അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മഹാകാരുണ്യവാനും അത്യുന്നതനുമായ ദൈവം ആരാധനകളിലും ഉപവാസ പ്രാര്‍ത്ഥനകളിലും, ധ്യാന ശുശ്രൂഷകളിലുമൊക്കെ തന്റെ കൃപയ്ക്കായി നിലവിളിക്കുന്ന ജനത്തിന്റെമേല്‍ കൃപ പകരാറുണ്ട്. ദൈവകൃപ ലഭിച്ചുവെന്നത് ഒരു ബഹുമതിയോ പദവിയോ ആയി മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാനല്ല, പിന്നെയോ ദൈവനാമ മഹത്ത്വത്തിനായി പ്രവര്‍ത്തിച്ച് അനേകരെ ദൈവത്തിന്റെ സ്‌നേഹത്തിലേക്ക് ആകര്‍ഷിക്കുവാനാണ് ദൈവം തന്റെ മക്കള്‍ക്ക് കൃപ നല്‍കി വേര്‍തിരിക്കുന്നത്. ക്രിസ്തുവിലാകുന്ന പുതിയ സൃഷ്ടി ദൈവകൃപയാല്‍ ഭരിക്കപ്പെടുന്നവരും നയിക്കപ്പെടുന്നവരുമാണ്. അങ്ങനെയുള്ളവരിലേക്ക് സ്വാര്‍ത്ഥതയും മ്ലേച്ഛതയുമൊക്കെ കടന്നുവരുമ്പോള്‍ അവര്‍ പ്രാപിച്ച ദൈവകൃപ വ്യര്‍ത്ഥമായിപ്പോകുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ കൊരിന്തിലെ വിശ്വാസികളായ തന്റെ കൂട്ടുവേലക്കാരോട് നിങ്ങള്‍ക്ക് ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യര്‍ത്ഥമായിത്തീരരുതെന്ന് പ്രബോധിപ്പിക്കുന്നത്. ദൈവത്തിന്റെ വിളികേട്ടിറങ്ങിത്തിരിച്ച് ദൈവകൃപ പ്രാപിച്ച അനേകരുടെ കൃപ വ്യര്‍ത്ഥമായിത്തീരുന്നത് ദൈവം അവര്‍ക്കു നല്‍കിയ കൃപ ഉപയുക്തമാക്കാതിരിക്കുമ്പോഴാണ്. ദൈവവേലയിലുള്ള ശുഷ്‌കാന്തി കുറയുമ്പോള്‍ നാം പ്രാപിച്ചിരിക്കുന്ന കൃപകളെ ജ്വലിപ്പിക്കുവാന്‍ കഴിയുകയില്ല. ദൈവസന്നിധിയില്‍ നിന്നു പ്രാപിച്ച കൃപ ജഡിക മോഹങ്ങളുടെ പൂര്‍ത്തീകരണത്തിനായുള്ള മറയായി ഉപയോഗിക്കുന്നവരെക്കുറിച്ച് യൂദാശ്ലീഹായും മുന്നറിയിപ്പു നല്‍കുന്നു. ''നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്‌കാമവൃത്തിക്കായി ഉപയോഗിക്കുകയും ഏകനാഥനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുകയും ചെയ്യുന്ന അഭക്തരായ ചില മനുഷ്യര്‍ നുഴഞ്ഞുകയറിയിരിക്കുന്നു'' (യൂദാ : 4). ഭക്തിയിലൂടെ ദൈവസന്നിധിയില്‍നിന്നു ലഭിക്കുന്ന കൃപ ദൈവനാമ മഹത്ത്വത്തിനായി ഉപയുക്തമാക്കാതിരിക്കുമ്പോഴും, സ്വാര്‍ത്ഥപരമായ നേട്ടങ്ങള്‍ക്കും ജഡികസുഖങ്ങള്‍ക്കും ലൗകിക താല്‍പര്യങ്ങള്‍ക്കുമായി വിനിയോഗിക്കുമ്പോഴും നാം അതിനെ വ്യര്‍ത്ഥമാക്കുന്നു.
ദൈവത്തിന്റെ പൈതലേ! ദൈവസന്നിധിയില്‍നിന്നു നീ പ്രാപിച്ച കൃപകള്‍ ദൈവനാമ മഹത്ത്വത്തിനായി ഉപയുക്തമാക്കിയിട്ടുണ്ടോ? അവയെ ഭക്തിയുടെ ആഭരണമാക്കിക്കൊണ്ട് നിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായാണോ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ? എങ്കില്‍ ക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ, കൃപയെ വ്യര്‍ത്ഥമാക്കുന്നവരുടെ കൂട്ടത്തിലാണ് നീ എന്ന് ഓര്‍ക്കുമോ?
പരിശുദ്ധാത്മാവാല്‍ നാം കൃപാവരങ്ങള്‍ നേടിടാം
പ്രാര്‍ത്ഥനയില്‍ പോരാടി നാം ആത്മാക്കളെ നേടീടാം സൗഖ്യമാക്കും.....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com