അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഭീമാകാരമായ തന്റെ ദൗത്യങ്ങള്‍ക്കുവേണ്ടി യഹോവയാം ദൈവം തിരഞ്ഞെടുക്കുന്നത് സാധാരണ ജനങ്ങളെയാണ്. അവരില്‍ക്കൂടി അമാനുഷികവും അസാധാരണവുമായ തന്റെ ശക്തിയും മഹത്ത്വവും വെളിപ്പെടുത്തുവാനാണ് ലോകത്തിന്റെ മുമ്പില്‍ ഭോഷത്തമായതിനെ ദൈവം തിരഞ്ഞെടുക്കുന്നത്. യഹോവയ്ക്കു അനിഷ്ടമായതു പ്രവര്‍ത്തിച്ചതു നിമിത്തം ഏഴു സംവത്സരം മിദ്യാന്യരാല്‍ പീഡിപ്പിക്കപ്പെട്ട യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു. എങ്ങനെയാണ് അത്യുന്നതനായ ദൈവം അവരെ രക്ഷിക്കുവാന്‍ പോകുന്നതെന്ന് അവര്‍ക്ക് ഒരു രൂപവുമില്ലായിരുന്നു. യഹോവയുടെ ദൂതന്‍ ഗോതമ്പു മെതിച്ചുകൊണ്ടിരുന്ന ഗിദെയോനു പ്രത്യക്ഷനായി ''അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട് '' എന്നു പറഞ്ഞപ്പോള്‍ ഗിദെയോന്‍ ദൂതനോട് ''അയ്യോ യജമാനനേ, യഹോവ ഞങ്ങളോടുകൂടെ ഉണ്ടെങ്കില്‍ ഇതെല്ലാം ഞങ്ങള്‍ക്കു ഭവിക്കുന്നത് എന്തുകൊണ്ട് ?'' എന്നു ചോദിച്ചു. ആ ന്യായവാദം കേട്ടപ്പോള്‍ യഹോവ അവനെ നോക്കി ''നിന്റെ ഈ ബലത്തോടുകൂടി പോകുക; ഞാനല്ലയോ നിന്നെ അയയ്ക്കുന്നത് ?'' എന്ന് അരുളിച്ചെയ്തു. ഗിദെയോന് അതു വിശ്വസിക്കുവാന്‍ പ്രയാസമായിരുന്നു. ''മനശ്ശെയില്‍ എന്റെ കുലം ഏറ്റവും ദുര്‍ബ്ബലവും എന്റെ പിതൃഭവനത്തില്‍ ഞാന്‍ ഏറ്റവും നിസ്സാരനുമല്ലോ'' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുവാന്‍ ശ്രമിച്ച ഗിദെയോനോട് യഹോവ ''ഞാന്‍ നിന്നോടുകൂടെ ഇരിക്കും. നീ മിദ്യാന്യരെ ഒരൊറ്റ മനുഷ്യനെപ്പോലെ തോല്പിക്കും'' എന്നു കല്പിച്ചു. യഹോവ കല്പിച്ചതനുസരിച്ച് മണ്‍കുടവും അതിനുള്ളില്‍ പന്തവുമേന്തി മുന്നൂറു പേര്‍ ഗിദെയോനോടൊപ്പം മിദ്യാന്യപാളയത്തിലേക്കു കടന്നുചെന്ന് കാഹളം ഊതിയപ്പോള്‍ യഹോവ മിദ്യാന്യപാളയത്തിലൊക്കെയും ഓരോരുത്തന്റെ വാള്‍ താന്താന്റെ കൂട്ടുകാരനെതിരേ തിരിപ്പിച്ചു മിദ്യാന്യരെ നശിപ്പിച്ചു. ദൈവത്തിന്റെ വിളികേട്ട് ദൈവത്തില്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ച് ഇറങ്ങിത്തിരിച്ചതുകൊണ്ടാണ് മിദാന്യസൈന്യത്തെ തകര്‍ക്കുവാനും ദൈവജനത്തിന്റെ ന്യായാധിപന്‍ ആയിത്തീരുവാനും ഗിദെയോന് കഴിഞ്ഞത്.
ദൈവത്തിന്റെ പൈതലേ! മെതിക്കളത്തില്‍വച്ച് ദൈവത്തിന്റെ വിളി കേട്ടിറങ്ങിയ ഗിദെയോനെപ്പോലെ കര്‍ത്താവ് നിന്നെയും ഈ അവസരത്തില്‍ വിളിക്കുന്നു. ആ വിളി കേട്ട് അവന്റെ ദൗത്യമേറ്റെടുത്ത് സമ്പൂര്‍ണ്ണമായി അവനെ അനുസരിച്ചും വിശ്വസിച്ചും നിനക്കു കര്‍ത്താവിനായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമോ?
എന്റെ ദൈവത്താല്‍ അസാദ്ധ്യമല്ലൊന്നും
എന്റെ ദൈവത്താല്‍ സുസാദ്ധ്യമാണെല്ലാം
അസാദ്ധ്യമെന്നൊന്നില്ല സുസാദ്ധ്യമാണെല്ലാം
എന്റെ ദൈവം സര്‍വ്വശക്തനാം ദൈവം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com