അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 251 ദിവസം

സാക്ഷരത ഏറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ യേശുവിനെക്കുറിച്ച് അറിയാത്തവര്‍ അക്രൈസ്തവ ലോകത്തുപോലും വളരെ ചുരുക്കമാണ്. ഏറിയകൂറ് ക്രൈസ്തവ സഹോദരങ്ങള്‍ക്കും യേശു കേവലം അറിവായി മാത്രം അവശേഷിക്കുന്നു. ക്രൈസ്തവ മാതാപിതാക്കള്‍ ജന്മം നല്‍കി, ക്രിസ്തീയമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ടും, ക്രൈസ്തവ പാരമ്പര്യങ്ങളില്‍ വളര്‍ന്നതുകൊണ്ടും ക്രിസ്ത്യാനികളായി തുടരുന്നവരുടെയും സ്ഥിതി ഇതില്‍നിന്നു വിഭിന്നമല്ല. പരിശുദ്ധാത്മശക്തിയാല്‍ തങ്ങളുടെ അറിവിനെ അനുഭവമാക്കുവാന്‍ ഇങ്ങനെയുള്ളവര്‍ വിസമ്മതിക്കുന്നതോടൊപ്പം, പരിശുദ്ധാത്മനിറവില്‍ കര്‍ത്താവായ യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യനെന്ന് അനുഭവിച്ചറിയുന്നവരെ അടിച്ചമര്‍ത്തിക്കളയുവാനും തകര്‍ത്തുകളയുവാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നു. കര്‍ത്താവ് ദൈവത്തിന്റെ പുത്രനാണെന്ന് അറിയാമായിരുന്നിട്ടും കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിച്ച് കര്‍ത്താവിനെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന പരീശന്മാര്‍ പാപം ചെയ്യുന്നുവെന്നും അവര്‍ കുരുടന്മാരായിരുന്നുവെങ്കില്‍ അവര്‍ക്കു പാപം ഇല്ലായിരുന്നുവെന്നും കര്‍ത്താവ് അരുളിച്ചെയ്യുന്നു; എന്തെന്നാല്‍ ഒരു കുരുടന് കേള്‍വികൊണ്ടുള്ള അറിവ് മാത്രമാണുള്ളത്. അവന്റെ മുമ്പില്‍ സര്‍വ്വവും അന്ധകാരമായിരിക്കുന്നതിനാല്‍ യഥാര്‍ത്ഥമായതു കാണുവാന്‍ കഴിയാതെ കേള്‍വിയില്‍നിന്നുള്ള സങ്കല്പങ്ങള്‍മാത്രം വിശ്വസിച്ച് മുമ്പോട്ട് പോകുന്നവനാണ് കുരുടന്‍. അവന്റെ അറിവ് ഇരുളുനിറഞ്ഞതും അവ്യക്തവുമാണ്. തന്നെ യഥാര്‍ത്ഥമായി കണ്ടിട്ടും, താന്‍ ദൈവപുത്രനാണെന്ന് പതിനായിരങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടും, അവര്‍ക്ക് തന്നെ ദൈവത്തിന്റെ പുത്രനായി കാണുവാന്‍ കഴിയാത്തതുകൊണ്ട് അവര്‍ കുരുടന്മാരാണെന്നും അവരുടെ പാപം നിലനില്‍ക്കുന്നു എന്നും കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ പാപം ചെയ്യുന്നുവെന്ന് കര്‍ത്താവ് വ്യക്തമാക്കുന്നു. 

                     സഹോദരാ! സഹോദരീ! കുരുടനെപ്പോലെ കര്‍ത്താവ് നിന്റെ ജീവിതത്തില്‍ ഇന്നും മറ്റുള്ളവരില്‍നിന്നു കേള്‍ക്കുന്ന ഒരു ''അറിവ് '' മാത്രമായിട്ടാണോ നിലകൊള്ളുന്നത് ? ''അറിവ് '' മാത്രമായ കര്‍ത്താവിനെ, പരിശുദ്ധാത്മശക്തി പ്രാപിച്ച് നിന്റെ അനുഭവമാക്കുവാന്‍ കൂട്ടാക്കാതെ പരീശന്മാരെപ്പോലെ ന്യായവാദങ്ങള്‍ ഉന്നയിച്ചു നീ മുമ്പോട്ടു പോകുകയാണോ? എങ്കില്‍ ''നിന്റെ പാപം നിലനില്‍ക്കുന്നു'' എന്ന് കര്‍ത്താവ് നിന്നോടും ഈ അവസരത്തില്‍ പറയുന്നു എന്ന് നീ മനസ്സിലാക്കുമോ?

പാപത്തില്‍ നിന്നുമെന്റെ വീണ്ടെടുപ്പിനായ്

കാല്‍വറിയില്‍ ജീവനേകിയ നാഥനേ                            വാഴ്ത്തിടാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com