അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 235 ദിവസം

സര്‍വ്വശക്തനായ ദൈവം തന്റെ ജനത്തെ പാപവും മ്ലേച്ഛതയും നടമാടുന്ന ചുറ്റുവട്ടങ്ങളില്‍ ആക്കിയിരിക്കുമ്പോള്‍ ആ സാഹചര്യങ്ങള്‍ക്കനുരൂപമായി ജീവിക്കുന്നതില്‍ തെറ്റില്ലെന്ന് വാദിക്കുകയും, അവയില്‍ അലിഞ്ഞുചേര്‍ന്നു ജീവിക്കുകയും ചെയ്യുന്ന അനേക സഹോദരങ്ങളെ ഈ ലോകയാത്രയില്‍ കാണുവാന്‍ കഴിയും. ദൈവം അറിയാതെയല്ല തങ്ങളെ ഈ സാഹചര്യത്തിലേക്ക് അയച്ചിരിക്കുന്നതെന്നുള്ള വാദമുഖത്തോടെ ആ ദുര്‍ബ്ബലനിമിഷങ്ങളില്‍ പാപസാഹചര്യങ്ങളോട് ഇഴുകിച്ചേരുമ്പോള്‍ ദൈവസന്നിധിയിലുള്ള തങ്ങളുടെ വിശുദ്ധിയും വിശ്വസ്തതയും നഷ്ടപ്പെടുകയാണെന്ന് അധികമാരും ചിന്തിക്കാറില്ല. അങ്ങനെയുള്ള ജീവിതസാഹചര്യങ്ങള്‍, ഒരു ദൈവപൈതലിന്റെ വിശുദ്ധിയും വിശ്വസ്തതയും ദൈവസന്നിധിയില്‍ തെളിയിച്ച്, സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളുടെ കൊടുമുടികള്‍ കീഴടക്കുവാനുള്ള ചവിട്ടുപടികളാണെന്ന് മനസ്സിലാക്കുന്നവര്‍ ചുരുക്കമാണ്. ബാബിലോണ്‍രാജാവായ നെബൂഖദ്‌നേസര്‍ യെരൂശലേമില്‍നിന്നു പിടിച്ചുകൊണ്ടുപോയ അടിമകളില്‍നിന്ന് ദാനീയേല്‍, ഹനന്യാവ്, മീശായേല്‍, അസര്യാവ് എന്നീ യുവാക്കളെ തിരഞ്ഞെടുത്ത് കല്ദയവിദ്യകളില്‍ അഭ്യസനം നല്‍കുവാനായി അവരെ തന്റെ കൊട്ടാരത്തില്‍ രാജഭോജനം നല്‍കി പാര്‍പ്പിക്കുവാന്‍ കല്പിച്ചു. എന്നാല്‍ അതു തന്നെ അശുദ്ധനാക്കി വിശുദ്ധനായ ദൈവത്തില്‍നിന്ന് അകറ്റുമെന്ന് അറിയാമായിരുന്ന ദാനീയേല്‍, രാജാവില്‍നിന്നുമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭയപ്പെടാതെ അവയെ നിരസിച്ച്, സസ്യാഹാരം മാത്രം ഭക്ഷിച്ച്, ആ വലിയ പരീക്ഷയെ അതിജീവിച്ചു. 

                             ദൈവത്തിന്റെ പൈതലേ! പാപം നിറഞ്ഞ സാഹചര്യങ്ങളിലേക്കും, ദൈവത്തെ മറന്നു ജീവിക്കുന്ന സ്‌നേഹിതരുടെ നടുവിലേക്കും നിന്നെ ദൈവം അയയ്ക്കുമ്പോള്‍, ആ സമ്മര്‍ദ്ദങ്ങളില്‍ നിന്റെ വിശുദ്ധിയും ദൈവത്തോടുള്ള നിന്റെ വിശ്വസ്തതയും നഷ്ടപ്പെട്ടിട്ടുണ്ടോ? രാജാവിന്റെ അപ്രീതിയോ അതു നിമിത്തമുണ്ടാകാവുന്ന ഭവിഷ്യത്തുകളോ ഭയപ്പെടാതെ തന്റെ വിശുദ്ധി സൂക്ഷിച്ച ദാനീയേലിനെ ബാബേല്‍സംസ്ഥാനത്തിന്റെ അധിപതിയായി ഉയര്‍ത്തിയ ദൈവത്തിന് നിന്നെയും ഉയര്‍ത്തുവാന്‍ കഴിയുമെന്ന് നീ ഓര്‍മ്മിക്കുമോ? 

ഭീഷണികള്‍ നടുവിലും ഞാന്‍

ഭീരുവാകില്ലൊരിക്കലും

യേശുവേ ഘോഷിക്കും പാരില്‍                    യേശുവെന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com