അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യന്റെ സമ്പത്തും സൗന്ദര്യവും സ്ഥാനമാനങ്ങളും അവനു നല്‍കുന്ന മനോഹരത്വവും എന്നെന്നും നിലനില്‍ക്കുന്നതാണെന്ന ധാരണയില്‍ അനേകര്‍ ദൈവത്തില്‍ ആശ്രയമോ അഭയമോ ഇല്ലാതെ ജീവിക്കുന്നു. അവന്റെ നേട്ടങ്ങളും യോഗ്യതകളും, ശ്രേഷ്ഠമായ പദവിയുമൊക്കെ അവനു നല്‍കുന്ന ഭംഗി ''പുല്ലിന്റെ പൂവ് '' പോലെ മാത്രം ആകുന്നുവെന്ന് പത്രൊസ്ശ്ലീഹാ ചൂണ്ടിക്കാണിക്കുന്നു. അനേക ചെടികളും സസ്യങ്ങളും ഫലവൃക്ഷാദികളുമൊക്കെ വളരുന്ന ഭൂമിയിലെ ഏറ്റവും ബലഹീനത നിറഞ്ഞ സസ്യങ്ങളിലൊന്നാണ് പുല്ല്. ഏതു നേരത്തും മനുഷ്യന്റെയും മൃഗങ്ങളുടെയും, മാത്രമല്ല, ഭൂമിയുടെ പ്രതലത്തിലൂടെ പോകുന്ന ഏതൊന്നിന്റെയും അടിയില്‍പ്പെട്ടു ഞെരിഞ്ഞുപോകാവുന്ന സാഹചര്യമാണ് ഒരു പുല്‍ക്കൊടിക്കുള്ളത്. അതുകൊണ്ടാണ് എന്തൊന്നിനും ഏതു നേരത്തും നിസ്സാരമായി തകര്‍ത്തുകളയാവുന്ന അനിശ്ചിതത്വം നിറഞ്ഞ പുല്‍ക്കൊടിയോട് മനുഷ്യനെ ഉപമിക്കുന്നത്. ആ പുല്‍ക്കൊടിയുടെ പൂവ് എത്ര ഭംഗിയേറിയതായിരുന്നാലും അതിന്റെ നിലനില്പ് ആപത്തു നിറഞ്ഞതാണ്. ആരും ചവിട്ടി മെതിച്ചുകളയുന്നില്ലെങ്കില്‍പ്പോലും ആ പൂവിന്റെ ആയുസ്സ് ഒരു പകല്‍ക്കാലം മാത്രമാണ്. ഭംഗിയോടെ അനേകരുടെ ശ്രദ്ധയാകര്‍ഷിച്ച പൂവ് പകലിന്റെ അന്ത്യത്തില്‍ വാടിപ്പോകുന്നു. അടുത്ത പ്രഭാതത്തില്‍ വാടിനില്‍ക്കുന്ന പുല്‍ക്കൊടിയുടെ ചുവട്ടില്‍ ചുരുണ്ട് മനോഹാരിത നഷ്ടപ്പെട്ടു കൊഴിഞ്ഞു കിടക്കുന്ന പൂവിനെയാണ് കാണുവാന്‍ കഴിയുന്നത്. ക്ഷണികമായ മനുഷ്യജീവിതത്തിന്റെ മഹത്ത്വവും മനോഹരത്വവും ഏതു നിമിഷവും ചവിട്ടി മെതിക്കപ്പെടുവാന്‍ സാദ്ധ്യതയുള്ള, ഒരു പകല്‍ മാത്രം ആയുസ്സുള്ള പുല്ലിന്റെ പൂവുപോലെയാകുന്നുവെന്ന് അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! ധനവും മാനവും മഹിമയും നിന്റെ ജീവിതത്തിന് നല്‍കുന്ന ഭംഗി ഏതു നിമിഷവും ചവിട്ടിമെതിക്കപ്പെടുവാന്‍ സാദ്ധ്യതയുള്ള പുല്ലിന്റെ പൂവുപോലെ മാത്രമാണെന്ന് നീ മനസ്സിലാക്കുമോ? നിന്റെ ഭൗതിക നേട്ടങ്ങളുടെ മനോഹാരിതയില്‍ നീ ഊറ്റം കൊള്ളുന്നുവെങ്കില്‍, അതിന്റെ ഭംഗി പ്രഭാതത്തില്‍ വിടര്‍ന്നു സന്ധ്യയ്ക്കു വാടി കൊഴിഞ്ഞുപോകുന്ന പുല്ലിന്റെ പൂവുപോലെ മാത്രമേയുള്ളുവെന്ന് നീ ഓര്‍ക്കുമോ?
ആയുസ്സില്‍ പുകഴുവോനാര് ?
ആരോഗ്യത്തില്‍ പുകഴുവോനേത് ?
ആയുസ്സാരോഗ്യമെല്ലാമെല്ലാം
യേശുവിന്‍ ദാനമല്ലേ?.... എനിക്കൊന്നും...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com