അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 243 ദിവസം

ഭൗതിക സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാന്‍, സമൂഹത്തിലെ മാന്യത സൂക്ഷിക്കുവാന്‍, മാതൃസഭയിലെ ഉന്നതപദവികള്‍ നഷ്ടമാകാതിരിക്കുവാന്‍ തുടങ്ങിയ അനേക കാരണങ്ങളാല്‍ പലരും തങ്ങള്‍ രുചിച്ചറിയുന്ന ദൈവത്തില്‍നിന്നും പിന്മാറിപ്പോകുകയും, പരിശുദ്ധാത്മശക്തി അനുഭവമാക്കിയ സാഹചര്യങ്ങളെ തള്ളിപ്പറയുകയും ചെയ്യാറുണ്ട്. അടിമകളായ തങ്ങളെ ബാബേല്‍സംസ്ഥാനത്തിന്റെ മേല്‍വിചാരകന്മാരാക്കിയ ബാബിലോണ്‍ചക്രവര്‍ത്തി നെബൂഖദ്‌നേസര്‍ രാജാവിനോട് അവന്‍ ദൂരാസമഭൂമിയില്‍ നിര്‍ത്തിയിരുന്ന അറുപതു മുഴം ഉയരവും ആറു മുഴം വണ്ണവുമുള്ള സ്വര്‍ണ്ണബിംബത്തെ നമസ്‌കരിക്കുകയില്ലെന്ന് ശദ്രക്ക്, മേശക്ക്, അബേദ്‌നെഗോ എന്നീ യൗവനക്കാര്‍ സധൈര്യം പ്രസ്താവിക്കുന്നു. നമസ്‌കരിക്കാതിരുന്നാല്‍ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയുമെന്ന് ആക്രോശിച്ച രാജാവ് ''നിങ്ങളെ എന്റെ കൈയില്‍നിന്നു വിടുവിക്കുവാന്‍ കഴിയുന്ന ദേവന്‍ ആര് ?'' (ദാനീയേല്‍  3 : 15) എന്നു ചോദിക്കുമ്പോള്‍, തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിന് എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍നിന്നും തങ്ങളെ വിടുവിക്കുവാന്‍ കഴിയുമെന്ന് ശദ്രക്കും, മേശക്കും, അബേദ്‌നെഗോവും പ്രഖ്യാപിക്കുന്നു. ദൈവം വിടുവിക്കുന്നില്ലെങ്കിലും രാജാവിന്റെ ദേവന്മാരെയോ, സ്വര്‍ണ്ണ ബിംബത്തെയോ നമസ്‌കരിക്കുകയില്ലെന്ന് രാജാവിനോട് പ്രഖ്യാപിക്കുന്ന ഈ യൗവനക്കാര്‍ ദൈവജനത്തിനു മാതൃകയാകണം. അടിമകളുടെ അവസ്ഥയില്‍നിന്ന് ബാബിലോണ്‍കൊട്ടാരത്തിലേക്ക് കരംപിടിച്ചു കയറ്റിയ അത്യുന്നതനായ ദൈവത്തെ തള്ളിക്കളഞ്ഞ് സ്വര്‍ണ്ണബിംബത്തെ നമസ്‌കരിക്കുവാന്‍ അവര്‍ തയ്യാറായില്ല. ദൈവത്തിന്റെ ഇഷ്ടത്തിനായി സ്വയം സമര്‍പ്പിച്ച അവര്‍ സ്ഥാനമാനങ്ങള്‍ മാത്രമല്ല, സ്വന്തം ജീവന്‍പോലും തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിനുവേണ്ടി വെടിയുവാന്‍ തയ്യാറായി. 

                                   ദൈവപൈതലേ! നിന്റെ പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പോറലേല്‍ക്കുന്ന സാഹചര്യങ്ങള്‍ കടന്നുവരുമ്പോള്‍ നിനക്ക് ആ സ്ഥാനമാനങ്ങള്‍ തന്ന ദൈവത്തെ നീ തള്ളിപ്പറയാറില്ലേ? അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നീ ദൈവത്തെ മാറ്റിനിര്‍ത്തുന്ന വിട്ടുവീഴ്ചകള്‍ ചെയ്യാറില്ലേ? ഭീഷണിയുടെ മുമ്പില്‍ ദൈവത്തിനുവേണ്ടി നീ ശബ്ദമുയര്‍ത്തുമ്പോഴാണ് അവന്‍ നിനക്കുവേണ്ടി തീച്ചൂളയുടെ നടുവിലേക്കിറങ്ങുന്നതെന്ന് നീ ഓര്‍മ്മിക്കുമോ? 

ഭീഷണികള്‍ നേരിടും വേളകളില്‍

ഭീരുവായ് തീരാതെന്നും ഞാന്‍

നിന്റെ വേല എരിവായ് ചെയ്തിടുവാന്‍

യേശുവേ വന്‍ കൃപയേകണമേ                           അഭിഷേകം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com