അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 259 ദിവസം

സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ ദൂതന്മാരെയും, ഭൂമിയില്‍ രാജാക്കന്മാരെയും നേതാക്കന്മാരെയും ദൈവത്തിന്റെ ദാസന്മാരെയും ദൈവജനത്തെയും തകര്‍ത്തുകളഞ്ഞ പാപമാണ് അഹന്ത. ജീവിതത്തില്‍ നേട്ടങ്ങളും സാമ്പത്തിക സൗഭാഗ്യങ്ങളും കടന്നുവരുമ്പോള്‍, അവ ദൈവം നല്‍കിയതാണെന്ന് ഓര്‍ക്കാതെ അഹങ്കരിച്ച്, പാപത്തിലേക്കും ശാപത്തിലേക്കും വഴുതിവീണു നശിക്കുന്ന അനേകരെ ആത്മീയ ജീവിതയാത്രയില്‍ കാണുവാന്‍ കഴിയും. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടിരുന്ന താഴ്‌വരകളില്‍ പാര്‍ത്തിരുന്ന ദൈവജനം തങ്ങള്‍ക്കു ലഭിച്ചിരുന്ന സുഖത്തിലും സുരക്ഷിതത്വത്തിലും ദൈവത്തെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ചപ്പോള്‍, അവരെ കീഴടക്കി ആ താഴ്‌വരകള്‍ കൈവശമാക്കുവാന്‍ ദൈവം അമ്മോന്യര്‍ക്ക് അവസരം നല്‍കി. അവര്‍ സമ്പന്നരായി, അവരുടെ ഭണ്ഡാരങ്ങള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ അവരുടെയും ഹൃദയങ്ങളില്‍ അഹങ്കാരം ഉടലെടുത്ത് ''ആര് എനിക്കെതിരേ വരും?'' എന്ന അഹന്ത നിറഞ്ഞ ചോദ്യമാണ് അവരില്‍നിന്നു പുറപ്പെട്ടത്. തങ്ങളുടെ സമ്പത്തിന്റെ പെരുപ്പംകൊണ്ട് ആര്‍ക്കും തങ്ങളെ തോല്പിക്കുവാനോ കീഴടക്കുവാനോ കഴിയുകയില്ലെന്ന് അഹങ്കരിക്കുന്ന അമ്മോന്യരോട് അവരുടെ സമ്പത്തിന്റെ ഉറവിടമായ താഴ്‌വരകള്‍ ഒഴുകിപ്പോകുമെന്ന് ദൈവം കല്പിക്കുന്നു. താന്‍ അവരെ ചിതറിച്ചുകളയുമെന്നും അപ്പോള്‍ ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേര്‍ക്കുവാന്‍ ആരും ഉണ്ടാകുകയില്ലെന്നും സമ്പത്തുകൊണ്ടു നിഗളിച്ച അമ്മോന്യരോട് യഹോവ അരുളിച്ചെയ്യുന്നു. ദൈവം നല്‍കിയിട്ടുള്ള ഭണ്ഡാരങ്ങളെ അഥവാ സമ്പത്തിനെ ആശ്രയംവച്ചുകൊണ്ട്, അഹന്ത നിറഞ്ഞ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സഹോദങ്ങള്‍ക്ക് ദൈവം അമ്മോന്യരുടെമേല്‍ വരുത്തിയ ശിക്ഷാവിധി മാതൃകയാകണം. 

                          സഹോദരാ! സഹോദരീ! സമ്പത്തും സൗഭാഗ്യങ്ങളും ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ അവയില്‍ ആശ്രയിച്ച് ''ആര് എനിക്കെതിരേ വരും?'' എന്നു പറഞ്ഞു നീ നിഗളിച്ചിട്ടുണ്ടോ? നീ ദാരിദ്ര്യത്തിലായിരുന്നപ്പോള്‍ നിനക്കങ്ങനെ പറയുവാന്‍ കഴിഞ്ഞിരുന്നുവോ? ദൈവത്തെ മറക്കുമ്പോഴാണ് അഹന്ത ഹൃദയത്തില്‍ കുടികൊള്ളുന്നതെന്ന് നീ ഓര്‍ക്കുമോ? നിഗളംകൊണ്ട് നീ നിറയുമ്പോള്‍ ദൈവം നിനക്കു തന്ന അനുഗ്രഹത്തിന്റെ താഴ്‌വരയില്‍നിന്നു അവന്‍ നിന്നെ മാറ്റിക്കളയുമെന്ന് നീ മനസ്സിലാക്കുമോ? ദൈവസന്നിധിയില്‍ എപ്പോഴും വിനയപ്പെട്ട്, അവന്റെ ഹിതമനുസരിച്ച് ജീവിതം നയിക്കുവാന്‍ നിനക്ക് കഴിയുമോ? 

നിഗളത്തെ നീക്കണമേ സൗമ്യതയേകണമേ 

സ്വാര്‍ത്ഥതയെല്ലാം നീക്കിയെന്‍ കോപമകറ്റണമേ                    സ്‌നേഹമാം നിന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com