അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വാത്സല്യത്തോടെ വളര്‍ത്തുന്ന മക്കള്‍ക്ക് ദുരന്തങ്ങള്‍ നേരിടുമ്പോള്‍ മാതാപിതാക്കള്‍ തങ്ങളെത്തന്നെ മറന്ന് സ്ഥലകാല ബോധമില്ലാതെ നിലവിളിക്കുന്നത് സര്‍വ്വസാധാരണമായ കാഴ്ചയാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിലേക്ക് ചില മക്കളെയെങ്കിലും നയിച്ചതിന്റെ ഉത്തരവാദികള്‍ അവരുടെ മാതാപിതാക്കളാണെന്ന് ആ സന്ദര്‍ഭങ്ങളില്‍ ആരും ഓര്‍ക്കാറില്ല. മക്കളെ ബാല്യംമുതല്‍ ദൈവഭയത്തിലും ഭക്തിയിലും ശിക്ഷണത്തോടെ വളര്‍ത്തുവാന്‍ പല മാതാപിതാക്കള്‍ക്കും കഴിയാറില്ല. അമിതമായ വാത്സല്യങ്ങള്‍ മക്കളുടെമേല്‍ ചൊരിഞ്ഞ്, അവരെ കുറ്റങ്ങള്‍ക്കു ശിക്ഷിക്കാതെ, വഷളത്തത്തിലേക്കു നയിക്കുന്നത് മാതാപിതാക്കളാണ്. അതുകൊണ്ടാണ് ബാലന് ശിക്ഷണം നല്‍കാതിരിക്കരുതെന്നും വടികൊണ്ട് അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍നിന്ന് വിടുവിക്കുന്നു എന്നും ശലോമോന്‍ മാതാപിതാക്കളെ ഉപദേശിക്കുന്നത്. തന്റെ ഓമനപ്പുത്രനായ അബ്ശാലോമിന്റെ മരണവാര്‍ത്തയറിഞ്ഞു വിലപിക്കുന്ന ദാവീദ് മക്കളെ ശിക്ഷണത്തോടെ വളര്‍ത്തുവാന്‍ പരാജയപ്പെട്ട പിതാവായിരുന്നു. തന്റെ മകളായ താമാരിനെ തന്റെ മറ്റൊരു ഭാര്യയിലെ മകനായ അമ്‌നോന്‍ വഷളാക്കിയപ്പോള്‍ അമ്‌നോനെ ശിക്ഷിക്കുവാന്‍ ദാവീദിനു കഴിഞ്ഞില്ല. തന്റെ സഹോദരിയെ മാനഭംഗപ്പെടുത്തിയ അമ്‌നോനെ അബ്ശാലോം കൊന്നപ്പോഴും അവനെ ശിക്ഷിക്കുവാന്‍ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ശിക്ഷിക്കാഞ്ഞതുകൊണ്ട് പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ ജീവിച്ച അബ്ശാലോം ക്രമേണ യിസ്രായേല്‍മക്കളുടെ ഹൃദയം കവര്‍ന്നെടുക്കുകയും രാജാവായി സ്വയം പ്രഖ്യാപിച്ച് സിംഹാസനം പിടിച്ചെടുക്കുകയും ചെയ്തു. തനിക്കെതിരേ യുദ്ധം നയിച്ച അബ്ശാലോം കൊല്ലപ്പെട്ടുവെന്നറിഞ്ഞു നിലവിളിക്കുന്ന ദാവീദ്, മക്കളെ ശിക്ഷിക്കാതെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് ഉത്തമ ദൃഷ്ടാന്തമാണ്.
സഹോദരാ! സഹോദരീ! ദൈവം നിനക്കു തന്നിരിക്കുന്ന മക്കളെ നീ ദൈവഭയത്തിലും വിശ്വാസത്തിലുമാണോ വളര്‍ത്തുന്നത് ? അവരെ ശിക്ഷിക്കാതെ അമിത ലാളനയോടും വാത്സല്യത്തോടുമാണ് വളര്‍ത്തുന്നതെങ്കില്‍ അവരെ നീ നാശത്തിലേക്കും വ്യസനത്തിലേക്കുമാണ് നയിക്കുന്നതെന്ന് ഓര്‍ക്കുമോ? ഈ സമയംമുതല്‍ കുടുംബമായി ചില നിമിഷങ്ങള്‍ കര്‍ത്താവിന്റെ തിരുസന്നിധിയില്‍ ഇരിക്കുവാന്‍ കഴിയുമോ?
ഇന്നുവരെയും ഇത്രത്തോളവും
എന്നെകാത്തു പരിപാലിക്കുന്ന
ദൈവത്തെ ഞാന്‍ സ്തുതിക്കുമെന്‍
ദൈവത്തെ ഞാന്‍ പുകഴ്ത്തുമെന്‍
ആയുസ്സിന്‍ നാളൊക്കെയും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com