അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 241 ദിവസം

മനുഷ്യന് ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ധനം ആവശ്യമാണ്. ഈ ഭൂമിയില്‍ ജീവിക്കുന്ന ഏതൊരു ആത്മികനും ഉണ്ണുവാനും ഉടുക്കുവാനും പാര്‍ക്കുവാനും ധനം ആവശ്യമാണ്. ദൈവത്തിന്റെ ശുശ്രൂഷകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ധനം ആവശ്യമാണ്. കര്‍ത്താവ് തന്റെ ശുശ്രൂഷയില്‍ ശിഷ്യനായ യൂദായെ ആണ് പണസ്സഞ്ചി ഏല്പിച്ചിരുന്നത് (യോഹന്നാന്‍  12 : 6). ഇവയൊക്കെയും മനുഷ്യജീവിതത്തില്‍ ധനം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കുന്നു. ന്യായമായ ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി ധനം സമ്പാദിക്കുന്നതിനെക്കുറിച്ചല്ല ഇവിടെ അപ്പൊസ്തലന്‍ പ്രതിപാദിക്കുന്നത്. പിന്നെയോ ധനത്തോടുള്ള ആസക്തി നിമിത്തം ജീവിതത്തില്‍ ധനസമ്പാദനത്തെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാക്കി മുമ്പോട്ടു പോകുന്നവര്‍ ന്യായമായ രീതിയില്‍പ്പോലും ധനം സമ്പാദിക്കുവാന്‍ ശ്രമിക്കുമ്പോള്‍, ദൈവത്തെക്കാളുപരിയായ സ്ഥാനം ധനസമ്പാദന ലക്ഷ്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. അവരുടെ ജീവിതത്തില്‍ ദൈവത്തിന്റെ പ്രാധാന്യം രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെടുന്നു. ദൈവത്തെ മറന്ന് ഏതു കുത്സിത മാര്‍ഗ്ഗത്തിലൂടെയും പണം സമ്പാദിക്കുവാന്‍ ഒരുമ്പെടുന്ന മനുഷ്യരും പാപത്തിന്റെ പെരുവഴിയിലേക്കാണ് ചുവടുവയ്ക്കുന്നതെന്ന് അപ്പൊസ്തലന്‍ ചൂണ്ടിക്കാണിക്കുന്നു. ധനം ജീവിതത്തിന്റെ പ്രഥമ ലക്ഷ്യമായി മാറുമ്പോള്‍ മനുഷ്യന്‍ അവന്റെ സമയവും പ്രയത്‌നവുമെല്ലാം ധനസമ്പാദനത്തിനായി വിനിയോഗിക്കുന്നു. അന്യായ മാര്‍ഗ്ഗങ്ങളിലൂടെ വരുമാനം വര്‍ദ്ധിക്കുമ്പോള്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാനോ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനോ കഴിയാതെ അനേകര്‍ ദൈവത്തില്‍ നിന്നകന്നുപോകുകയും അവരുടെ ദൈവകൃപ നഷ്ടപ്പെടുകയും ചെയ്യുന്നു. ധനസമ്പാദനത്തിനുള്ള ആര്‍ത്തി പാപത്തിന്റെ വ്യസനകരമായ ശിക്ഷകളാല്‍ ദു:ഖങ്ങള്‍ സമ്പാദിക്കുമെന്ന് അപ്പൊസ്തലന്‍ ഓര്‍മ്മിപ്പിക്കുന്നു. 

                             ദൈവപൈതലേ! ധനത്തോടുള്ള നിന്റെ സമീപനം എങ്ങനെയാണ്? പണം സമ്പാദിക്കുവാന്‍ നീ അത്യാര്‍ത്തിയുള്ളവനായിത്തീരുമ്പോള്‍ അത് നിന്നെ നിന്റെ ദൈവത്തില്‍നിന്ന് അകറ്റിക്കളയുമെന്നു നീ മനസ്സിലാക്കുമോ? ദൈവത്തില്‍നിന്നകന്ന് നീ വാരിക്കൂട്ടുന്ന സമ്പത്ത് നിനക്കു സമ്മാനിക്കുന്നത് നിന്നെ കുത്തിത്തുളയ്ക്കുന്ന ദു:ഖങ്ങളാണെന്ന് നീ ഓര്‍മ്മിക്കുമോ? 

പാപത്തിലോടിയെന്‍ കാല്‍കളെ, 

പാപം നിരൂപിച്ചയെന്‍ കണ്‍കളെ 

പാവന സ്‌നേഹത്താല്‍ മാറോടണച്ചയെന്‍ 

യേശുവിന്‍ സ്‌നേഹമവര്‍ണ്ണ്യമേ                          സ്‌നേഹ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com