അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 245 ദിവസം

മനുഷ്യന്റെ ജീവന്‍ അപകടത്തിലാകുമ്പോള്‍, ഭയത്താലും ഭീതിയാലും മുമ്പോട്ടു പോകുവാന്‍ കഴിയാതെ വരുമ്പോള്‍, കഷ്ടനഷ്ടങ്ങളാല്‍ പ്രതീക്ഷകളെല്ലാം തകര്‍ന്നുടയുമ്പോള്‍ അവന്‍ ദൈവത്തോടു നിലവിളിക്കാറുണ്ട്. അവന്‍ നേരിടുന്ന ദുര്‍ഘടങ്ങളില്‍നിന്നു വിടുവിക്കുവാനായി ദൈവത്തിന്റെ സന്നിധിയില്‍ നേര്‍ച്ചകള്‍ നേര്‍ന്നു പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ദൈവം അവനെ വിടുവിച്ച് അനുഗ്രഹിക്കുമ്പോള്‍ തന്റെ കഷ്ടങ്ങളില്‍ ദൈവത്തിനുവേണ്ടി ചെയ്യാമെന്ന് പറഞ്ഞ പ്രതിജ്ഞകള്‍ പാടേ മറന്നുപോകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യാക്കോബ്. സഹോദരനായ ഏശാവിനെ ഭയന്ന് തന്റെ പിതൃഭവനത്തില്‍നിന്ന് ഓടിപ്പോയ യാക്കോബ് ലൂസ് എന്ന സ്ഥലത്ത് അന്തിയുറങ്ങുമ്പോള്‍ ദൈവം അവനോട് സ്വപ്‌നത്തില്‍, ''ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തൊക്കെയും ഞാന്‍ നിന്നെ കാത്തു പരിപാലിച്ച് ഈ ദേശത്തേക്കു മടക്കിവരുത്തും'' (ഉല്‍പത്തി  28 : 15) എന്നരുളിച്ചെയ്തു. ദൈവത്തിന്റെ വാക്ക് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ''ഞാന്‍ തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ആലയമായിത്തീരും; നീ എനിക്കു തരുന്ന സകലത്തിന്റെയും ദശാംശം നിശ്ചയമായും ഞാന്‍ നിനക്കു നല്‍കും'' (ഉല്‍പത്തി  28 : 22) എന്ന് യാക്കോബ് അവിടെവച്ച് ദൈവത്തിന് നേര്‍ച്ച നേര്‍ന്നു. എന്നാല്‍ യാക്കോബിനെ ഏശാവിന്റെ കൈയില്‍നിന്ന് ദൈവം വിടുവിച്ച് ഭാര്യമാരും മക്കളുമായി ബഹുസമ്പത്തോടെ ദൈവം അവനെ അനുഗ്രഹിച്ചപ്പോള്‍ യഹോവയാം ദൈവത്തോടുള്ള അവന്റെ പഴയ നേര്‍ച്ച അവന്‍ മറന്നുപോയി. പദ്ദന്‍-അരാമില്‍നിന്നു കനാന്‍ദേശത്തേക്ക് യാത്രതിരിച്ച യാക്കോബ് തന്റെ നേര്‍ച്ചയനുസരിച്ച് ബേഥേലിലേക്ക് പോകാതെ ശെഖേമില്‍ ചെന്നു പാര്‍ത്തു. അത് അവന്റെ മകളുടെ മാനഭംഗത്തിനും മക്കളെ കൊലപാതകികളാക്കുന്നതിനും ഇടയാക്കി. അപ്പോള്‍ യഹോവ യാക്കോബിനോട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് താന്‍ ഉത്തരമരുളുകയും യാക്കോബ് നേര്‍ച്ച നേരുകയും ചെയ്ത ബേഥേലിലേക്ക് പോകുവാന്‍ കല്പിച്ചു. 

                             ദൈവപൈതലേ! നിന്റെ കഷ്ടതകളുടെ നടുവില്‍ ദൈവത്തോടു നീ ചെയ്തിട്ടുള്ള പ്രതിജ്ഞകള്‍ അവന്‍ നിന്നെ യഥാസ്ഥാനപ്പെടുത്തിയപ്പോള്‍ നീ പാലിക്കുന്നുണ്ടോ? ദൈവം നിനക്കു തന്ന വാഗ്ദത്തങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നീ അവനു നല്‍കിയ വാഗ്ദത്തങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ദൈവം നിന്റെ ജീവിതത്തില്‍ മായാത്ത മുറിപ്പാടുകള്‍ സൃഷ്ടിക്കുമെന്ന് നീ മനസ്സിലാക്കുമോ? നീ ദൈവത്തിന്റെ സന്നിധിയില്‍ എടുത്തിട്ടുള്ള പ്രതിജ്ഞകള്‍ അഥവാ നേര്‍ച്ചകള്‍ പ്രാവര്‍ത്തികമാക്കുമെന്ന് തീരുമാനിക്കുമോ? 

നിന്‍ വേലയില്‍ യേശുവേ ഞാന്‍ വീണുപോയ്

എന്നു ഞാന്‍ സമ്മതിച്ചീടുന്നേന്‍...                 യേശുവേ... 

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com