌നേഹത്തില്‍ മുന്നേറുവാന്‍ കഴിഞ്ഞത് അവര്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞവരായിരുന്നതിനാലാണ്. കര്‍ത്താവിനോടൊപ്പം പരസ്യശുശ്രൂഷ ചെയ്യുമ്പോള്‍ത്തന്നെ തങ്ങളില്‍ ആരാണ് വലിയവന്‍ എന്ന വിവാദം ശിഷ്യരിലുണ്ടായി. എന്നാല്‍ പെന്തിക്കോസ്തു ദിവസം പരിശുദ്ധാത്മാവില്‍ നിറഞ്ഞ അവരില്‍ പിന്നീടൊരിക്കലും നേതൃസ്ഥാനത്തെക്കുറിച്ചുള്ള വിവാദമോ മറ്റു ഭിന്നതകളോ ഉണ്ടായില്ല. ക്രിസ്തുവിലാകുന്ന പുതിയ സൃഷ്ടികള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരായിരിക്കണം. അവര്‍ക്കു മാത്രമേ സ്വാര്‍ത്ഥതയില്ലാതെ സ്‌നേഹിക്കുവാനും പിറുപിറുപ്പില്ലാതെ സഹിക്കുവാനും സഹിഷ്ണുത കാണിക്കുവാനും സഹായിക്കുവാനും സഹതപിക്കുവാനും കഴിയുകയുള്ളു. അപ്പോള്‍ ഇന്നു ക്രൈസ്തവ സമൂഹത്തില്‍ പിശാച് സൃഷ്ടിക്കുന്ന വിരോധങ്ങളും വൈരാഗ്യങ്ങളും വ്യവഹാരങ്ങളും പുകപോലെ ചിതറിപ്പോകും.
ദൈവത്തിന്റെ പൈതലേ! പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നു എന്നഭിമാനിക്കുന്ന നിനക്ക് യേശുവിന്റെ സ്‌നേഹവും സഹതാപവും മനസ്സലിവും പ്രകടമാക്കുവാന്‍ കഴിയുന്നുണ്ടോ? ദിവ്യസ്‌നേഹത്തിന്റെ ഇതളുകള്‍ നിന്നില്‍ വിരിയുമ്പോഴാണ് അതു പരത്തുന്ന സുഗന്ധത്തിലൂടെ അനേകരെ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുന്നതെന്ന് നീ മനസ്സിലാക്കുമോ? യേശുവിന്റെ സ്‌നേഹം തുളുമ്പുന്ന ഒരു ഹൃദയം നിനക്കു നല്‍കണമേയെന്ന് ഈ അവസരം കര്‍ത്താവിനോടു നീ യാചിക്കുമോ?
തന്‍ കൃപയും കരുണയും എന്‍മേല്‍ ചൊരിയും
യഹോവയെ വാഴ്ത്തുക എന്‍ മനമേ
യഹോവയെ വാഴ്ത്തുക എന്‍ മനമേ ആശിഷമാരി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com