അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 256 ദിവസം

കയ്‌പേറിയ ജീവിതാനുഭവങ്ങളിലൂടെ ദൈവം നമ്മെ കടത്തിവിടുമ്പോള്‍ അതിന്റെ പിന്നിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യമെന്തെന്ന് മനസ്സിലാക്കുവാന്‍ നമുക്ക് കഴിയാറില്ല. ദൈവസന്നിധിയിലുള്ള നമ്മുടെ വിശ്വസ്തതയെയും വിശ്വാസത്തെയും ലോകം ചോദ്യം ചെയ്യുന്ന ആ ദുര്‍ഘടനിമിഷങ്ങളില്‍ നമ്മുടെ ഉപനിധിയായ ദൈവത്തിന്റെ സന്നിധിയില്‍ നിലംപാടെ വീണു നിലവിളിക്കുമ്പോഴാണ് കയ്പിന്റെ താഴ്‌വാരങ്ങളിലൂടെ നമ്മെ കടത്തിവിട്ടതിന്റെ ഉദ്ദേശ്യം ദൈവം നമുക്ക് വെളിപ്പെടുത്തുന്നത്. യെഹൂദായുടെ പന്ത്രണ്ടാമത്തെ രാജാവായ ഹിസ്‌കീയാവിന്റെ വാഴ്ചയുടെ പന്ത്രണ്ടാം ആണ്ടില്‍ അവന് മരണകരമായ രോഗം പിടിപെട്ടു. ഈ രോഗത്തില്‍ അവന്‍ മരിച്ചുപോകുമെന്നും അതുകൊണ്ട് തന്റെ ഗൃഹകാര്യം ക്രമത്തിലാക്കണമെന്നും യഹോവ തന്റെ പ്രവാചകനായ യെശയ്യാവിലൂടെ അവനെ അറിയിച്ചപ്പോള്‍ ''അയ്യോ, യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും എങ്ങനെ തിരുമുമ്പില്‍ നടന്ന് നിന്റെ ദൃഷ്ടിയില്‍ നന്മയായതു ചെയ്തിരിക്കുന്നു എന്ന് ഓര്‍ക്കണമേ'' എന്നു പറഞ്ഞു; ഹിസ്‌കീയാവ് പൊട്ടിക്കരഞ്ഞു (യെശയ്യാവ്  38 : 3). നീതിയുടെ ന്യായാധിപതിയായ ദൈവത്തിന് തന്നെ വിശ്വസ്തതയോടെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്ത ഹിസ്‌കീയാവിന്റെ പ്രാര്‍ത്ഥനയ്ക്കു മുമ്പില്‍ മൗനമായിരിക്കുവാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അവന്‍ രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദിവസംതന്നെ അവന്‍ ആദ്യമായി ചെയ്തത് പതിറ്റാണ്ടുകളായി തന്റെ പിതാവ് അടച്ചിട്ടിരുന്ന ദൈവത്തിന്റെ ആലയം തുറന്ന് അറ്റകുറ്റപ്പണികള്‍ നടത്തുകയും, വിഗ്രഹങ്ങള്‍ പുറത്തുകളയുകയുമായിരുന്നു. ദൈവം യെശയ്യാപ്രവാചകനോട് ''നീ ചെന്ന് ഹിസ്‌കീയാവോടു പറയേണ്ടത്:... ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു; ഇതാ, ഞാന്‍ നിന്റെ ആയുസ്സിനോടുകൂടി 15 വര്‍ഷം കൂട്ടും'' (യെശയ്യാവ്  38 : 5) എന്നരുളിച്ചെയ്തു. തന്റെ സിംഹാസനത്തിലിരിക്കുവാന്‍ ദൈവം അവന് ഒരു മകനെ നല്‍കിയതും ഈ പുതിയ ആയുസ്സിലായിരുന്നു. 

              ദൈവത്തിന്റെ പൈതലേ! ദൈവം നിന്നെ കയ്‌പേറിയ ജീവിതാനുഭവങ്ങളിലൂടെ കടത്തിവിടുമ്പോള്‍ നിന്നെ രക്ഷിക്കുന്നത് നിനക്ക് തുണയായി നീ ദൈവത്തിനുവേണ്ടി ചെയ്ത കാര്യങ്ങളാണെന്ന് നീ ഓര്‍ക്കുമോ? അതിലൂടെ ദൈവം നിനക്ക് വലിയ അനുഗ്രഹം ചൊരിയുവാന്‍ കാത്തിരിക്കുന്നു എന്നു മനസ്സിലാക്കുമോ? നിന്റെ കഷ്ടതകള്‍ ദൈവത്തിന് നിന്നോടുള്ള സ്‌നേഹവും കരുതലും പ്രകടമാക്കുവാനുള്ള മുഖാന്തരങ്ങളാണെന്ന് നീ ഓര്‍ക്കുമോ? 

നിന്റെ ജീവനെ നാശത്തില്‍ നിന്നും

വീണ്ടെടുത്ത ദൈവം 

കരുണയും ദയയും അണിയിക്കുന്നു                      എന്‍ മനമെ.....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com