അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവവചനം കേള്‍ക്കുവാന്‍ കണ്‍വെന്‍ഷന്‍ പന്തലുകളിലും ദൈവാലയങ്ങളിലും അനേകായിരങ്ങള്‍ തടിച്ചുകൂടാറുണ്ട്. കേള്‍ക്കുന്ന വചനം ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ കഴിയാതെ മുമ്പോട്ടു പോകുന്നവര്‍ നേരിടേണ്ടിവരുന്ന അത്യാപത്തിനെക്കുറിച്ചു കര്‍ത്താവ് മുന്നറിയിപ്പു നല്‍കുകയാണ്. തന്റെ വചനം കേള്‍ക്കുകയും അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവന്‍ മണലിന്മേല്‍ വീടു പണിയുന്നവനോടു തുല്യനാണെന്ന് കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു. ഉറപ്പുള്ള അടിസ്ഥാനമില്ലാതെ മണലിന്‍മീതേ പടുത്തുയര്‍ത്തുന്ന വീട് കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ച് ബദ്ധപ്പാടോടെ കൂടുതല്‍ ചെലവഴിച്ച് പാറമേല്‍ പണിത വീടിനെപ്പോലെ കാഴ്ചയില്‍ ഭംഗിയുള്ളതായിരിക്കാം. സാധാരണ കാലാവസ്ഥയില്‍ രണ്ടു വീടുകള്‍ക്കും തമ്മിലുള്ള വ്യത്യസ്തതയെന്തെന്ന് കാണികള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ അവയുടെ ബലവും മനോഹരത്വവും സുരക്ഷിതത്വവും, കാറ്റും വന്മഴയും വെള്ളപ്പൊക്കവും വരുമ്പോള്‍ മാത്രമാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നതെന്ന് കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാനമില്ലാത്തതിനാല്‍ കാറ്റ് മണലിന്‍മീതേ പണിത വീടിനെ വീഴ്ത്തി; പെരുവെള്ളം അതിനെ ഒഴുക്കിക്കളഞ്ഞു. അതുപോലെ, ഭക്തിയുടെ മുഖംമൂടിയുമായി തന്നില്‍നിന്നും കേള്‍ക്കുന്ന വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കൂട്ടാക്കാത്തവര്‍, പ്രയാസങ്ങളുടെയും പരീക്ഷണങ്ങളുടെയും കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിക്കുമ്പോള്‍, മണലിന്മേല്‍ പടുത്തുയര്‍ത്തിയ വീടുപോലെ വീണുപോകുമെന്ന് കര്‍ത്താവ് മുന്നറിയിപ്പു നല്‍കുന്നു. തന്റെ വചനം ജീവിതത്തില്‍ അനുസരിക്കുന്നവരെയും പ്രാവര്‍ത്തികമാക്കുന്നവരെയും മനസ്സിലാക്കുവാന്‍ കഴിയുന്നത് പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും പോറലേല്ക്കാതെ പാറമേല്‍ പണിത വീടുപോലെ അവര്‍ നിലനില്‍ക്കുമ്പോഴാണെന്ന് കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു.
സഹോദരാ! സഹോദരീ! വചനം കേള്‍ക്കുവാനായി ആവേശത്തോടെ കടന്നുപോകുന്ന നിനക്ക്, കേള്‍ക്കുന്ന വചനം നിന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ദൈവം തന്റെ വചനത്തില്‍ക്കൂടി നിനക്കു മനസ്സിലാക്കിത്തരുന്ന കാര്യങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് അവന്റെ കൃപയിലും കാരുണ്യത്തിലും ദൈവം നിന്നെ പരിപാലിക്കുന്നതെന്ന് നീ ഓര്‍ക്കുമോ?
ദൈവവചനം മാധുര്യമേ
മാധുര്യമേ അതിമാധുര്യമേ
എന്‍ പാതയില്‍ പ്രകാശമാം
ദൈവ വചനമെന്നാശ്രയമേ നിന്‍ വചന...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com