അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവം മനുഷ്യന് സാമ്പത്തിക സൗഭാഗ്യവും സഭയിലും സമൂഹത്തിലും സമുന്നതമായ സ്ഥാനമാനങ്ങളും കുഞ്ഞുങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസയോഗ്യതകളുമൊക്കെ നല്‍കി നേട്ടങ്ങളുടെ കോട്ടകള്‍ ഉന്നതങ്ങളില്‍ ഉറപ്പിക്കുമ്പോള്‍ അവനെ അവിടേക്കുയര്‍ത്തിയ ദൈവത്തെ അവന്‍ പലപ്പോഴും മറന്നുപോകുന്നു. മാത്രമല്ല താന്‍ കയറിപ്പറ്റിയ ഔന്നത്യങ്ങളില്‍നിന്ന് ആര്‍ക്കും തന്നെ തള്ളിയിടുവാന്‍ കഴിയുകയില്ലെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു. അത്യുന്നതനായ ദൈവം ബാബിലോണിനെ പ്രബലമാക്കിയപ്പോള്‍ അതു പ്രാചീനസാമ്രാജ്യങ്ങളിലെ ഏറ്റവും സുശക്തമായ രാജ്യമായിത്തീര്‍ന്നു. 350 അടി ഉയരവും 87 അടി വീതിയുമുള്ള പടുകൂറ്റന്‍ മതില്‍ക്കെട്ടും മതില്‍ക്കെട്ടിനു പുറത്ത് 350 അടി വീതിയും 87 അടി താഴ്ചയുമുള്ള ഒരു തോടും ബാബിലോണിനെ ചുറ്റിയിരുന്നു. ആഴവും വീതിയുമേറിയ തോടു കടക്കുവാന്‍ കഴിയുന്ന ശത്രുസൈന്യം പിന്നെ കടക്കേണ്ടിയിരുന്നത് പടുകൂറ്റന്‍ മതില്‍ക്കെട്ടായിരുന്നു. അങ്ങനെ ശത്രുസൈന്യങ്ങള്‍ക്ക് ഒരിക്കലും കയറിപ്പറ്റുവാന്‍ കഴിയാത്ത ഏറ്റവും സുരക്ഷിത പട്ടണമെന്ന ഖ്യാതി വര്‍ദ്ധിച്ചപ്പോള്‍ അവര്‍ ദൈവത്തെ മറന്നു. ആര്‍ക്കും തങ്ങളെ ആക്രമിക്കുവാനോ കീഴടക്കുവാനോ കഴിയുകയില്ലെന്ന് അവര്‍ അഹങ്കരിച്ചു. എന്നാല്‍ അവരുടെ കോട്ടകള്‍ ആകാശത്തോളം ഉയര്‍ന്നാലും വിനാശകന്മാരെ അതിലേക്ക് അയയ്ക്കുമെന്ന് യഹോവ അരുളിച്ചെയ്യുന്നു. മാത്രമല്ല അവരുടെ മതിലുകള്‍ ഇടിഞ്ഞും, വാതിലുകള്‍ തീപിടിച്ചു വെന്തുംപോകുമെന്ന് മുന്നറിയിപ്പു നല്‍കുന്നു. ആര്‍ക്കും കയറിപ്പറ്റുവാന്‍ കഴിയുകയില്ലെന്നു കരുതിയിരുന്ന ബാബിലോണില്‍ മേദ്യര്‍ കടന്ന് അതിനെ കീഴടക്കിയപ്പോള്‍ യഹോവയുടെ വചനം നിവൃത്തിയായി.
സഹോദരാ! സഹോദരീ! ധനംകൊണ്ടും മാനംകൊണ്ടും നീ കെട്ടിപ്പൊക്കിയ കോട്ടകളില്‍ നീ ദൈവത്തെ മറന്നാണോ മുമ്പോട്ടു പോകുന്നത് ? നിന്റെ ഔന്നത്യങ്ങളില്‍നിന്ന് ദൈവം നിന്നെ തള്ളിയിടുന്നതിനുമുമ്പ് നീ ദൈവത്തെ അന്വേഷിക്കുമോ? ദൈവം തന്ന അനുഗ്രഹങ്ങളില്‍ നീ ദൈവത്തെ മറന്നുപോയിട്ടുണ്ടെങ്കില്‍ ഈ സമയത്തുത്തന്നെ അവന്റെ അടുത്തേക്കു മടങ്ങിവരുവാന്‍ നിനക്കു കഴിയുമോ? നിന്റെ കോട്ടകള്‍ക്കു ഒരു ശ്വാസത്തിന്റെ വില മാത്രമേയുള്ളുവെന്ന് നീ ഓര്‍മ്മിക്കുമോ?
അനുദിനമനവരതം ചൊരിയും നിന്‍ നന്മകള്‍ക്കായ് സ്‌തോത്രം
ആശ്രിത വത്സലാ ആനന്ദദായക സ്‌തോത്രങ്ങള്‍ പാടിടുന്നേ.
സ്‌തോത്രമെന്നേശുവേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com