അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 242 ദിവസം

ദൈവജനം ദൈവത്തെ മറന്നു ജീവിക്കുമ്പോള്‍ ദൈവം അവരെ തങ്കലേക്കു തിരിക്കുവാന്‍ കഷ്ടങ്ങളില്‍ക്കൂടിയും വേദനകളില്‍ക്കൂടിയുമൊക്കെ കടത്തിവിടാറുണ്ട്. തങ്ങളുടെ നിസ്സഹായതകളില്‍ അവര്‍ വീണ്ടും ദൈവത്തോടു നിലവിളിക്കുമ്പോള്‍ കരുണാസമ്പന്നനായ ദൈവം അവരെ വിടുവിക്കുകയും യഥാസ്ഥാനപ്പെടുത്തി അനുഗ്രഹിക്കുകയും ചെയ്യുന്നതായി തിരുവചനം പഠിപ്പിക്കുന്നു. യിസ്രായേലിന്റെ രണ്ടാമത്തെ ന്യായാധിപനായ ഏഹൂദിന്റെ മരണശേഷം യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത യിസ്രായേല്‍മക്കളെ അവന്‍ കനാന്യരാജാവായ യാബീനു വിറ്റുകളഞ്ഞു (ന്യായാധിപന്മാര്‍  4 : 1, 2). ഇരുപതു വര്‍ഷങ്ങള്‍ അവന്റെ കഠിനമായ പീഡനം അനുഭവിച്ച യിസ്രായേല്‍മക്കള്‍ വീണ്ടും തങ്ങളുപേക്ഷിച്ച യഹോവയോടു നിലവിളിച്ചപ്പോള്‍ ദെബോരാ എന്ന പ്രവാചകിയിലൂടെ യഹോവ ബാരാക്കിനോട്, പതിനായിരം പേരെ തിരഞ്ഞെടുത്ത്, തൊള്ളായിരം ഇരുമ്പുരഥങ്ങളുമായി വരുന്ന യാബീന്റെ സേനാപതി സീസെരായെയും സൈന്യത്തെയും നേരിടുവാന്‍ കല്പിച്ചു. യഹോവ സീസെരായെയും അവന്റെ സകല സൈന്യത്തെയും ബാരാക്കിന്റെ മുമ്പില്‍ വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു. തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ച തന്റെ ജനം അവയെ ഉപേക്ഷിച്ച് അനുതപിച്ച് തങ്കലേക്ക് വന്നപ്പോള്‍ ദൈവം അവരെ ശത്രുവിന്റെ കൈയില്‍നിന്നു രക്ഷിച്ചു. തന്നോടു നിലവിളിച്ച തന്റെ ജനത്തിനുവേണ്ടി യഹോവയാം ദൈവം ഇടിയും മിന്നലും മഹാമാരിയും അവരുടെ ശത്രുക്കളുടെമേല്‍ അയച്ച് അവരെ ചിതറിച്ചു. കരകവിഞ്ഞൊഴുകിയ കീശോന്‍തോട് അവരെ വിഴുങ്ങിക്കളഞ്ഞു. 

                       ദൈവപൈതലേ! യിസ്രായേല്‍മക്കളെപ്പോലെ ശത്രുവിന്റെ പീഡനത്താല്‍ നീ ഞെരുക്കപ്പെടുന്നുവെങ്കില്‍ യഹോവയാം ദൈവത്തോടു നിലവിളിക്കുവാന്‍ നിനക്കു കഴിയുമോ? സീസെരായുടെ തൊള്ളായിരം ഇരുമ്പുരഥങ്ങളെയും മഹാസൈന്യത്തെയും തകര്‍ത്തു തന്റെ ജനത്തെ രക്ഷിച്ച സര്‍വ്വശക്തനായ ദൈവത്തിന് നിന്റെ പ്രബലനായ ശത്രുവിനെയും തകര്‍ക്കുവാന്‍ കഴിയുമെന്ന് നീ മനസ്സിലാക്കുമോ? പക്ഷേ ദൈവത്തെ മറന്നുള്ള നിന്റെ ജീവിതമുപേക്ഷിച്ച് കാരുണ്യവാനായ ദൈവത്തോടു നിലവിളിക്കുമ്പോള്‍ മാത്രമേ അവന്‍ നിനക്ക് ഉത്തരമരുളുകയുള്ളുവെന്ന് നീ ഓര്‍മ്മിക്കുമോ? 

ശത്രുവിന്‍ നുകം തകര്‍ത്തിടും 

യേശു നായകന്‍ 

തന്‍ ജനത്തെ വീണ്ടെടുക്കും 

രാജാധിരാജനവന്‍                           വീരനാം ദൈവം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com