അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 268 ദിവസം

കഷ്ടങ്ങളും നഷ്ടങ്ങളും സഹിക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ലോകത്തിന്റെ ന്യായവാദങ്ങളുമായി ദൈവത്താല്‍ നയിക്കപ്പെടുന്നു എന്നു പ്രഖ്യാപിക്കുന്ന അനേകരും പലപ്പോഴും മാനുഷികമൂല്യങ്ങളും കടപ്പാടുകളും മറന്നുകളയാറുണ്ട്. കരുണാസമ്പന്നനും നീതിയുടെ ന്യായാധിപതിയുമായ ദൈവം അവരുടെ പ്രവൃത്തികളും പെരുമാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ ചിന്തിക്കാറില്ല. താന്‍ വിധവയും യൗവനക്കാരിയും മക്കളില്ലാത്തവളുമായിരിക്കെ, മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ മാതാവ് ഏകയായി സ്വദേശത്തേക്കു മടങ്ങുവാന്‍ ഒരുങ്ങുമ്പോള്‍, ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ട് വാര്‍ദ്ധക്യത്തിലെത്തിയ അവളോടൊപ്പം ഇറങ്ങിത്തിരിക്കുന്ന രൂത്ത് നമുക്കു മാതൃകയാകണം. മോവാബ്യസ്ത്രീയായ രൂത്ത് യഹോവയാം ദൈവത്തെ ആരാധിക്കുന്നവളല്ലായിരുന്നു. യുവതിയായ അവള്‍ തന്റെ ദേശംവിട്ട് അമ്മാവിയമ്മയോടൊപ്പം പോയാല്‍ മോവാബ്യസ്ത്രീയായ തനിക്ക് മറ്റൊരു ഭര്‍ത്താവിനെ ലഭിക്കുവാന്‍ പ്രയാസമാണെന്നറിയാമായിരുന്നു. തന്നോടൊപ്പമുണ്ടായിരുന്ന തന്റെ ഭര്‍ത്തൃസഹോദരന്റെ ഭാര്യയായ ഓര്‍പ്പ കണ്ണുനീരോടെ യാത്രപറഞ്ഞിട്ടും രൂത്ത് നൊവാമിയെ വിട്ടുപിരിയുവാന്‍ കൂട്ടാക്കിയില്ല. എല്ലാം നഷ്ടപ്പെട്ടവളായ തന്നോടൊപ്പം സ്വന്തം ഭാവിയെ അവഗണിച്ച് ഇറങ്ങിത്തിരിക്കുന്ന രൂത്തിനെ പിന്തിരിപ്പിക്കുവാന്‍ നൊവൊമിക്കു കഴിഞ്ഞില്ല. ആരുടെയും നിര്‍ബ്ബന്ധമില്ലാതെ, മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ മാതാവിനെ പരിചരിക്കുവാന്‍ സ്വയം ശൂന്യതയിലേക്ക് എടുത്തുചാടിയ രൂത്തിനെ കാരുണ്യവാനായ ദൈവം കാണുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മോവാബ്യസ്ത്രീയായ അവള്‍ക്ക് ബോവസിനെ വീണ്ടെടുപ്പുകാരനായി ഒരുക്കി, തകര്‍ന്നുപോയ അവളുടെ കുടുംബജീവിതം വീണ്ടും പടുത്തുയര്‍ത്തുവാന്‍ ദൈവം അവള്‍ക്ക് മുഖാന്തരമൊരുക്കി, മാത്രമല്ല, അത്യുന്നതനായ ദൈവം തന്റെ ഓമനപ്പുത്രന്റെ വംശാവലിയില്‍ അവള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്തു. 

                  ദൈവപൈതലേ! കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ച് ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും പകരേണ്ട സന്ദര്‍ഭങ്ങളില്‍ നീ ലോകത്തിന്റെ ന്യായവാദങ്ങളുമായി ഓടി ഒളിക്കാറുണ്ടോ? കുടുംബബന്ധങ്ങളില്‍ ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍, പിതാവ്, മാതാവ് തുടങ്ങിയ ബന്ധങ്ങളിലെല്ലാം നിന്റെ കടപ്പാടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ ഒരു ദൈവപൈതലെന്ന നിലയില്‍ നിനക്ക് ഉത്തരവാദിത്തമുണ്ടെന്ന് നീ ഓര്‍ക്കുമോ? 

അനുദിനമനവധി ആകുലവേളകള്‍

ആഗതമാകും നേരങ്ങളില്‍ 

യേശു യേശു 

നമ്മെ തളരാതെ നടത്തുവോന്‍ യേശു                           സമാധാനത്തിന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com