അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 267 ദിവസം

ബാഹ്യമായ ചില കര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തിയാല്‍ മാത്രമേ ക്രിസ്ത്യാനികള്‍പോലും രക്ഷിക്കപ്പെടുകയുള്ളുവെന്നു പറഞ്ഞ് ക്രൈസ്തവസഹോദരങ്ങളെ ആകര്‍ഷിക്കുന്ന ക്രൈസ്തവ ശുശ്രൂഷകള്‍ ഭൂമുഖത്ത് ഇന്ന് അനവധിയാണ്. തങ്ങളുടെ ബാഹ്യമായ കര്‍മ്മാനുഷ്ഠാനങ്ങള്‍ അംഗീകരിക്കാത്ത ക്രൈസ്തവസഹോദരങ്ങളെപ്പോലും വെറുക്കുകയും തങ്ങള്‍ മാത്രമാണ് ദൈവമക്കളെന്ന് അഭിമാനിക്കുകയും തങ്ങള്‍ക്കു മാത്രമാണ് പരിശുദ്ധാത്മാവ് ലഭിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യുന്ന സഹോദരങ്ങള്‍ക്ക് വിശുദ്ധ പൗലൊസ് നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. ക്രൈസ്തവ വിശ്വാസത്തിലേക്കു കടന്നുവന്നു പരിച്ഛേദനയേറ്റ യെഹൂദനും അതില്ലാതെ വന്ന വിജാതീയനും ശരീരത്തിന്റെ ഒരു അവയവത്തില്‍ ബാഹ്യമായി നടത്തപ്പെടുന്ന ആ പ്രക്രിയക്കു പ്രാധാന്യം നല്‍കുന്നതിനെക്കാളുപരി ശ്രദ്ധിക്കേണ്ടതും പ്രാധാന്യം നല്‍കേണ്ടതും പുതിയ സൃഷ്ടിയായിത്തീരുന്നതിനാണ്. ബാഹ്യമായി നടത്തപ്പെടുന്ന പരിച്ഛേദനയല്ല ഒരുവനെ പുതിയ സൃഷ്ടിയാക്കിത്തീര്‍ക്കുന്നത്. പ്രത്യുത അവന്റെ മനസ്സിന്റെയും ഹൃദയത്തിന്റെയും പരിവര്‍ത്തനമാണ്. പഴയ മനുഷ്യന്റെ സ്വഭാവത്തോടും വീക്ഷണത്തോടും മുമ്പോട്ടു പോകുന്നവരോട് ''ഈ ലോകത്തിന് അനുരൂപരാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍'' (റോമര്‍  12 : 2) എന്ന് അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു. ''അകമേ യെഹൂദനായവനത്രേ യെഹൂദന്‍; അക്ഷരത്തിലല്ല, ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന'' (റോമര്‍ 2 : 29) എന്ന് റോമിലെ വിശ്വാസികളെ ചൂണ്ടിക്കാണിക്കുന്ന പൗലൊസ് ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളെക്കാള്‍ പുതിയ സൃഷ്ടിയാകുന്നതാണ് പരമപ്രധാനമെന്ന് അവരെ മനസ്സിലാക്കുന്നു. 

                          സഹോദരാ! സഹോദരീ! ബാഹ്യമായ ചില കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് വിധേയമായതുകൊണ്ടും പ്രതിവാര ശുശ്രൂഷകള്‍ക്കു മുടക്കം കൂടാതെ ഹാജരായതുകൊണ്ടും ഒരു പുതിയ സൃഷ്ടിയാണെന്നുള്ള ധാരണയിലാണോ നീ മുമ്പോട്ടു പോകുന്നത്? നിന്റെ പ്രമാണങ്ങള്‍ക്ക് അനുയോജ്യമായ തിരുവചനമുദ്ധരിക്കുന്നതല്ല ''പുതിയ സൃഷ്ടി'' എന്നു നീ മനസ്സിലാക്കുമോ? പഴയ മനുഷ്യന്റെ സ്വഭാവങ്ങള്‍ ഇന്നും നിന്നില്‍ അവശേഷിക്കുന്നുവെങ്കില്‍ കര്‍മ്മാദികള്‍ക്കൊന്നും നിന്നെ പുതിയ സൃഷ്ടിയാക്കുവാന്‍ കഴിയുകയില്ലെന്നു നീ ഓര്‍ക്കുമോ? ക്രിസ്തുയേശുവില്‍ ആത്മാവിന്റെ പുതുക്കത്തോടെ ഇന്നുമുതല്‍ നീ ജീവിക്കുമോ? 

പുതു സൃഷ്ടിയായി തീര്‍ന്നു നിന്‍

നിത്യ ജീവന്‍ പ്രാപിപ്പാന്‍ 

എന്‍ പാപങ്ങള്‍ കഴുകേണമേ

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com