അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 258 ദിവസം

ആകുലങ്ങളുടെ ആധിക്യം ആധുനിക മനുഷ്യനില്‍ അസമാധാനവും അനാരോഗ്യവും സൃഷ്ടിക്കുന്നു. ആകുലങ്ങള്‍ സൃഷ്ടിക്കുന്ന ആശങ്കകളും നിരാശകളുമാണ് ജീവിതത്തിന്റെ ശാന്തിയെ നഷ്ടപ്പെടുത്തി സമാധാനത്തിന് തുരങ്കം വയ്ക്കുന്നത്. അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയസഭയിലെ വിശ്വാസികളോട് ആകുലത്തെ കീഴടക്കുവാനുള്ള ഉപാധി വിവരിക്കുന്നു. ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും ഒരു ദൈവപൈതല്‍ ആകുലപ്പെടരുത്. എന്ത് അപേക്ഷയായിരുന്നാലും ഏത് ആവശ്യമായിരുന്നാലും അവ സമ്പൂര്‍ണ്ണമായി സ്‌തോത്രത്തോടെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു. ഇന്ന് അനേകര്‍ തങ്ങളുടെ സ്‌തോത്രങ്ങളുടെ എണ്ണം ലക്ഷങ്ങളും കോടികളുമായി അര്‍പ്പിക്കുന്നത് പ്രാര്‍ത്ഥനാ പുസ്തകങ്ങളില്‍ അച്ചടിച്ചിരിക്കുന്ന ''കോടാനുകോടി സ്‌തോത്രങ്ങള്‍'' എന്ന പദങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്. ഇങ്ങനെ നാമമാത്ര സ്‌തോത്രങ്ങളോടെ ആവശ്യങ്ങള്‍ ദൈവത്തോടു പറയുവാനല്ല പൗലൊസ് ആവശ്യപ്പെടുന്നത്. ഏതു പ്രതിസന്ധിയുടെ നടുവിലും അത്യാവശ്യങ്ങളുടെ മുമ്പിലും പതറാതെ, പിറുപിറുക്കാതെ ഹൃദയാന്തര്‍ഭാഗത്തുനിന്ന് ആ നിമിഷംവരെയും നടത്തിയ, അപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന സ്‌നേഹവാനായ ദൈവത്തിന് സ്‌തോത്രങ്ങള്‍ കരേറ്റിക്കൊണ്ട് നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കണം. അപ്പോള്‍ മനുഷ്യബുദ്ധിക്കോ, യുക്തിക്കോ നല്‍കുവാന്‍ കഴിയാത്ത ദൈവത്തിന്റെ സമാധാനം നമ്മുടെ ആകുലങ്ങളെ കീഴടക്കി നമ്മെ ക്രിസ്തുയേശുവില്‍ കാക്കുമെന്ന് അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു. ഇങ്ങനെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ദൈവത്തിന്റെ പൈതലിന് ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട ആവശ്യമില്ല. 

                          ദൈവത്തിന്റെ പൈതലേ! പ്രയാസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും തിരമാലകള്‍ നിന്റെ ജീവിത പടകിന്മേല്‍ ആഞ്ഞടിക്കുമ്പോള്‍ നീ ആകുലപ്പെടാറുണ്ടോ? അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നിന്റെ ആവശ്യങ്ങളെ സ്‌തോത്രത്തോടെയുള്ള പ്രാര്‍ത്ഥനകളാല്‍ ദൈവത്തിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ കഴിയുമോ? അപ്പോള്‍ മനുഷ്യ മനസ്സിനോ ഹൃദയത്തിനോ മനസ്സിലാക്കുവാന്‍ കഴിയാത്തതും സകല ബുദ്ധിയെയും കവിയുന്നതുമായ ദൈവസമാധാനത്താല്‍ അവന്‍ നിന്നെ നിറയ്ക്കുമെന്ന് നീ ഓര്‍ക്കുമോ? 

സമാധാനമില്ലാതൂഴിയില്‍ 

ഏകനായ്ത്തീരും വേളയില്‍ 

സമാധാനത്താലെന്നെ നയിക്കുവാന്‍

യേശുമാത്രമെന്നഭയം                             യേശുവേ നിന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com