അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വശക്തനും സര്‍വ്വചരാചരങ്ങളുടെ സ്രഷ്ടാവുമായ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ മനുഷ്യന്‍ അവന്റെ ധനംകൊണ്ടും പ്രതാപംകൊണ്ടും പരിശ്രമിക്കുന്നത് സര്‍വ്വസാധാരണമായ കാഴ്ചയാണ്. ദൈവാലയങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്നവരും ശതക്കണക്കിനാളുകള്‍ക്ക് ''നേര്‍ച്ച വിളമ്പു'' നടത്തുന്നവരും ധാരാളം പണം മുടക്കി പെരുന്നാളുകള്‍ ആഡംബരനിബിഡമായി ആഘോഷിക്കുന്നവരും വിശുദ്ധന്മാരുടെ ശവകുടീരങ്ങള്‍ പടുത്തുയര്‍ത്തുന്നവരുമൊക്കെ തങ്ങളുടെ ധനമാഹാത്മ്യംകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ പരിശ്രമിക്കുന്നവരാണ്. ദൈവത്തിന്റെ മുമ്പില്‍ അവനെ ആരാധിക്കുവാനായി കടന്നുവരുമ്പോള്‍, അവനെ പ്രസാദിപ്പിക്കുവാന്‍ എന്താണ് കൊണ്ടുവരേണ്ടത് എന്ന് ചോദിച്ചുകൊണ്ട് അതിനു സ്വയമായി അനേക മറുപടികള്‍ നിരത്തിവയ്ക്കുമ്പോള്‍, ദൈവം നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. അതു ദൈവത്തെ അന്വേഷിക്കുകയും കാഴ്ചകളര്‍പ്പിക്കുവാനാഗ്രഹിക്കുകയും ചെയ്യുന്ന ജനത്തിനു മുഴുവനായുള്ള മറുപടിയാണ്. തങ്ങളുടെ പാപപരിഹാരമായി അവര്‍ ഹോമയാഗങ്ങളും ആയിരക്കണക്കിന് ആടുമാടുകളും പതിനായിരക്കണക്കിന് തൈലനദികളും, ദൈവസന്നിധിയില്‍ കാഴ്ചയര്‍പ്പിക്കുവാന്‍ തയ്യാറായി. അതു മാത്രമല്ല തങ്ങളുടെ ആദ്യജാതനെയോ ഉദരഫലത്തെയോ പാപപരിഹാരമായി കൊടുക്കുവാന്‍ അവര്‍ തയ്യാറായി. അവയെക്കാളൊക്കെയും പരമോന്നതമായ കാഴ്ചയായി ദൈവം അവനില്‍നിന്നു പ്രതീക്ഷിക്കുന്നത് ദൈവസ്വഭാവത്തിന് അനുരൂപമായ അവന്റെ ജീവിതമാണ്. ''...ന്യായം പ്രവര്‍ത്തിക്കുവാനും ദയാതല്‍പരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ താഴ്മയോടെ നടക്കുവാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത് ?'' (മീഖാ 6 : 8).
സഹോദരാ! സഹോദരീ! ദൈവസ്വഭാവമില്ലാതെയുള്ള കാഴ്ചകളുമായുള്ള നിന്റെ ഓട്ടത്തിന് നിന്റെ പ്രൗഢിയും പ്രതാപവുംകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? അനീതിയുടെ സമ്പാദ്യങ്ങള്‍കൊണ്ട് സമര്‍പ്പിക്കുന്ന നേര്‍ച്ച കാഴ്ചകളില്‍ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികളെന്ന് അഭിമാനിക്കുന്നവര്‍ പ്രസാദിച്ചേക്കാം! എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ അവയ്ക്കും കഴിയുകയില്ലെന്ന് ഈ അവസരത്തില്‍ നീ മനസ്സിലാക്കുമോ? ന്യായം പ്രവര്‍ത്തിച്ച് ദയാതല്‍പരനായി ദൈവസന്നിധിയില്‍ താഴ്മയോടെ നടക്കുമ്പോഴാണ് ദൈവം നിന്നില്‍ പ്രസാദിക്കുന്നതെന്ന് നീ മനസ്സിലാക്കുമോ?
എന്തു ഞാന്‍ നിനക്കു നല്‍കുമെന്‍ ദൈവമേ
സര്‍വ്വലോകം സൃഷ്ടിച്ചനിന്‍ സന്നിധേ
സാധുവിന്‍ കാഴ്ചയും ദശാംശവും
സുഗന്ധമായ് തീര്‍ന്നിടേണമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com