അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 234 ദിവസം

ബലവാന്മാരുടെ അതിക്രമംകൊണ്ടും ആക്രമണംകൊണ്ടും മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടുമ്പോള്‍ തങ്ങളുടെ ബലഹീനമായ അവസ്ഥയില്‍ അനേകര്‍ തങ്ങളുടെ ആശ്രയവും അത്താണിയുമായ ദൈവത്തോടു നിലവിളിക്കാറുണ്ട്. ദൈവത്തിന്റെ വിളികേട്ടിറങ്ങിത്തിരിച്ച് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവത്തിന്റെ ജനത്തിന് എക്കാലവും നേരിടേണ്ടിവരുന്നത് ആത്മീയവേഷം ധരിച്ചിരിക്കുന്ന ബലവാന്മാരുടെ അപവാദങ്ങളും അപഹാസങ്ങളും നിറഞ്ഞ ആക്രമണങ്ങളെയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാത്രങ്ങളായിത്തീരുന്ന തന്റെ ജനത്തിന്റെ നിലവിളി കേള്‍ക്കുന്ന സര്‍വ്വശക്തനായ ദൈവം ബലവാന്മാരുടെ ബലമായ വില്ല് ഒടിച്ച് അവരെ നിരായുധരാക്കി ബലം തകര്‍ത്ത്, ഇടറിയവരെ ബലം ധരിപ്പിക്കുന്നുവെന്ന് ഹന്നാ പാടുന്നു. ദൈവം അവളുടെ ഗര്‍ഭം അടച്ചിരുന്നതിനാല്‍ ഒരു കുഞ്ഞില്ലാതിരുന്ന അവളെ പെനിന്നാ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് സഹിക്കാനാവാതെ അവള്‍ യഹോവയോടു നിലവിളിച്ചു. തനിക്ക് ഒരു കുഞ്ഞിനെ നല്‍കുകയാണെങ്കില്‍ അതിനെ യഹോവയ്ക്കായി സമര്‍പ്പിക്കാമെന്ന് അവള്‍ യഹോവയുടെ സന്നിധിയില്‍ കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ''യഹോവ അവളെ ഓര്‍ത്തു.'' അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. തന്റെ നിലവിളിയുടെ ശബ്ദം കേട്ട യഹോവയുടെ സന്നിധിയില്‍ തന്റെ വാക്കനുസരിച്ച് യഹോവ നല്‍കിയ മകനെ സമര്‍പ്പിച്ചപ്പോള്‍ ഹന്നാ പ്രാര്‍ത്ഥിച്ചത് ''വീരന്മാരുടെ വില്ല് ഒടിഞ്ഞു പോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു'' എന്നാണ്. അവള്‍ ദൈവത്തിന് സമര്‍പ്പിച്ച തന്റെ മകനായ ശമൂവേല്‍ ദൈവത്തിന്റെ പ്രവാചകനും ന്യായാധിപനുമായിത്തീര്‍ന്നു. 

                            ദൈവത്തിന്റെ പൈതലേ! ദൈവത്തിന്റെ ശബ്ദം കേട്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന നീ ബലവാന്മാരുടെ വില്ലുകളാല്‍ വേദനിക്കുന്ന ശരീരവും, തകര്‍ന്ന മനസ്സുമായിട്ടാണോ ദൈവസന്നിധിയില്‍ ഹന്നായെപ്പോലെ നിലവിളിക്കുന്നത് ? ധൈര്യമായിരിക്കൂ! ഹന്നായെ ഓര്‍ത്ത ദൈവം നിന്നെ ഒരിക്കലും മറക്കുകയില്ല. നീ ആരാധിക്കുന്ന ദൈവം വീരന്മാരുടെ വില്ല് ഒടിച്ച് ഇടറിയവരെ ബലം ധരിപ്പിക്കുന്നവനാണെന്ന് നീ മനസ്സിലാക്കുമോ? 

അപവാദങ്ങള്‍ അപമാനങ്ങള്‍ 

ഏറിയാലും എന്‍ മനമേ 

സത്യത്തെ കാട്ടുമീശനെ സ്തുതി 

ദിനവും എന്‍ മനമേ                           സ്തുതി...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com