അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 249 ദിവസം

മാതാപിതാക്കളുടെ ദൈവസന്നിധിയിലുള്ള വിശ്വാസവും വിശ്വസ്തതയുമാണ് അവര്‍ തങ്ങളുടെ മക്കള്‍ക്കുവേണ്ടി ഈ ലോകത്തു നേടുന്ന സമ്പാദ്യമെന്നു മനസ്സിലാക്കുന്ന മാതാപിതാക്കള്‍ ഏറെയില്ല. ദൈവം തങ്ങള്‍ക്കു നല്‍കിയിരിക്കുന്ന മക്കളെ ദൈവഭക്തിയില്‍ സമ്പന്നരായി വളര്‍ത്തുവാന്‍ ശ്രദ്ധിക്കുവാനോ, അവര്‍ക്കൊരു മാതൃകയായി ജീവിക്കുവാന്‍ ശ്രമിക്കുവാനോ അനേക മാതാപിതാക്കള്‍ക്കും കഴിയാറില്ല. ദൈവത്തിന്റെ കാവലോ കൃപയോ ഇല്ലാതെ വളരുന്ന മക്കളുടെ ഭാവിയെ അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കോ പൈതൃകമായി ലഭിച്ച സ്വത്തുക്കള്‍ക്കോ ഔദ്യോഗിക സ്ഥാനമാനങ്ങള്‍ക്കോ കാത്തുസൂക്ഷിക്കുവാന്‍ കഴിയാതെ മുരടിച്ചുപോകുന്നത് തിരുവചനത്തില്‍ മാത്രം കാണുന്ന കാര്യമല്ല, പിന്നെയോ ഇന്നും നമ്മുടെ ചുറ്റുപാടുകളില്‍ നിത്യജീവിതത്തില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന മാതാപിതാക്കളുടെ തലമുറയെ ദൈവം കാത്തുസൂക്ഷിക്കുമെന്നതിന്റെ വലിയ തെളിവാണ് യാക്കോബ് തന്റെ ഭാര്യമാരുടെ പിതാവായ ലാബാനോടു പറയുന്ന വാക്കുകള്‍. ലാബാനെ സേവിക്കേണ്ടിവന്ന യാക്കോബിന്റെ പ്രതിഫലം പത്തു പ്രാവശ്യം ലാബാന്‍ മാറ്റിയെങ്കിലും അവസാനം കൊടുക്കുവാന്‍ നിര്‍ബന്ധിതനാകുന്നത്, തന്റെ പിതാക്കന്മാരുടെ ദൈവം തന്നോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് യാക്കോബ് പറയുന്നു. മാത്രമല്ല യാക്കോബ് ഓടിപ്പൊയെന്നറിഞ്ഞ് തന്റെ സഹോദരന്മാരുമായി പിന്‍തുടര്‍ന്ന് ഗിലെയാദ്പര്‍വ്വതത്തില്‍ എത്തിയ ലാബാനോട് സ്വപ്‌നത്തില്‍ ''നീ യാക്കോബിനോട് ഗുണമായോ ദോഷമായോ സംസാരിക്കാതിരിക്കുവാന്‍ ശ്രദ്ധിച്ചുകൊള്ളുക'' എന്ന മുന്നറിയിപ്പ് നല്‍കി. നീണ്ട ഇരുപത്തിയഞ്ചു സംവത്സരങ്ങള്‍ കാത്തിരുന്ന് ദൈവത്തിന്റെ വാഗ്ദത്തം പ്രാപിച്ച പിതാമഹന്റെയും, തന്റെ മാതാവ് വന്ധ്യയായിരുന്നപ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച് തന്നെ അവള്‍ക്കു മകനായി നല്‍കുവാന്‍ മുഖാന്തരമൊരുക്കിയ തന്റെ പിതാവിന്റെയും ദൈവത്തെക്കുറിച്ച് യാക്കോബിന് നല്ലവണ്ണം അറിയാമായിരുന്നു. 

             ദൈവത്തിന്റെ പൈതലേ! ദൈവത്തെ അറിയുന്നുവെന്നും ഭയപ്പെടുന്നുവെന്നും അഭിമാനിക്കുന്ന നിനക്ക് നിന്റെ മക്കളെക്കുറിച്ച് അങ്ങനെ പറയുവാന്‍ കഴിയുമോ? നിന്റെ മക്കള്‍ക്ക് ദൈവത്തെ നല്‍കുവാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നീ അവര്‍ക്കു വേണ്ടി കരുതുന്നതും നല്‍കുന്നതുമൊക്കെ നിരര്‍ത്ഥകമാണെന്ന് ഓര്‍ക്കുമോ? 

നീതിപാതയില്‍ എന്റെ പ്രാണനെ

തിരുനാമത്താല്‍ നടത്തിടും യഹോവ എന്നിടയന്‍ 

വൈരിയിന്‍ നടുവില്‍ ഘോരവൈരിയിന്‍ നടുവില്‍

മേശയെനിക്കൊരുക്കിടും യഹോവ എന്നിടയന്‍                      യഹോവ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com