അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

യാതനകളുടെയും വേദനകളുടെയും നടുവില്‍ കിടന്നു പിടയുമ്പോള്‍ അനേകര്‍ സങ്കടത്തോടെ പ്രാര്‍ത്ഥിക്കാറുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ കണ്ണുനീരൊഴുക്കി പ്രാര്‍ത്ഥിച്ചിട്ടും മറുപടി ലഭിക്കാതെ വരുമ്പോള്‍ പലരും നിരാശപ്പെടുന്നു. മനുഷ്യന്റെ ഹൃദയവിചാരങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവം മനസ്സിലാക്കുന്നതുകൊണ്ടാണ് അവര്‍ ഹൃദയപൂര്‍വ്വമല്ല എന്നോട് നിലവിളിക്കുന്നത് എന്ന് ദൈവം അരുളിച്ചെയ്യുന്നത്. ശാരീരിക വേദനകള്‍കൊണ്ടും ആയിരിക്കുന്ന ദുരവസ്ഥയെക്കുറിച്ചോര്‍ത്തുകൊണ്ടും കണ്ണുനീരൊഴുക്കുന്നത് തങ്ങളുടെ പാപബോധംകൊണ്ടോ ദൈവത്തിന്റെ മനസ്സലിവു യാചിച്ചുകൊണ്ടോ അല്ലെന്ന് ദൈവം വ്യക്തമാക്കുന്നു. എന്തെന്നാല്‍ ''...ഞാന്‍ അവരെ വീണ്ടെടുക്കുവാന്‍ വിചാരിച്ചിട്ടും അവര്‍ എന്നോട് വ്യാജം സംസാരിക്കുന്നു'' (ഹോശേയ 7 : 13) എന്നാണ് ദൈവത്തിന് അവരെക്കുറിച്ച് പറയുവാനുള്ളത്. അവരുടെ കണ്ണുനീരില്‍ പാപത്തെക്കുറിച്ചുള്ള അനുതാപമോ, ഹൃദയത്തിന്റെ അഗാധതയില്‍നിന്ന് ദൈവത്തോടുള്ള സങ്കടയാചനകളോ ഇല്ല. ''ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു'' (സങ്കീര്‍ത്തനങ്ങള്‍ 139 : 2) എന്നാണ് ദാവീദിന് ദൈവത്തെക്കുറിച്ചു പറയുവാനുള്ളത്. നഷ്ടബോധങ്ങളുടെയും മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ഉണ്ടാകുന്ന അസൂയയുടെയും, തങ്ങള്‍ക്കും മറ്റുള്ളവരെപ്പോലെ ഉയരുവാന്‍ കഴിയുന്നില്ലല്ലോ എന്ന അപകര്‍ഷതാബോധത്തിലും അനേകര്‍ കണ്ണുനീരൊഴുക്കാറുണ്ട്. അതോടൊപ്പം പ്രാര്‍ത്ഥനകളും അവരില്‍നിന്ന് ഉയരാറുണ്ട്. പ്രാര്‍ത്ഥനകളുടെയും നിലവിളികളുടെയും ഉറവിടം നമ്മുടെ ഹൃദയത്തിന്റെ ഏതവസ്ഥയില്‍ നിന്നാണെന്ന് നമ്മുടെ നിരൂപണങ്ങള്‍ ദൂരത്തുനിന്നു ഗ്രഹിക്കുന്ന ദൈവത്തിനു മനസ്സിലാക്കുവാന്‍ കഴിയും. കാരണം, അവന് മറവായിരിക്കുന്നത് ഒന്നുമില്ല.
സഹോദരാ! സഹോദരീ! പലപ്പോഴും കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചിട്ടും മറുപടിയില്ലല്ലോ എന്ന ഭാരവുമായാണോ ഈ അവസരത്തില്‍ നീ ദൈവസന്നിധിയില്‍ ഇരിക്കുന്നത് ? നിന്റെ ഹൃദയവിചാരം നല്ലവണ്ണം അറിയുന്ന ദൈവം നീ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്തിനുവേണ്ടിയാണ് കണ്ണുനീരൊഴുക്കുന്നതെന്ന് അറിയുന്നു. കഴിഞ്ഞകാല ജീവിതത്തിന്റെ പാപങ്ങള്‍ ഓര്‍ത്ത് ആ പാപിനിയായ സ്ത്രീയെപ്പോലെ നീ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുമെങ്കില്‍ കര്‍ത്താവ് നിനക്ക് ക്ഷണത്തില്‍ ഉത്തരമരുളുമെന്ന് നീ ഓര്‍ക്കുമോ?
ആകുലങ്ങള്‍ നിറഞ്ഞവനായ്
വേദനയാല്‍ വലയുന്നവനായ്
ഞാന്‍ വരുന്നേശുവേ
അവിടുത്തെ പാദങ്ങളില്‍ തള്ളീടരുതേ....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com