അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 233 ദിവസം

പേമാരിയെയും പെരുവെള്ളത്തെയും തടഞ്ഞുനിര്‍ത്തുവാനോ നിയന്ത്രിക്കുവാനോ മനുഷ്യന്റെ പ്രയത്‌നങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്നില്ല. അവ സൃഷ്ടിക്കുന്ന പ്രവാഹങ്ങളും പ്രളയങ്ങളും മനുഷ്യന്റെ നേട്ടങ്ങളെയും കോട്ടകളെയും ഒഴുക്കിക്കളയുന്നു. അവന്റെ ജീവന്‍ അവയില്‍ മുങ്ങിത്താണുപോകുന്നു. മാനുഷിക ബുദ്ധിക്കോ യുക്തിക്കോ ശക്തിക്കോ തടഞ്ഞുനിര്‍ത്താനാവാത്ത ജലപ്രവാഹത്തിന്റെ നടുവിലും മനുഷ്യനില്‍ ആശ്രയിക്കാതെ ദാവീദ് ദൈവത്തോടു വിളിച്ചപേക്ഷിക്കുന്നു. ''ദൈവമേ, എന്നെ രക്ഷിക്കണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. ഞാന്‍ നിലയില്ലാത്ത ആഴമുള്ള ചേറ്റില്‍ താഴുന്നു.'' (സങ്കീര്‍ത്തനങ്ങള്‍  69 : 1, 2) എന്നു നിലവിളിക്കുന്ന ദാവീദ് ദൈവത്തെ മാത്രം ശരണമാക്കിയിരിക്കുന്ന ഏവര്‍ക്കും മഹത്തായ മാതൃകയാണ്. നീന്തല്‍ അഭ്യസിച്ചിരുന്നാലും കായിക ബലമുണ്ടായിരുന്നാലും അതിശക്തമായ പെരുവെള്ളത്തില്‍ താണുകൊണ്ടിരിക്കുന്ന അവസ്ഥയില്‍നിന്നു സ്വയം രക്ഷപ്പെടുവാനോ മറ്റൊരുവന് അവനെ രക്ഷപ്പെടുത്തുവാനോ കഴിയുകയില്ല. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളില്‍ ''ദൈവമേ എന്നെ രക്ഷിക്കണമേ'' എന്ന് നിലവിളിക്കുന്ന ദാവീദ്, ഒരു ദൈവപൈതലിന്റെ മാതൃകയാകണം. അവന്റെ നിലവിളിയുടെ മാറ്റൊലി സ്വര്‍ഗ്ഗത്തില്‍ മുഴങ്ങി. സിംഹത്തെയും കരടിയെയും മല്ലനായ ഗൊല്യാത്തിനെയും കീഴടക്കുവാന്‍ തന്നില്‍ പ്രവര്‍ത്തിച്ച ദൈവത്തിന്റെ കരം ഏതു പ്രതിസന്ധിയിലും തന്നെ രക്ഷിക്കുമെന്ന് ദാവീദിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് ''അവന്‍ ഉയരത്തില്‍നിന്ന് കൈ നീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന് എന്നെ വലിച്ചെടുത്തു'' (സങ്കീര്‍ത്തനങ്ങള്‍  18 : 16) എന്ന് ദാവീദ് തന്റെ സകല ശത്രുക്കളില്‍നിന്നും ദൈവം അവനെ വിടുവിച്ചപ്പോള്‍ പാടിയത്. 

                       ദൈവത്തിന്റെ പൈതലേ! മനുഷ്യനു രക്ഷിക്കുവാന്‍ കഴിയാത്ത രീതിയില്‍ ശത്രുക്കളുടെ ഉപദ്രവങ്ങളും പീഡനങ്ങളുമാകുന്ന പെരുവെള്ളങ്ങളില്‍ നീ മുങ്ങിത്താണുകൊണ്ടിരിക്കുകയാണോ? എങ്കില്‍ ഈ സമയം നിന്നെ ഓമനപ്പേരു ചൊല്ലി വിളിച്ച ദൈവത്തോട് ''ദൈവമേ എന്നെ രക്ഷിക്കണമേ'' എന്ന് നിനക്കു നിലവിളിക്കുവാന്‍ കഴിയുമോ? അപ്പോള്‍ നിസ്സഹായനായ നിന്റെ നിലവിളിക്കു മുമ്പില്‍ അവന്‍ കൈ നീട്ടി, പ്രശ്‌നങ്ങളുടെ നടുവില്‍നിന്നു നിന്നെ വലിച്ചെടുക്കുമെന്നു നീ മനസ്സിലാക്കുമോ? 

ലോകത്തിന്‍ പീഡനങ്ങളേറിടുമ്പോള്‍

ലോകത്തിന്നധിപന്മാര്‍ തള്ളിടുമ്പോള്‍

പ്രാര്‍ത്ഥന കേട്ടെന്‍ സന്താപമകറ്റി

സാന്ത്വനമേകിടുന്നു ദൈവം                          നാളുകളേ....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com