അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 250 ദിവസം

യേശുവിനെ അനുഗമിക്കുന്ന സാധാരണ ജനങ്ങളും യേശുവിന്റെ അധികാരം പേറുന്ന സഹോദരങ്ങളും ഇന്ന് തങ്ങളുടെ ധനമഹിമയ്‌ക്കൊത്തവണ്ണം വിവിധ വലിപ്പങ്ങളിലും രൂപങ്ങളിലും ധരിക്കുന്ന ഒരാഭരണവും അലങ്കാരവുമായി കുരിശ് മാറിയിരിക്കുന്നു. തന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്ന ഒരു വ്യക്തി നേരിടേണ്ട അവസ്ഥയെക്കുറിച്ച് കര്‍ത്താവ് മുന്നറിയിപ്പു നല്‍കുമ്പോള്‍ മധുരതരമായ സുഖദായക വാഗ്ദത്തങ്ങളല്ല കര്‍ത്താവ് തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു നല്‍കുന്നത്, പിന്നെയോ സ്വാര്‍ത്ഥത വെടിഞ്ഞ് അവരുടെ ക്രൂശെടുത്ത് തന്നെ അനുഗമിക്കുവാനാണ് കര്‍ത്താവ് ആഹ്വാനം ചെയ്യുന്നത്. കര്‍ത്താവ് എടുത്തതും, തന്നെ അനുഗമിക്കുന്നവര്‍ എടുക്കേണ്ടതുമായ കുരിശ് ഇന്നത്തെപ്പോലെ സ്വര്‍ണ്ണ നിര്‍മ്മിതമോ, അലങ്കാരവേലകള്‍ ചെയ്തതോ ആയ കുരിശല്ല. കര്‍ത്താവിന്റെ കാലത്ത് മരംകൊണ്ട് നിര്‍മ്മിച്ച കുരിശിന്മേല്‍ തറച്ചാണ് കള്ളന്മാരെയും കൊലപാതകികളെയും കൊന്നിരുന്നത്. അന്നു കൊല്ലുവാന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും നികൃഷ്ടമായ മാര്‍ഗ്ഗമായിരുന്നു അത്. അങ്ങനെ സമൂഹം വെറുക്കുകയും അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്ത വസ്തുവാണ് കുരിശ്. വളരെ കഷ്ടതയോടും ക്ലേശത്തോടും മാത്രമേ ഭാരമേറിയ മരക്കുരിശിനെ വഹിക്കുവാന്‍ കഴിയുകയുള്ളു. കുരിശു ചുമക്കുന്ന വ്യക്തി വേഗത്തില്‍ ക്ഷീണിച്ചുപോകും. തന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്ന ഓരോരുത്തരും തങ്ങളുടെ ഭാരമേറിയ കുരിശ് നാള്‍തോറും വഹിച്ചു തന്നെ അനുഗമിക്കണം. സ്വന്തം സുഖങ്ങളും താല്പര്യങ്ങളും ത്യജിക്കാതെ തന്നെ അനുഗമിക്കുവാന്‍ കഴിയുകയില്ലെന്ന് കര്‍ത്താവ് വ്യക്തമാക്കുന്നു. 

              സഹോദരാ! സഹോദരീ! കര്‍ത്താവിന്റെ പിന്നാലെ വാസ്തവമായി നീ ഇറങ്ങുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണക്കുരിശ് അണിയുന്ന മാര്‍ഗ്ഗമാണിതെന്ന് നീ ധരിക്കരുത്! പിന്നെയോ കഷ്ടതയും നിന്ദയും പരിഹാസവും അവഹേളനയും അവഗണനയും നിറഞ്ഞ ഭാരമേറിയ തടിക്കുരിശാണ് നാള്‍തോറും നീ ചുമക്കേണ്ടിവരുന്നതെന്നു മനസ്സിലാക്കുമോ? പക്ഷേ ഭയപ്പെടേണ്ട! ഇതിലും ഭാരമേറിയ കുരിശു ചുമന്ന കര്‍ത്താവിനെയാണ് നീ അനുഗമിക്കുന്നതെന്ന് ഓര്‍മ്മിക്കുമോ? ഈ അവസരത്തില്‍ അവനെ അനുഗമിക്കുവാന്‍ നീ സ്വയം സമര്‍പ്പിക്കുമോ? 

ഭയപ്പെടേണ്ട ഞാന്‍ നിന്റെ കൂടെയുണ്ട്

ഭ്രമിക്കേണ്ട ഞാന്‍ നിന്റെ ദൈവമാണ്

എന്നരുളിയ ദൈവം കൂടെയുണ്ടെന്നും

കരംപിടിച്ചു നടത്തിടുവാന്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com