അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 247 ദിവസം

സ്വര്‍ഗ്ഗോന്നതങ്ങളിലേക്ക് കണ്ണുകളുയര്‍ത്തി, കൈകള്‍ മലര്‍ത്തി, അനുഗ്രഹങ്ങള്‍ക്കുവേണ്ടി കേഴുന്നതു പ്രാചീനകാലംമുതല്‍ അനേക മതങ്ങളില്‍ പതിവുള്ള കാര്യമാണ്. തന്റെ സന്നിധിയില്‍ കൈകള്‍ മലര്‍ത്തിക്കൊണ്ട് അനുഗ്രഹങ്ങള്‍ക്കുവേണ്ടി യാചിക്കുന്ന തന്റെ ജനത്തോട് അവര്‍ എത്രതന്നെ പ്രാര്‍ത്ഥനകള്‍ നടത്തിയാലും താന്‍ കേള്‍ക്കുകയില്ലെന്നും തന്റെ കണ്ണ് അവരില്‍നിന്നു മറച്ചുകളയുമെന്നും ദൈവം അരുളിച്ചെയ്യുന്നു. എന്തെന്നാല്‍ അവരുടെ കരങ്ങള്‍ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു. പാപപങ്കിലമായ ജീവിതംകൊണ്ട് മലിനമായ തങ്ങളുടെ കരങ്ങള്‍ വിശുദ്ധമാണെന്നുള്ള ഭാവത്തിലാണ് അനുഗ്രഹങ്ങള്‍ പകരുവാനായി തങ്ങളുടെ കൈകള്‍ മലര്‍ത്തി അവര്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചിരുന്നത്. പക്ഷേ അവരുടെ കരങ്ങള്‍ അക്രമത്തിന്റെയും അതിക്രമത്തിന്റെയും രക്തത്താല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അവരുടെ സങ്കടങ്ങള്‍ കാണുവാനോ കേള്‍ക്കുവാനോ ദൈവം തയ്യാറല്ലായിരുന്നു. പാപത്തില്‍ ജീവിച്ച്, പാരമ്പര്യങ്ങള്‍ക്കും പതിവുകള്‍ക്കും മുടക്കം വരുത്താതെ അവര്‍ നടത്തിക്കൊണ്ടിരുന്ന പ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തില്‍നിന്നു അനുഗ്രഹങ്ങളോ, ദൈവത്തിന്റെ കാവലോ നേടുവാന്‍ കഴിഞ്ഞില്ല. ''കിഴക്കന്‍ കാറ്റുകൊണ്ടെന്നപോലെ ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ ചിതറിച്ചുകളയും; അവരുടെ അനര്‍ത്ഥദിവസത്തില്‍ ഞാന്‍ അവര്‍ക്ക് എന്റെ മുഖമല്ല, മുതുകത്രേ കാണിക്കുന്നത് '' (യിരെമ്യാവ്  18 : 17) എന്നാണ് ഇങ്ങനെയുള്ളവരോട് ദൈവം അരുളിച്ചെയ്യുന്നത്. ദൈവസ്വഭാവത്തില്‍ ജീവിക്കുവാന്‍ കഴിയാതെ പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായി കഴിക്കുന്ന പ്രാര്‍ത്ഥനകളിലോ അര്‍പ്പിക്കുന്ന നേര്‍ച്ചകളിലോ ദൈവം പ്രസാദിക്കുകയില്ലെന്ന് ഒന്നാം യിസ്രായേലിനോടുള്ള അരുളപ്പാട് നമുക്ക് മാതൃകയാകണം. 

                    സഹോദരാ! സഹോദരീ! സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി സഹായത്തിനും അനുഗ്രഹത്തിനുമായി നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ കരങ്ങള്‍ അശുദ്ധമെങ്കില്‍ ദൈവം നിന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയില്ലെന്ന് നീ മനസ്സിലാക്കുമോ? മനുഷ്യരെ കബളിപ്പിക്കുന്ന ഭക്തിപ്രകടനങ്ങള്‍ കാണുവാന്‍ കൂട്ടാക്കാതെ, ദൈവം തന്റെ കണ്ണു മറച്ചുകളയുമെന്ന് നീ ഓര്‍ക്കുമോ? നിന്റെ സങ്കടങ്ങള്‍ കണ്ട്, പ്രാര്‍ത്ഥനകള്‍ക്കു മറുപടി തരുവാന്‍ കണ്ണുനീരോടെ നിന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഈ നിമിഷങ്ങളില്‍ നീ പ്രാര്‍ത്ഥിക്കുമോ? 

എന്‍ പാപങ്ങള്‍ കടുംചുവപ്പാകിലും

യേശുവേ നിന്‍ നിത്യ സ്‌നേഹ...ത്താല്‍

ഹിമംപോല്‍ വെളുപ്പിച്ചെന്നെ നീ

വെണ്മയായ് തീര്‍ക്കണമേ                              സമര്‍പ്പിക്കുന്നേ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com