അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ജീവിതം വഴിമുട്ടിനില്‍ക്കുന്ന ദുര്‍ഘട സാഹചര്യങ്ങളില്‍ തങ്ങളുടെ ബുദ്ധിയിലും യുക്തിയിലും സമ്പത്തിലുമുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ ചിലര്‍ നൈരാശ്യത്താല്‍ ജീവിതംതന്നെ മതിയാക്കാറുണ്ട്. ഇങ്ങനെയുള്ള കണ്ണീര്‍ താഴ്‌വരകളില്‍ അനേകര്‍ തിരക്കുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പുണ്യസങ്കേതങ്ങളിലും ഓടിയെത്താറുണ്ട്. തങ്ങളുടെ പഴയ മനുഷ്യന്റെ സ്വഭാവത്തോടു യാത്ര പറയാതെയുള്ള ഈ ഓട്ടംകൊണ്ട് ഒന്നും നേടുവാന്‍ കഴിയാതെവരുമ്പോള്‍ അവയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. എല്ലാ വാതിലുകളും അടഞ്ഞ് മുമ്പോട്ടു പോകുവാന്‍ വഴിയില്ലാതെ പലരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവിക ശുശ്രൂഷകളില്‍ അഭയം തേടാറുണ്ട്. കഴിഞ്ഞകാല ജീവിതത്തിന്റെ കുറവുകള്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് പുതിയ സൃഷ്ടികളായി തങ്ങളുടെ സങ്കടങ്ങളും വേദനകളും ഉപവാസത്തോടും പ്രാര്‍ത്ഥനയോടും അവര്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പരിശുദ്ധാത്മശക്തി പ്രാപിച്ച് മുമ്പോട്ടു പോകുമ്പോള്‍ അവര്‍ അതുവരെ ആയിരുന്ന ആത്മീയസമൂഹത്തിന്റെയും നേതൃത്വത്തിന്റെയും നിശിതമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നു. തന്നിമിത്തം സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങളാല്‍ അവര്‍ പിന്മാറ്റത്തിലേക്കു വീണുപോകുന്നു. സാഹചര്യങ്ങളുടെ പ്രലോഭനങ്ങളാല്‍ അവര്‍ പഴയ സ്വഭാവങ്ങളിലേക്കു വഴുതിപ്പോകുന്നു. അങ്ങനെയുള്ളവര്‍ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അത് അറിയാതിരിക്കുന്നതായിരുന്നു അവര്‍ക്കു നല്ലതെന്ന് പത്രൊസ്ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! ആരോരുമില്ലാതെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്നപ്പോള്‍ നിന്നെ കോരിയെടുത്ത കര്‍ത്താവിനെയും അതിനു മുഖാന്തരമൊരുക്കിയ സാഹചര്യങ്ങളെയും മറന്നുകൊണ്ടാണോ ഇന്നു നീ മുമ്പോട്ടു പോകുന്നത്? നീ നിലവിളിച്ച് കര്‍ത്താവിനെ ആശ്രയിച്ചപ്പോള്‍ അവന്‍ നിനക്കു തന്നതെല്ലാം നീ മറന്നാല്‍, അവന്‍ നിന്നെ തകര്‍ത്തുകളയുമെന്ന് ഈ അവസരത്തില്‍ ഓര്‍ക്കുമോ? കര്‍ത്താവിനോടും അവനെ കണ്ടെത്തിയ സാഹചര്യങ്ങളോടുമുള്ള നിന്റെ ഇന്നത്തെ സമീപനം എങ്ങനെ എന്ന് ഈ നിമിഷത്തില്‍ നീ പരിശോധിക്കുമോ? നീ അറിഞ്ഞ നീതിയുടെ വഴിയെ മറന്നുകളഞ്ഞിട്ടുണ്ടെങ്കില്‍ ഈ നിമിഷങ്ങളില്‍ കണ്ണുനീരോടെ കര്‍ത്താവിന്റെ സന്നിധിയിലേക്കു മടങ്ങിവരുവാന്‍ നിനക്കു കഴിയുമോ?
പാപങ്ങള്‍ പോക്കണം താതാ
അകൃത്യങ്ങള്‍ പൊറുക്കണം നാഥാ
യേശുവേ ഏഴയെ നീ
പുതുതാക്കീടേണമേ യേശുവേ നിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com