അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 244 ദിവസം

ദൈവജനമെന്ന് അഭിമാനിക്കുന്ന സഹോദരങ്ങള്‍പോലും തങ്ങളെ പീഡിപ്പിക്കുകയും നശിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശത്രുക്കള്‍ നിസ്സഹായരായി തങ്ങളുടെ കരങ്ങളില്‍ വന്നുപെടുമ്പോള്‍ ദൈവമാണ് തങ്ങള്‍ക്ക് ഈ സുവര്‍ണ്ണാവസരം ഒരുക്കിയിരിക്കുന്നതെന്നു ധരിച്ച് ആവോളം പ്രതികാരം ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. ദാവീദിനെ കൊല്ലുവാന്‍ എല്ലാ യിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരുമായി ഏന്‍-ഗെദിമരുഭൂമിയിലേക്കു പോയ ശൗല്‍രാജാവ് അവിടെ ദാവീദ് പാര്‍ത്തിരുന്ന അതേ ഗുഹയില്‍ കടന്നു. ''ഞാന്‍ നിന്റെ ശത്രുവിനെ നിന്റെ കൈയില്‍ ഏല്പിക്കും; നിനക്ക് ഉചിതമെന്നു തോന്നുന്നതുപോലെ അവനോടു ചെയ്യാം'' (1 ശമൂവേല്‍  24 : 4) എന്ന് ദാവീദിനോടുള്ള ദൈവത്തിന്റെ അരുളപ്പാട് ഓര്‍മ്മിപ്പിച്ചുകൊണ്ട് ശൗലിനെ കൊല്ലുവാന്‍ ദാവീദിനോടൊപ്പമുള്ളവര്‍ അവനെ നിര്‍ബ്ബന്ധിച്ചു. ശൗലിന്റെ വസ്ത്രാഗ്രം മാത്രം മുറിച്ചെടുക്കുന്ന ദാവീദ് ശൗലിനെ ദ്രോഹിക്കുവാന്‍ തന്റെ അനുചരന്മാരെപ്പോലും അനുവദിക്കുന്നില്ല. ശൗലിനെ രക്ഷപ്പെടുവാന്‍ അനുവദിച്ചുകൊണ്ട് ദാവീദ് തന്റെ ന്യായം യഹോവയുടെ സന്നിധിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്. അതോടൊപ്പം തന്നെ വേട്ടയാടുവാന്‍ പുറപ്പെട്ടിരിക്കുന്ന ശൗലിനോട് പ്രതികാരം ചെയ്യുവാന്‍ ദാവീദ് തന്റെ ന്യായം യഹോവയെ ഭരമേല്പിക്കുന്നു. യഹോവയുടെ അഭിഷിക്തന്റെമേല്‍ ന്യായം നടത്തുവാന്‍ തന്റെ കരങ്ങള്‍ ഉയര്‍ത്താതെ, ശൗല്‍ തന്നോടു ചെയ്ത സകല അനീതികളും അക്രമങ്ങളും യഹോവയുടെ ന്യായാസനത്തിനു മുമ്പില്‍ ദാവീദ് സമര്‍പ്പിച്ചു. നീതിയുടെ ന്യായാധിപതിയായ സര്‍വ്വശക്തനായ ദൈവം വര്‍ഷങ്ങള്‍ക്കുശേഷം ശൗലിന്റെ കിരീടവും ഭുജത്തിലെ കടകവും ദാവീദിന്റെ പാദങ്ങളില്‍ എത്തിച്ചു. 

                                 ദൈവപൈതലേ! നിന്നെ പീഡിപ്പിക്കുന്നവരുടെമേല്‍ പ്രതികാരം ചെയ്യുവാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ നിന്റെ പ്രതികരണം എങ്ങനെയുള്ളതാണ്? ദാവീദിനെപ്പോലെ നിന്റെ സങ്കടവും നീ സഹിക്കുന്ന അന്യായവും നീ ആരാധിക്കുന്ന യഹോവയുടെ സന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? അവന്‍ തക്കസമയത്ത് നിനക്കുവേണ്ടി പ്രതിക്രിയ നടത്തി നിന്നെ യഥാസ്ഥാനപ്പെടുത്തുന്ന നീതിയുടെ ന്യായാധിപതിയാണെന്ന് ഈ അവസരത്തില്‍ നീ മനസ്സിലാക്കുമോ? 

ന്യായാധിപന്മാരെ ന്യായം വിധിക്കുമെന്‍ കര്‍ത്താധികര്‍ത്തനാം യേശു

അന്യായം നീക്കിയെന്‍ ന്യായത്തെ കാട്ടും നീതിയിന്‍ സൂര്യനാമേശു         സ്‌തോത്രഗീതം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com