അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

നാം ആപത്തുകളെയും അനര്‍ത്ഥങ്ങളെയും അഭിമുഖീകരിക്കുമ്പോള്‍ അവയില്‍നിന്നു വിടുതല്‍ പ്രാപിക്കുവാന്‍ അനേക സങ്കേതങ്ങളെ അഭയം തേടാറുണ്ട്. നാം പ്രതീക്ഷകളര്‍പ്പിച്ച സങ്കേതങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പലപ്പോഴും നമ്മുടെ ശാശ്വത സങ്കേതമായ ദൈവത്തിങ്കലേക്ക് നാം സഹായം തേടി ചെല്ലാറുള്ളത്. ദൈവത്തെ ബലമാക്കിയിരിക്കുന്ന ദൈവജനത്തിന് അവന്‍ സങ്കേതവും കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത തുണയും ആയിരിക്കുന്നു എന്ന് സങ്കീര്‍ത്തനക്കാരന്‍ പാടുന്നു. അസാധാരണമായി കടന്നുവരുന്നതും മനുഷ്യബുദ്ധിക്കതീതവും, തങ്ങളുടെ കഴിവുകള്‍കൊണ്ട് പരിഹാരം നേടുവാന്‍ കഴിയാത്തതുമായ പ്രതിബന്ധങ്ങളിലും പ്രതിസന്ധികളിലും ദൈവം ബലവും സങ്കേതവുമായിരിക്കുന്നതിനാല്‍ തങ്ങള്‍ ഭയപ്പെടുകയില്ലെന്ന് കോരഹ്പുത്രന്മാര്‍ പാടുന്നു. ''അതുകൊണ്ട് നാം ഭയപ്പെടുകയില്ല; ഭൂമി മാറിപ്പോയാലും, പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും അതിന്റെ കോപംകൊണ്ട് പര്‍വ്വതങ്ങള്‍ കുലുങ്ങിയാലുംതന്നെ'' എന്നുള്ള കോരഹ്പുത്രന്മാരുടെ പ്രഖ്യാപനം, അതിഭയാനകമായ ആപത്തിന്റെ അത്യുച്ചകോടിയിലും അത്യുന്നതനായ ദൈവം അവരുടെ സങ്കേതവും ബലവുമായിരിക്കുന്ന അനുഭവത്തെ വിളിച്ചറിയിക്കുന്നു. സൈന്യങ്ങളുടെ യഹോവ അവരോടുകൂടെയുണ്ടെന്നുള്ള ഉറച്ച വിശ്വാസമാണ് പ്രതിസന്ധികളുടെ നടുവിലൂടെ അവരെ നടത്തിയത്. അതുകൊണ്ടാണ് കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു എന്ന് കോരഹ്പുത്രന്മാര്‍ സാക്ഷിക്കുന്നത്.
ദൈവത്തിന്റെ പൈതലേ! കഷ്ടങ്ങളുടെയും കണ്ണുനീരിന്റെയും താഴ്‌വാരങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ കര്‍ത്താവ് നിന്റെ ഏറ്റവും അടുത്ത തുണയായിരിക്കുന്നു എന്നു പറയുവാന്‍ നിനക്കു കഴിയുമോ? അങ്ങനെ പറയുവാന്‍ കഴിയണമെങ്കില്‍ നിന്റെ ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളിലും കര്‍ത്താവ് നിന്റെ സങ്കേതമായിത്തീരണമെന്ന് നീ മനസ്സിലാക്കുമോ? തുണയായി ആരും ഇല്ലാതെ കഷ്ടങ്ങളുടെ നടുവില്‍ സങ്കടപ്പെട്ടുകൊണ്ടാണോ നീ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത് ? എങ്കില്‍ നിന്റെ ഭാരങ്ങളുമായി കര്‍ത്താവിനെ അഭയം തേടുവാന്‍ നിനക്കു കഴിയുമോ? അവന്‍ നിന്നെ ആശ്വസിപ്പിക്കും!
ആപത്തുകള്‍ അനവധിയായ് വരുമ്പോള്‍
ആകുലങ്ങള്‍ അനുദിനം പെരുകുമ്പോള്‍
ആഗതനാം എന്നരികില്‍
എന്‍ യേശു കര്‍ത്താവ്
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com