അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സ്‌നേഹവാനായ ദൈവം അനേകരെ വിളിക്കുന്നുവെങ്കിലും അവന്റെ വിളികേട്ട് ഇറങ്ങിത്തിരിക്കുവാന്‍ അനേക സഹോദരങ്ങള്‍ക്കും കഴിയാറില്ല. തങ്ങള്‍ ആയിരിക്കുന്ന സാഹചര്യങ്ങളോടു വിടപറഞ്ഞ് കര്‍ത്താവിന്റെ വിളികേട്ടിറങ്ങിത്തിരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഭയന്ന് അനേകര്‍ ആ വിളി അവഗണിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചാലുണ്ടാകുന്ന കഷ്ടങ്ങളെയും നഷ്ടങ്ങളെയുംകുറിച്ചുള്ള ആശങ്കകള്‍ അനേകരെ അതില്‍നിന്നു പിന്തിരിപ്പിക്കുന്നു. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട് ആലോചിച്ചശേഷം തീരുമാനമെടുക്കാം എന്നു കരുതി കര്‍ത്താവിന്റെ വിളിക്കു വ്യക്തമായ മറുപടി നല്‍കാതെ മാറി നില്‍ക്കുന്നു. കര്‍ത്താവിന്റെ ശിഷ്യന്മാരെ പിടിച്ചുകെട്ടി യെരൂശലേമിലേക്ക് കൊണ്ടുവരുവാനായി മഹാപുരോഹിതന്റെ അധികാരപത്രവുമായി ദമസ്‌കൊസിലേക്ക് പ്രയാണം ചെയ്തുകൊണ്ടിരുന്ന ശൗല്‍ തന്റെമേല്‍ വീശിയ സ്വര്‍ഗ്ഗീയ വെളിച്ചത്തില്‍ അന്ധനായിത്തീര്‍ന്നപ്പോള്‍, ''ശൗലേ! ശൗലേ!'' എന്ന് അവനെ ഓമനപ്പേരു ചൊല്ലി വിളിച്ച കര്‍ത്താവ് അവനോട്, ''നീ എഴുന്നേറ്റ് പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടതെന്തെന്ന് അവിടെവച്ച് നിന്നോടു പറയും'' (അപ്പൊ. പ്രവൃ. 9 : 6) എന്ന് അരുളിച്ചെയ്തു. അപ്പോള്‍ ആരോടും ആലോചന ചോദിക്കാതെയാണ് അന്ധനായ ശൗല്‍ നേര്‍വീഥി എന്ന തെരുവിലുള്ള യൂദായുടെ വീട്ടിലേക്കു പോയത്. അവിടെവച്ച് ജാതികളുടെ ഇടയില്‍ സുവിശേഷം അറിയിക്കുവാന്‍ കര്‍ത്താവ് തന്നോട് ആവശ്യപ്പെട്ടപ്പോള്‍ യെരൂശലേമിലുണ്ടായിരുന്ന അപ്പൊസ്തലന്മാരോടോ, തന്റെ മാംസരക്തങ്ങളോടോ ആലോചന ചോദിക്കുവാന്‍ കൂട്ടാക്കാതെ താന്‍ അറേബ്യായിലേക്കു പോയതായി അപ്പൊസ്തലന്‍ വെളിപ്പെടുത്തുന്നു. ഗമാലീയേലിന്റെ പാദപീഠത്തിലിരുന്നു പഠിച്ച, റോമാപൗരനും പരീശനുമായ പൗലൊസ് തന്റെ സഭയിലെ സമുന്നതമായ സ്ഥാനം തുടങ്ങി എല്ലാറ്റിനെയും ചപ്പും ചവറുമെന്നെണ്ണിക്കൊണ്ട് ആരോടും ആലോചന ചോദിക്കാതെ കര്‍ത്താവിന്റെ വിളികേട്ട് ഇറങ്ങിത്തിരിച്ചു.
സഹോദരാ! സഹോദരീ! കര്‍ത്താവ് നിന്നെ ഓമനപ്പേരുചൊല്ലി പലപ്രാവശ്യം വിളിച്ചിട്ടും, എല്ലാറ്റിനെയും ഉപേക്ഷിച്ച് ആ വിളികേട്ട് അവനെ അനുഗമിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ കര്‍ത്താവ് നിന്നെ വിളിക്കുന്നു. ആ വിളി നീ അനുസരിച്ച് അവനായി സമര്‍പ്പിക്കുമോ?
നിന്‍വിളി കേട്ടു ഞാനേശുവേ
വരുന്നു... നിന്‍ തിരു സവിധേ
നിന്‍ പുണ്യരക്തത്താലേഴയിന്‍
പാപങ്ങള്‍ കഴുകണമേ സമര്‍പ്പിക്കുന്നേ....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com