അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മക്കളുടെ ഭാവിജീവിതത്തെ സുരക്ഷിതമാക്കുവാനും അവര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാനും ഇന്നത്തെ മാതാപിതാക്കള്‍ രാപ്പകലില്ലാതെ ബദ്ധപ്പെടുന്നു. ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയെടുക്കുവാന്‍ ചെറുപ്പംമുതല്‍ അവര്‍ തങ്ങളുടെ മക്കളെ കഠിനമായി അദ്ധ്വാനിപ്പിക്കുകയും ധനം ധാരാളമായി ചെലവഴിക്കുകയും ചെയ്യുന്നു. ദൈവഭയമോ ഭക്തിയോ ഇല്ലാത്ത അവരുടെ ജീവിതത്തില്‍നിന്നു മക്കള്‍ക്ക് മഹാകാരുണ്യവാനായ ദൈവത്തെക്കുറിച്ച് യാതൊന്നും പഠിക്കുവാനോ പകര്‍ത്തുവാനോ കഴിയുന്നില്ല. ദൈവത്തെ മറന്നാല്‍ അവരുടെ മക്കളെയും മക്കള്‍ക്കുവേണ്ടി പടുത്തുയര്‍ത്തുന്ന ചില്ലുകൊട്ടാരങ്ങളെയും സര്‍വ്വശക്തനായ ദൈവം തകര്‍ത്തുകളയുമെന്ന് ദൈവത്തെ മറന്നു ജീവിച്ച യൊരോബെയാമിന്റെ അനുഭവം വിളിച്ചറിയിക്കുന്നു. ''എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും അനുസരിച്ച് എന്റെ ദൃഷ്ടിയില്‍ ശരിയായതു ചെയ്താല്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും. ഞാന്‍ ദാവീദിനു പണിതതുപോലെ നിനക്ക് സ്ഥിരമായൊരു ഗൃഹം പണിത് യിസ്രായേലിനെ നിനക്കു തരും'' (1 രാജാക്കന്മാര്‍ 11 : 38) എന്ന് യൊരോബെയാം രാജ്യഭാരം ഏറ്റെടുക്കുമ്പോള്‍ യഹോവ അവനോട് അരുളിച്ചെയ്തിരുന്നു. എന്നാല്‍ രാജാവായപ്പോള്‍ അവന്‍ അതു മറന്ന്, പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടികളെ ഉണ്ടാക്കി ബേഥേലിലും ദാനിലും പ്രതിഷ്ഠിച്ച് അവയെ ആരാധിക്കുവാന്‍ ജനത്തെ പ്രോത്സാഹിപ്പിച്ചു. തന്റെ കല്പന തിരസ്‌കരിച്ച് അന്യദൈവങ്ങളെ ആരാധിച്ച് യൊരോബെയാം മുമ്പോട്ടു പോയപ്പോള്‍ ദൈവം മൗനമായിരുന്നു. അവന്‍ പ്രബലനായി മുമ്പോട്ടു പോയപ്പോള്‍ യൊരോബെയാമിന്റെ മക്കളെയും അവന്റെ ഗൃഹത്തെയും മുഴുവനായി നശിപ്പിച്ചുകളഞ്ഞു.
സഹോദരാ! സഹോദരീ! നിന്റെ മക്കളുടെ ഭാവി യഥാസ്ഥാനപ്പെടുത്തുവാന്‍ രാപ്പകലില്ലാതെയുള്ള നിന്റെ അദ്ധ്വാനവും സമ്പാദ്യവും ദൈവത്തെ മറന്നിട്ടുള്ളതാണെങ്കില്‍ നീ അവര്‍ക്കു സമ്പാദിക്കുന്നത് നാശവും നഷ്ടവുമാണെന്ന് മനസ്സിലാക്കുമോ? ദൈവത്തെ കൂടാതെ മക്കള്‍ക്കുവേണ്ടി പടുത്തുയര്‍ത്തുന്ന പളുങ്കുകൊട്ടാരങ്ങളെ മക്കളോടും മാതാപിതാക്കളോടുമൊപ്പം തകര്‍ത്തുകളയുമെന്ന് യൊരോബെയാമിന്റെ അനുഭവത്തിലൂടെ നീ മനസ്സിലാക്കുമോ?
ആയുസ്സൊക്കെയും താവക നന്മയും
കാരുണ്യവും നല്കീടുമെന്‍ യഹോവ എന്നിടയന്‍
യാഹിന്‍ ഭവനമതില്‍ ഞാന്‍ നിത്യം പാര്‍ത്തിടും
പാടിടും ഞാനെന്നുമേ യഹോവ എന്നിടയന്‍ യഹോവ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com