അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

യേശുക്രിസ്തുവിന്റെ മനോഭാവം ക്രൈസ്തവ സഭകളിലും ശുശ്രൂഷകളിലും ഭവനങ്ങളിലും നഷ്ടമാകുമ്പോള്‍ അവിടെ അശാന്തിയും അസമാധാനവും അന്ത:ഛിദ്രവും തലയുയര്‍ത്തുന്നു. പകയും വിദ്വേഷവും വിരോധവും വൈരാഗ്യവുമെല്ലാം പകര്‍ച്ചവ്യാധിപോലെ ദൈവത്തിന്റെ മന്ദിരങ്ങളാകുന്ന മനുഷ്യഹൃദയത്തിലേക്കു പടര്‍ന്നുകയറി ദൈവത്തിന്റെ വിശുദ്ധാത്മാവിനെ അവിടെനിന്നു തുരത്തിക്കളയുന്നു. ഇങ്ങനെ ഒരു വിപത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന ഫിലിപ്പ്യസഭയെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുവാന്‍ ക്രിസ്തുയേശുവിന്റെ മനോഭാവം അവരില്‍ ഉണ്ടാകണമെന്നാണ് അപ്പൊസ്തലന്‍ അവരെ ഉദ്‌ബോധിപ്പിക്കുന്നത്. യേശുക്രിസ്തു, താന്‍ ദൈവമായിരുന്നിട്ടും ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ദാസന്റെ പ്രകൃതി സ്വീകരിച്ചു വിനയത്തോടെ ഹീനമായ കുരിശില്‍ മരണത്തിനു വിധേയനായതുപോലെ നാമും വിനയത്തിന്റെയും സൗമ്യതയുടെയും സ്‌നേഹത്തിന്റെയും ഉടമകളായിത്തീരണം. ''....താഴ്മയോടെ ഓരോരുത്തനും മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു കരുതിക്കൊള്ളുവിന്‍'' (ഫിലിപ്പിയര്‍ 2 : 3) എന്നത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാകണം. നാം നമ്മെക്കാള്‍ ശ്രേഷ്ഠരായി മറ്റുള്ളവരെ കാണുമ്പോള്‍ അവരോട് ആദരവോടെ പെരുമാറുവാന്‍ കഴിയും. നാം സ്വന്തം താല്പര്യങ്ങളെക്കാള്‍ മറ്റുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കുമ്പോള്‍ ദുരഭിമാനം നിമിത്തമുണ്ടാകുന്ന പകയും വിദ്വേഷവും അലിഞ്ഞുപോകുന്നു. അങ്ങനെ ക്രിസ്തുയേശുവിന്റെ മനോഭാവം ഉള്ളവരായി, ഏകമനസ്സുള്ളവരായി, ഏകസ്‌നേഹത്തില്‍ ഐക്യമത്യപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ പൗലൊസ് അവരോട് അപേക്ഷിക്കുന്നു.
ദൈവത്തിന്റെ പൈതലേ! ക്രിസ്തുയേശുവിന്റെ മനോഭാവം നിന്നില്‍നിന്നു ചോര്‍ന്നുപോകുമ്പോഴാണ് ഇടവകയിലും ശുശ്രൂഷകളിലും സ്വന്തം ഭവനത്തിലുമൊക്കെ നീ ഒരു ഇടര്‍ച്ചക്കാരന്‍ ആയിത്തീരുന്നതെന്നു മനസ്സിലാക്കുമോ? യേശുവിന്റെ സ്‌നേഹവും സൗമ്യതയും വിനയവും ശാന്തതയും എത്രമാത്രം നിന്റെ ജീവിതത്തിലുണ്ട് ? ''യേശുവേ എനിക്കു അങ്ങയുടെ മനോഭാവം നല്‍കി എന്നെ അനുഗ്രഹിക്കണമേ'' എന്ന് ഈ നിമിഷങ്ങളില്‍ നിനക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ?
എന്‍ ദൈവമേ എന്‍ ദൈവമേ
ഏഴയിന്‍ വഴി കാട്ടുക
നിന്‍ ഹിതംപോലെ പോകുവാന്‍
ദൈവമേ നിന്‍ വഴി കാട്ടുക
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com